
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി എംപിയും അമ്മ പ്രസിഡന്റുമായ ഇന്നസെന്റ്. നമ്മിലൊരാൾക്ക് നേരെ കഴിഞ്ഞ ദിവസം ഉണ്ടായ അത്യന്തം നീചമായ ആക്രമണം മനസിലേൽപ്പിച്ച നീറ്റൽ വിട്ടുമാറുന്നില്ല- ഇന്നസെന്റ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഇന്നസെന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്
നമ്മിലൊരാൾക്ക് നേരെ കഴിഞ്ഞ ദിവസം ഉണ്ടായ അത്യന്തം നീചമായ ആക്രമണം മനസിലേൽപ്പിച്ച നീറ്റൽ വിട്ടുമാറുന്നില്ല. ആക്രമിക്കപ്പെട്ട പെൺകുട്ടി ഞങ്ങളുടെ മകളാണ്; സഹോദരിയാണ്. കുറ്റവാളികൾ കർശനമായി ശിക്ഷിക്കപ്പെടണം. ഇതിനായി മനുഷ്യർ മുഴുവൻ, കേരളം മുഴുവൻ അവർക്കൊപ്പമുണ്ടാകണം. "അമ്മ'യും ചലച്ചിത്ര പ്രവർത്തകരും ഹൃദയം കൊണ്ട് അവരോട് ചേർന്നു നിൽക്കുന്നു.
ഏവരെയും ഞെട്ടിച്ച ആക്രമണം നടന്ന ദിവസം പുലർച്ചെയാണ് എനിക്ക് വിവരം ലഭിക്കുന്നത്. ഉടനെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ, ഡി.ജി.പി ശ്രീ. ലോകനാഥ് ബെഹ്റ എന്നിവരെ നേരിൽ ബന്ധപ്പെട്ടു. സത്വര നടപടി സ്വീകരിക്കുമെന്ന് ഇരുവരും ഉറപ്പു നൽകി. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന പോലീസിന്റെ അഭ്യർത്ഥന കൂടി കണക്കിലെടുത്താണ് ഞങ്ങൾ ഇക്കാര്യത്തിൽ തുടർന്ന് ഇടപെട്ടത്. സ്ത്രീകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ ഒരു ദയയുമില്ലാതെ കർശനമായി നേരിടുക തന്നെ വേണം. പോലീസ് അന്വേഷണം ശരിയായി മുന്നേറുന്നുണ്ട്. നിരന്തരം ഇക്കാര്യങ്ങൾ ഞങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. ഞങ്ങളുടെ മകളോട്, സഹോദരിയോട് ഈ ക്രൂരത ചെയ്തവരോട് ഒന്നേ പറയാനുള്ളൂ. പരാജയം നിങ്ങളുടേത് മാത്രമാണ്. അവൾ തോറ്റു കൊടുക്കാതെ നിൽക്കും; എക്കാലവും.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ