
രാജ്യാന്തര ചലച്ചിത്രമേളക്ക് നാളെ തിരശ്ശീല വീഴാനിരിക്കെ പ്രേക്ഷകർ നിശ്ചയിക്കുന്ന മികച്ച സിനിമക്കുള്ള വോട്ടിംഗ് പുരോഗമിക്കുന്നു. നാളെ വൈകീട്ട് ആറിന് നിശാഗന്ധിയിൽ മികച്ച ചിത്രത്തിനുള്ള സുവർണ്ണ ചകോരം അടക്കമുള്ള പുരസ്ക്കാരങ്ങൾ മുഖ്യമന്ത്രി സമ്മാനിക്കും.
ക്ലാഷോ, സിങ്കോ, കോൾഡ് ഓഫ് കലാണ്ടറോ, വേർ ആർ മൈ ഷൂസോ, കാട് പൂക്കുന്ന നേരമോ മാൻഹോളോ? അതോ മറ്റേതെങ്കിലും ചിത്രമോ? ഇത്തവണ സുവർണ്ണ ചകോരം ഏത് സിനിമക്കായിരിക്കും എന്ന ചർച്ചയാണ് മേളയിൽ. മേള ഏറ്റെടുത്ത സിനിമകൾ അവസാനവട്ടം കാണാനുള്ള തിരക്കാണ് തിയേറ്ററുകളിൽ.
ദേശീയ ഗാനവിവാദം കരിനിഴൽ വീഴ്ത്തിയെങ്കിലും മികച്ച നിലവാരം പുലർത്തിയ ഒരുപിടി സിനിമകളുടെ പേരിലാണ് ഇരുപത്തിയൊന്നാം മേള ഓർമ്മിക്കപ്പെടുക. കുടിയേറ്റം പ്രമേയമായ പാക്കേജ് നിറഞ്ഞ കയ്യടി നേടി. ലിംഗസമത്വം ആധാരമായ സിനിമകളും നിരാശപ്പെടുത്തിയില്ല. ഭിന്നലിംഗക്കാരെ കൂടി പ്രതിനിധികളാക്കിയതും മേളയുടെ സവിശേഷത.
സുവർണ്ണ ചകോരവും നെറ്റ് പാക്ക്, ഫിപ്രസി പുരസ്ക്കാരങ്ങളും പ്രേക്ഷകർ തെരഞ്ഞെടുത്ത സിനിമക്കുള്ള അവാർഡുകളും നാളെ വൈകീട്ട് ആറിന് നിശാഗന്ധിയിൽ പ്രഖ്യാപിക്കും.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ