ഓര്‍മ്മയില്‍ ജോണ്‍ എബ്രഹാം

Published : May 31, 2016, 04:03 AM ISTUpdated : Oct 05, 2018, 01:12 AM IST
ഓര്‍മ്മയില്‍ ജോണ്‍ എബ്രഹാം

Synopsis

അവധൂതന്‍. നിഷേധി. കള്ളുകുടിയന്‍. അരാജകവാദി. ബുദ്ധിജീവി - പലര്‍ക്കും പലതായിരിക്കും ജോണ്‍ എബ്രഹാം. പലകുറി പകല്‍ കത്തിത്തീര്‍ന്നാലും രാവിരുട്ട് മാഞ്ഞാലും തീരാത്രത്ത കഥകള്‍ പറയാനുണ്ടാകും ജോണിനെക്കുറിച്ച്. പക്ഷേ ആ പലമകളില്‍ ഒരു ഏകതയുണ്ട്. നടപ്പുകാഴ്‍ചശീലങ്ങളെ പിടിച്ചുകുലുക്കിയ ചലച്ചിത്രഭാഷ പടച്ചവന്‍ എന്ന പെരുമയാണ് അത്.

നാല് സിനിമകള്‍ മാത്രമായിരുന്നു ആ വിശുദ്ധ കലാപകാരി പടച്ചത് - വിദ്യാര്‍ഥികളെ ഇതിലേ ഇതിലേ, അഗ്രഹാരത്തിലെ കഴുതൈ, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍, അമ്മ അറിയാന്‍ എന്നിവ. സിനിമ മാത്രം മേല്‍വിലാസമായി സ്വീകരിച്ച ആ ഒറ്റയാന്റെ പ്രതിഭയുടെ തലയെടുപ്പറിയാന്‍ അത് മതിയാവോളവുമാണ്.

വിദ്യാര്‍ഥികളെ ഇതിലേ ഇതിലേയിലൂടെയായിരുന്നു തുടങ്ങിയതെങ്കിലും തമിഴകത്ത് അഗ്രഹാരത്തിലേക്കു ഒരു കഴുതയെ നടത്തിക്കയറ്റിയാണ് ജോണ്‍ ആഴത്തില്‍ നയം വ്യക്തമാക്കിയത്. വ്യക്തമായ ഒരു സാമൂഹ്യദര്‍ശനത്തില്‍ ഊന്നിയ അഗ്രഹാരത്തില്‍ കഴുതൈ വിപ്ലവകലയായി മാറി സര്‍ഗ്ഗാത്മകതയുടെ കൊടിമുടി കയറുകയാണ് ചെയ്‍തത്. നവസിനിമകളില്‍ അന്ന് മറ്റൊന്നിനോടും സാദൃശ്യം പോലും കല്‍പ്പിക്കാനാകാത്ത വിധം ഭാവശില്‍പ്പത്തില്‍ വ്യത്യസ്തവുമായിരുന്നു അഗ്രഹാരത്തില്‍ കഴുതൈ.

ചെറിയാച്ചന്റെ ക്രൂരകൃത്യത്തിലെത്തുമ്പോള്‍ കറുത്ത ഹാസ്യത്തിന്റെ തേങ്ങല്‍ ഇന്ത്യന്‍ സിനിമയില്‍ കേള്‍പ്പിച്ചു ജോണ്‍. നില്‍പ്പുതറ ഇടിഞ്ഞ് സുരക്ഷിതത്വം ഇല്ലാതാകുന്ന സാമൂഹികാവസ്ഥയുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് ആശങ്കപ്പെട്ട് നിസ്സഹായതയുടെ ഭീതിയിലേക്ക് വീഴുന്ന മധ്യവര്‍ത്തിസമൂഹത്തിന്റെ പ്രതീകമായി ചെറിയാച്ചനെ അടയാളപ്പെടുത്തുകയായിരുന്നു ജോണ്‍. സാമൂഹികസാഹചര്യങ്ങളുടെ കരണംമറിയലുകളുകളില്‍ പകയ്ക്കുന്ന മധ്യവര്‍ത്തിസമൂഹത്തിന്റെ സര്‍ഗ്ഗാത്മക ചിത്രീകരണം മാത്രമല്ല ഇത്. മറിച്ച് ചെറിയാച്ചന്റെ മനസ്സിന്റെ പകലിരവുകളെ ബിംബപ്രതിബിംബങ്ങളാല്‍ പകര്‍ത്തുക വഴി കഥാവഴിയില്‍ ചിത്രം സാമൂഹികവിമര്‍ശന ദൗത്യം മാത്രമേറ്റെടുക്കാതെ മികിച്ച ഒരു വ്യക്തികേന്ദ്രീകൃതമായ ചലച്ചിത്രാനുഭവവും നല്‍കുന്നു.

ചലച്ചിത്രഭാഷയുടെ പതിവ് സൗന്ദര്യ സങ്കല്‍പ്പങ്ങളെ തീര്‍ത്തും തിരസ്ക്കരിച്ച അമ്മ അറിയാന്‍ ആണ് ജോണിന്റെ ഏറ്റവും ഉത്കൃഷ്ടമായ സൃഷ്ടി. അവസാനത്തേതും. ഒരു പുരുഷന്റെ യാത്രയാണ് ചിത്രം. യാത്രാ മധ്യേ, ഹരിയെന്ന തബലിസ്റ്റിന്റെ മൃതദേഹം കാണുന്നു. ഹരി ആത്മഹത്യ ചെയ്തത് അമ്മയെ അറിയിക്കാനാണ് തുടര്‍ന്നുള്ള യാത്ര. ആ യാത്രയില്‍ കാണുന്ന കാര്യങ്ങളും സംഭവങ്ങളും സ്വന്തം അമ്മയെ പുരുഷന്‍ എഴുതി അറിയിക്കുന്നതാണ് സിനിമയുടെ കഥാവഴി.

ജനകീയ സിനിമയുടെ മാനിഫെസ്റ്റോ എന്നതു മുതല്‍ തുടങ്ങുന്നു ഈ ചിത്രത്തിന്റെ പ്രത്യേകതകള്‍. കോഴിക്കോട് കേന്ദ്രമായി ഒഡേസ്സ എന്ന സമാന്തര സിനിമാക്കൂട്ടായ്മയുടെ നേതൃത്വത്തില്‍ ജനങ്ങളില്‍ നിന്ന് പണം പിരിച്ചെടുത്താണ് ജോണ്‍ ഈ ചിത്രം നിര്‍മ്മിക്കുന്നത്. നിര്‍മ്മാണത്തില്‍ തുടങ്ങുന്ന ജനകീയത ഈ ചിത്രത്തില്‍ ഉടനീളം ഇഴചേര്‍ന്നിട്ടുമുണ്ട്. യാഥാര്‍ഥ്യങ്ങളുടെ ഒരു കല്‍പ്പിത രൂപമായിട്ടാണ് അമ്മ അറിയാന്‍ പകര്‍ത്തപ്പെട്ടിരിക്കുന്നത്. എണ്‍പതുകളിലെ കേരളത്തിലെ അവസ്ഥയുടെ നേര്‍രൂപങ്ങളാണ് ചിത്രത്തിലുള്ളത്. നിയതമായ കഥയുടെ ചട്ടക്കൂടുകളെ പൊളിച്ചുപുറത്തുകടന്നാണ് അമ്മ അറിയാന്‍ മുന്നേറുന്നത്. സാര്‍വലൗകികമായ ആസ്വാദനത്തിന്റെ സാധ്യതകള്‍ തുറന്നിടുന്നുമുണ്ട് ഈ ചിത്രം. കമന്ററിയും ആത്മഭാഷണവുമെല്ലാം ചേര്‍ന്ന് ശബ്ദലേഖനവിഭാഗത്തിലും വേറിട്ടുനില്‍ക്കുന്നു.


വിലയിരുത്തലുകളും പഠനങ്ങളും ഇനിയുമേറെ സാധ്യതയുള്ള ഈ നാല് ചിത്രങ്ങള്‍ ഉള്‍പ്പെടുന്നതാണ് ജോണിന്റെ പൊതു ചലച്ചിത്ര ജീവിതം. പക്ഷേ സിനിമയേയും മറികടന്ന് ജോണ്‍ വളരുന്ന കാഴ്ചയാണ് വ്യത്യസ്ത കാലങ്ങളില്‍ പ്രേക്ഷകര്‍ കണ്ടുകൊണ്ടിരിക്കുന്നത്. സാഹിത്യത്തില്‍ ബഷീര്‍ ജീവിതം സാധ്യമാക്കിയ ഇതിഹാസവത്ക്കരണം സിനിമയില്‍ ജോണിനുള്ളതാകുന്നു. സാഹിത്യകാരന്‍ കൂടിയായ ജോണിനെക്കുറിച്ചുള്ള കഥകള്‍ സിനിമയേയും വെല്ലുവിളിക്കാന്‍ തക്കവിധം നാടകീയമാകുന്നു. അല്ലെങ്കില്‍ നാടകീയമാക്കപ്പെടുന്നു. ഒരു സിനിമയ്ക്കുള്ള ചേരുവകള്‍ ജോണിന്റെ ജീവിതത്തില്‍ ചേര്‍ക്കപ്പെടുന്നു. സൗഹൃദത്തിന്റെ ലഹരി ആ ചേരുവകള്‍ക്ക് ചിലപ്പോഴൊക്കെ നിറം പിടിപ്പിച്ചു. വാക്കുകളില്‍ വിശേഷണങ്ങള്‍ ചൊരിഞ്ഞ് ക്ലീഷേകളില്‍ ഇതിഹാസവത്ക്കരിച്ച് ചിലരെങ്കിലും വീണ്ടും വീണ്ടും ആ ജീവിതം വാറ്റിയെടുത്തു.

കോഴിക്കോട്ട് അങ്ങാടിയില്‍ മിഠായി തെരുവിലെ പണിഞ്ഞുകൊണ്ടിരുന്ന ഒയാസിസ് കോംപ്ലക്‌സിന്റെ മുകളില്‍ നിന്ന് ജോണ്‍ മരണത്തിലേക്ക് വീണിട്ട് വര്‍ഷം 26 കഴിയുന്നു. പക്ഷേ ഇനിയുമിനിയും ആ ജീവിതം ചര്‍ച്ചചെയ്യപ്പെടും. ലഹരിയുടെ കത്തുന്ന കണ്ണുകളുമായി ജോണ്‍ വിടാതെ നമ്മെ പിന്തുടരുകയും ചെയ്യും. സിനിമയുള്ളയിടത്തോളം കാലം.

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

ചലച്ചിത്രമേളയിൽ നിറഞ്ഞോടി 'കേരള സവാരി'; സൗജന്യ സർവീസ് പ്രയോജനപ്പെടുത്തിയത് 8400 പേർ
'ഇത്രയും മികച്ച കലാകാരനെ ഇന്ത്യൻ സിനിമാ ലോകത്തിന് നഷ്ടപ്പെട്ടതിൽ സങ്കടം'; അനുശോചനം അറിയിച്ച് നടൻ കരുണാസ്