
രണ്ട് പതിറ്റാണ്ടിലേറെയായി മലയാളി ബിഗ് സ്ക്രീനിലും ടെലിവിഷനിലും ഒരുപോലെ കാണുന്ന മുഖമാണ് പ്രവീണയുടേത്. ടൈപ്പ് കാസ്റ്റിംഗ് എന്ന കുടുക്കില്‍ പലപ്പൊഴും കരിയര്‍ പെട്ടുപോയിട്ടുണ്ടെങ്കിലും പ്രേക്ഷകരില്‍ അവര്‍ക്കുള്ള സ്വീകാര്യത കുറഞ്ഞിട്ടില്ല. രണ്ട് പതിറ്റാണ്ട് നീളുന്ന കരിയറിലെ തന്‍റെ തെരഞ്ഞെടുപ്പുകളെ സ്വാധീനിച്ച ഒരു ഉപദേശത്തെക്കുറിച്ച് പറയുകയാണ് പ്രവീണ. മമ്മൂട്ടിയാണ് കരിയറിന്‍റെ തുടക്കത്തില്‍ തനിക്ക് ഏറെ വിലപ്പെട്ട ആ ഉപദേശം നല്‍കിയതെന്ന് പറയുന്നു അവര്‍. ടൈംസ് ഓഫ് സിനിമ എന്ന തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം ഓര്‍മ്മിക്കുന്നത്.
പ്രവീണ പറയുന്നു..
സിനിമകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ തുടക്കം മുതലേ സെലക്ടീവ് ആയിരുന്നു. കരിയറിന്‍റെ തുടക്കത്തില്‍ സെലക്ട് ചെയ്യുന്ന നാല് സിനിമകള്‍ നന്നായിരുന്നാല്‍ പിന്നീട് വരുന്നവയും അതേ ഗണത്തില്‍പ്പെട്ടവയാവും. സെലക്ഷന്‍ തുടക്കത്തിലേ പിഴച്ചാല്‍ പിന്നീടെത്തുന്ന സിനിമകളും അത്തരത്തിലുള്ളതാവും. മമ്മൂട്ടിസര്‍ പറഞ്ഞുതന്ന വിലപ്പെട്ട ഒരു ഉപദേശമുണ്ട് ഇക്കാര്യത്തില്‍.
എഴുപുന്ന തരകനില്‍ മമ്മൂട്ടി സാറിന്‍റെ പെങ്ങളായി അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് നായികയായി രണ്ട് സിനിമകളിലേക്ക് ഓഫര്‍ വന്നു. ഷൂട്ടിംഗ് സെറ്റില്‍ എന്നോടൊപ്പം അച്ഛനും അമ്മയുമുണ്ടായിരുന്നു. ഒരുദിവസം ഷൂട്ടിംഗ് കഴിഞ്ഞ് റൂമില്‍ ചെന്നപ്പോള്‍ നായികയുടെ ഓഫര്‍ നല്‍കിയ സംവിധായകന്‍ വിളിച്ചു. അച്ഛനാണ് ഫോണ്‍ എടുത്തത്. പ്രവീണയ്ക്ക് ഫോണ്‍ കൊടുക്കാനും സിനിമയുടെ കഥ പറയാനാണെന്നും സംവിധായകന്‍ പറഞ്ഞു. എന്നാല്‍ കഥ തന്നോട് പറഞ്ഞാല്‍ മതിയെന്നും മകളോട് താന്‍ പറഞ്ഞോളാമെന്നുമായിരുന്നു അച്ഛന്‍റെ നിലപാട്. എനിക്കന്ന് പതിനെട്ട് വയസ്സേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ എന്നോട് തന്നെ സംസാരിക്കണമെന്ന് അയാള്‍ പറഞ്ഞു. അപ്പോള്‍ അച്ഛന്‍ ദേഷ്യപ്പെട്ടു. നിങ്ങളുടെ സിനിമയില്‍ അവള്‍ അഭിനയിക്കുന്നില്ലെന്നുംപറഞ്ഞ് ഫോണ്‍ വച്ചു.
പിറ്റേന്ന് സെറ്റില്‍ ഞാനാകെ മൂഡോഫ് ആയാണ് പോയത്. എന്താണ് കാര്യമെന്ന് മമ്മൂട്ടി സാര്‍ ചോദിച്ചു. ഞാന്‍ കാര്യം പറഞ്ഞു. ആരാണ് വിളിച്ച സംവിധായകനെന്ന് ചോദിച്ചു. പുള്ളിയുടെ നമ്പരെടുത്ത് സ്വന്തം മൊബൈലില്‍നിന്ന് വിളിച്ചു. പ്രവീണ എന്ന പുതിയൊരു കുട്ടിയെ നിങ്ങളുടെ പുതിയ സിനിമയില്‍ നായികയാക്കുന്നുണ്ടോ എന്ന് ചോദിച്ചു. 'ഉങ്ക പടത്തില്‍ അന്ത പെണ്ണിനി വരമാട്ടെ' എന്ന് പറഞ്ഞു. നിങ്ങളുടേത്പോലെയുള്ള കച്ചറ സിനിമകളിലൊന്നും ആ കുട്ടി അഭിനയിക്കില്ലെന്നും അത് നല്ല കുടുംബത്തില്‍ പിറന്ന പെണ്ണാണെന്നും പറഞ്ഞു.
ഇതൊക്കെ കേട്ട് ഞാന്‍ ആകെ ഷോക്ക് ആയി. എന്‍റെ ഭാവം കണ്ടപ്പോള്‍ മമ്മൂട്ടി സര്‍ വിശദീകരിച്ചു. "നീ ചെറിയ കുട്ടിയാണ്. ഇന്‍റസ്ട്രിയിലേക്ക് ഇപ്പോള്‍ വന്നിട്ടേയുള്ളൂ. ഇതുപോലെ ഒരുപാട് കോളുകള്‍ വരും. കഥയും സംവിധായകരെയുമൊക്കെ നോക്കി വളരെ ശ്രദ്ധിച്ച് സിനിമകള്‍ തെരഞ്ഞെടുത്താല്‍ നന്നായിവരുമെന്ന് പറഞ്ഞു." കഴിഞ്ഞ 20 വര്‍ഷങ്ങളായി മമ്മൂട്ടി നല്‍കിയ ഉപദേശം താന്‍ പാലിക്കുന്നുണ്ടെന്നും അതിന് അദ്ദേഹത്തോട് ഏറെ നന്ദിയുണ്ടെന്നും പറയുന്നു പ്രവീണ.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ