Latest Videos

ഡബ്ല്യുസിസിയുടെ ഹര്‍ജി; 'അമ്മ'യ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

By Web TeamFirst Published Oct 17, 2018, 5:18 PM IST
Highlights

സിനിമയില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിന് പരാതി പരിഹാര സമിതി രൂപീകരിക്കണമെന്നാണ് വനിതാ സംഘടനയുടെ ആവശ്യം.

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി സമര്‍പ്പിച്ച ഹര്‍ജിയില്‍ താരസംഘടനയായ 'അമ്മ'യ്ക്കും സര്‍ക്കാരിനും ഹൈക്കോടതിയുടെ നോട്ടീസ്. മലയാള സിനിമയില്‍ ആഭ്യന്തര പരാതി പരിഹാര സമിതി (ഐസിസി) രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഡബ്ല്യുസിസി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നോട്ടീസ്. ഈ വിഷയത്തില്‍ 'അമ്മ'യും സര്‍ക്കാരും ഈ മാസം 24നകം മറുപടി നല്‍കണം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 

സിനിമയില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിന് പരാതി പരിഹാര സമിതി രൂപീകരിക്കണമെന്നാണ് വനിതാ സംഘടനയുടെ ആവശ്യം. തൊഴിലിയങ്ങളിലെ ലൈംഗികപീഡനം തടയാനായി 2013ല്‍ പാര്‍ലമെന്റ് പ്രത്യേക നിയമം കൊണ്ടുവന്നിരുന്നു. ഇത് നടപ്പാക്കാത്ത 'അമ്മ'യുടെ നടപടി ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം.

നിര്‍മ്മാതാക്കളുടെയും തിരക്കഥാകൃത്തുക്കളുടെയും കൂട്ടായ്മകളായ സ്‌ക്രീന്‍ റൈറ്റേഴ്‌സ് അസോസിയേഷനും പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡും ഐസിസി രൂപീകരിച്ചിട്ടും 'അമ്മ' ഇക്കാര്യത്തില്‍ ഉപേക്ഷ വിചാരിക്കുകയാണെന്നാണ് ഡബ്ല്യുസിസിയുടെ വിമര്‍ശനം. നടിമാരായ റിമ കല്ലിങ്കലും പത്മപ്രിയയുമാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. 'അമ്മ'യ്ക്ക് പ്രത്യേക ദൂതന്‍ വഴി നോട്ടീസ് അയയ്ക്കാന്‍ കോടതി ഉത്തരവിട്ടു. 

click me!