വിശാലിന് ആദായനികുതി വകുപ്പിന്‍റെ സമന്‍സ്; നേരിട്ട് ഹാജരാകണം

By Web DeskFirst Published Oct 23, 2017, 10:11 PM IST
Highlights

ചെന്നൈ: തമിഴ് നടനും നിര്‍മാതാവുമായ വിശാലിന് ആദായനികുതി വകുപ്പിന്റെ സമന്‍സ്. ടിഡിഎസ് ഇനത്തില്‍ 51 ലക്ഷം രൂപ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിന് വെള്ളിയാഴ്ച നേരിട്ട് ഹാജരാകാനാണ് സമന്‍സ്. വിശാലിന്റെ ഫിലിം ഫാക്ടറിയില്‍ ആദായനികുതി വകുപ്പിന്റെ ടിഡിഎസ് വിഭാഗം റെയ്ഡ് നടത്തി. വിശാലിന്റെ ചെന്നൈ വടപളനിയിലുള്ള ഫിലിം ഫാക്ടറിയില്‍ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ- എന്ന ബോര്‍ഡ് വെച്ച സ്വകാര്യ വാഹനത്തിലെത്തിയ ഉദ്യോഗസ്ഥ സംഘം ജിഎസ്ടി ഇന്റലിജന്‍സില്‍ നിന്നാണെന്നാണ് ആദ്യം പുറത്തുവന്ന വിവരം.

കേന്ദ്ര എക്‌സൈസ് വകുപ്പിന്റെ ചെന്നൈ ഘടകം ഇക്കാര്യം നിഷേധിച്ചതുമില്ല. എന്നാല്‍ തങ്ങള്‍ അത്തരം ഒരു റെയ്ഡും നടത്തിയിട്ടില്ലെന്ന് ജിഎസ്ടി ഇന്റലിജന്‍സ് വാര്‍ത്താക്കുറിപ്പിറക്കിയതിന് പിന്നാലെയാണ് വിശാലിന് ആദായനികുതിവകുപ്പ് സമന്‍സ് അയച്ചിരിക്കുന്നത്.  ടിഡിഎസ് റിട്ടേണ്‍സ് ഇനത്തില്‍ 51 ലക്ഷം രൂപ അടച്ചിട്ടില്ലെന്ന് കാട്ടിയാണ് സമന്‍സ്.

കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ച മെര്‍സലിന് തുറന്ന പിന്തുണ പ്രഖ്യാപിയ്ക്കുകയും വിനോദ മേഖലയിലെ ഉയര്‍ന്ന ജിഎസ്ടി നിരക്കിനെതിരെ രംഗത്തുവരികയും ചെയ്തയാളാണ് നടികര്‍ സംഘത്തിന്റെയും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന്റെയും നേതാക്കളിലൊരാള്‍ കൂടിയായ വിശാല്‍. വെള്ളിയാഴ്ച വിശാലിനോട് നേരിട്ട് ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്. റെയ്ഡ് സ്ഥിരീകരിച്ച വിശാല്‍ താന്‍ ഒന്നിനെയും ഭയക്കുന്നില്ലെന്നാണ് പ്രതികരിച്ചത്. 
 

click me!