'വനിതാ മതിലിന് ഒപ്പം നില്‍ക്കാന്‍ കാരണമുണ്ട്'; 'സുഡാനിയിലെ ഉമ്മ' പറയുന്നു

By Web TeamFirst Published Jan 1, 2019, 7:47 PM IST
Highlights

'നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം. പണ്ടത്തെ ആചാരം കുറേയൊക്കെ മാറിയില്ലേ, ഇന്ന് കാണുന്ന കേരളമായിരുന്നോ പണ്ട്? അല്ലല്ലോ, അപ്പോള്‍ ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒക്കെ മാറണം.'
 

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണമെന്ന സന്ദേശവുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാ മതിലിന്റെ ഭാഗമായതിന് തനിക്ക് തന്റേതായ കാരണമുണ്ടെന്ന് നടി സാവിത്രി ശ്രീധരന്‍. സ്ത്രീ പുരുഷ സമത്വം ഉറപ്പുവരുത്തുക എന്നത് വളരെ നിര്‍ണായകമായ കാര്യമാണെന്നും അന്ധവിശ്വാസങ്ങള്‍ സമൂഹത്തില്‍ നിന്ന് മാറണമെന്നും സാവിത്രി പറഞ്ഞു.

'നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം. പണ്ടത്തെ ആചാരം കുറേയൊക്കെ മാറിയില്ലേ, ഇന്ന് കാണുന്ന കേരളമായിരുന്നോ പണ്ട്? അല്ലല്ലോ, അപ്പോള്‍ ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒക്കെ മാറണം.' വനിതാ മതിലില്‍ പങ്കെടുക്കാനുണ്ടായ സാഹചര്യം, വ്യക്തിപരമായി എന്താണെന്ന ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ സാവിത്രി.

ചില വനിതകള്‍ 'അയ്യപ്പജ്യോതി'യിലും പങ്കെടുക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിനുള്ള സാവിത്രിയുടെ പ്രതികരണം ഇങ്ങനെ.. സ്ത്രീകള്‍ വരുന്നതുകൊണ്ട് എന്താണ് കുഴപ്പം? സ്ത്രീകള്‍ക്കറിയാം എപ്പോള്‍ പോകണമെന്നും എപ്പോള്‍ പോകാതിരിക്കണമെന്നും. അവര്‍ക്ക് നല്ല ബോധ്യമുണ്ട്. അയ്യപ്പക്ഷേത്രങ്ങള്‍ വേറെയും ഉണ്ടല്ലോ. അവിടെയൊക്കെ സ്ത്രീകള്‍ പോകുന്നില്ലേ? അതുകൊണ്ട് ആ ക്ഷേത്രങ്ങളിലെ അയ്യപ്പന് ബ്രഹ്മചര്യം നഷ്ടപ്പെട്ടോ, ഇല്ലല്ലോ. അതുപോലെതന്നെയല്ലേ ഇതും. വ്യത്യാസമുണ്ടോ', സാവിത്രി ശ്രീധരന്‍ ചോദിക്കുന്നു.

click me!