ഏഴാം വയസ്സില്‍ ആക്രമിക്കപ്പെട്ടു, 16ാം വയസ്സില്‍ ബലാത്സംഗം ചെയ്യപ്പെട്ടു; തുറന്ന് പറഞ്ഞ് പദ്മ ലക്ഷ്മി

By Web TeamFirst Published Sep 26, 2018, 9:30 AM IST
Highlights

''ഉണര്‍ന്നപ്പോള്‍ കാലുകള്‍ക്കിടയില്‍ കത്തികുത്തിയിറക്കിയ വേദനയാണ് അനുഭവപ്പെട്ടത്. എന്‍റെ മേല്‍ അയാള്‍ കിടക്കുന്നുണ്ടായിരുന്നു. നിങ്ങളെന്താണ് ചെയ്തതെന്ന ചോദ്യത്തിന്...''

ന്യൂയോര്‍ക്ക്: കൗമാരത്തില്‍ തനിക്ക് നേരിട്ട ലൈംഗിക അതിക്രമം തുറന്ന് പറഞ്ഞ് അമേരിക്കന്‍ ടിവി അവതാരികയും മോഡലും എഴുത്തുകാരിയുമായ പദ്മ ലക്ഷ്മി. ആദ്യമായി ലൈംഗികമായി ആക്രമിക്കപ്പെട്ടത് ഏഴാം വയസ്സിലാണെന്നും ബലാത്സംഗം ചെയ്യപ്പെട്ടത് 16ാം വയസ്സിലാണെന്നും ലക്ഷ്മി പറഞ്ഞു. 

തന്‍റെ പതിനാറാം വയസ്സില്‍ 23 വയസ്സുകാരനുമായി ഡേറ്റിംഗിലായിരുന്നു ലക്ഷ്മി. എന്നാല്‍ മാസങ്ങള്‍ക്കുളളില്‍ അയാള്‍ ഉറങ്ങിക്കിടന്ന തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ലക്ഷ്മി വ്യക്തമാക്കി. ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് പദ്മ ലക്ഷ്മി കൗമാരത്തില്‍ താന്‍ അനുഭവിച്ച ലൈംഗിക പീഡനങ്ങള്‍ തുറന്ന് പറ‍ഞ്ഞത്. 

പരസ്പരം വളരെ അടുപ്പത്തിലായിരുന്നു ഞങ്ങള്‍. ഒരിക്കലും നേരം വൈകി വീട്ടിലേക്ക് കൊണ്ടുപോയിട്ടില്ല. ഞാന്‍ കന്യകയാണെന്ന് അയാള്‍ക്ക് അറിയാമായിരുന്നു.  മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ന്യൂ ഇയര്‍ രാത്രി, ആഘോഷങ്ങള്‍ക്ക് ശേഷം രാത്രിയില്‍ അയാളുടെ ഫ്ളാറ്റില്‍ കിടന്ന് ഉറങ്ങിപ്പോയി. ഉണര്‍ന്നപ്പോള്‍ കാലുകള്‍ക്കിടയില്‍ കത്തികുത്തിയിറക്കിയ വേദനയാണ് അനുഭവപ്പെട്ടത്. എന്‍റെ മേല്‍ അയാള്‍ കിടക്കുന്നുണ്ടായിരുന്നു. നിങ്ങളെന്താണ് ചെയ്തതെന്ന ചോദ്യത്തിന് വേദന കുറച്ച് നേരത്തിന് മാത്രമേ ഉണ്ടാകൂ എന്നായിരുന്നു അയാളുടെ മറുപടി - ലക്ഷ്മി ഓര്‍മ്മിച്ചു. 

അന്ന് ബലാത്സംഗത്തെ കുറിച്ച് അറിയില്ലായിരുന്നു. ആ രാത്രി നടന്നത് ലൈംഗിക ബന്ധമാണോ ലൈംഗിക പീഡനമാണോ എന്ന് പോലും മനസ്സിലായിരുന്നില്ല. വൈകാരികമായി താന്‍ കന്യകയായിരുന്നു. പിന്നീടുള്ള സുഹൃത്തുക്കളോടെല്ലാം കന്യകയാണെന്ന് തന്നെയാണ് പറഞ്ഞിരുന്നതെന്നും ലക്ഷ്മി പറഞ്ഞു. 

തന്‍റെ ഏഴാം വയസ്സില്‍ എങ്ങനെയാണ് ആദ്യമായി ആക്രമിക്കപ്പെട്ടതെന്നും അവര്‍ വ്യക്തമാക്കി. ഒരു ബന്ധു തന്നെ മോശമായ രീതിയില്‍ സ്പര്‍ശിക്കുകയും അയാളുടെ ലൈംഗികാവയവത്തില്‍ കൈകൊണ്ട് പിടിപ്പിക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍ തന്‍റെ അമ്മയോടും രണ്ടാനച്ഛനോടും ഇക്കാര്യം വ്യക്തമാക്കിയപ്പോള്‍ അവര്‍ തന്നെ മുത്തശ്ശനും മുത്തശ്ശിയ്ക്കുമൊപ്പം ഇന്ത്യയിലേക്ക് പറഞ്ഞയച്ചു. താന്‍ നേരിടുന്ന ചൂഷണം പുറത്ത് പറഞ്ഞാല്‍ നീക്കം ചെയ്യപ്പെടുമെന്ന പാഠമാണ് ഇത് നല്‍കിയതെന്നും ലക്ഷ്മി വ്യക്തമാക്കി. 

click me!