മാധവിക്കുട്ടിയുടെയും മാധവദാസിന്‍റെയും കഥ പറയുന്നത് ഇക്കാലത്ത് പ്രസക്തം: മുരളീ ഗോപി

By സി. വി സിനിയFirst Published Feb 15, 2018, 11:51 AM IST
Highlights

സി.വി. സിനിയ

എന്‍റെ കഥയിലെ മാധവിക്കുട്ടിയല്ല, 'എന്റെ കഥ' എഴുതിയ മാധവിക്കുട്ടിയുടെ ജീവിതമാണ് ആമി എന്ന് നേരത്തെ തന്നെ സംവിധായകന്‍ കമല്‍ പറഞ്ഞിരുന്നു. വായിച്ചറിഞ്ഞ മാധവിക്കുട്ടി ഓരോരുത്തര്‍ക്കും ഓരോന്നായിരിക്കും. അതുപോലെ അവരുടെ ഭര്‍ത്താവ് മാധവദാസിനെ കുറിച്ചും പല വ്യാഖാനങ്ങളും ഉണ്ടാകാം. കേട്ടറിഞ്ഞ മാധവിക്കുട്ടിയെ അഭ്രപാളിയില്‍ എത്തിച്ചപ്പോള്‍ അതില്‍ മികച്ച് നിന്ന കഥാപാത്രം ആമിയുടെ ഭര്‍ത്താവ് മാധവദാസ് ആയിരുന്നു. ആമിയുടെ ഭര്‍ത്താവായി വേഷമിട്ട മുരളീ ഗോപി തന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുന്നു.

 " ഒരു പാട് വ്യാഖ്യാനങ്ങള്‍ വരാവുന്ന ജീവിതമാണ് മാധവിക്കുട്ടിയുടേത്. അതിന്‍റെ ആദ്യ വ്യാഖ്യാനവും ആദ്യ വായനയും എന്നുള്ള രീതിയിലാണ്  ആമിയെ കാണേണ്ടത്. മാധവ് ദാസ് എന്ന കഥാപാത്രം അവതരിപ്പിച്ചതില്‍ ഒരുപാട് സന്തോഷം തോന്നുന്നു. ആഘോഷിക്കപ്പെട്ട ഒരു ഭാര്യയുടെ  ഒട്ടും ആഘോഷിക്കപ്പെടാത്ത  ഭര്‍ത്താവാണ് മാധവദാസ്. പൊതുജനങ്ങളുടെ മുന്നില്‍ അദ്ദേഹം ഒരിക്കല്‍ പോലും വന്നിട്ടില്ല; ഫിക്ഷന്‍ ഏതാണ് യാഥാര്‍ത്ഥ്യം എന്താണ് എന്ന് ഒരിക്കലും പറയാന്‍ മിനക്കെട്ടിട്ടില്ല. ഒരാള്‍ക്ക്  സമ്പൂര്‍ണമായ സ്വാതന്ത്ര്യം അനുവദിക്കുക എന്നത് എക്കാലത്തും പ്രസക്തമായ വലിയ കാര്യമാണ്. അത് ഒട്ടും കെട്ടുകാഴ്ചകളില്ലാതെ ചെയ്ത ആളാണ് മാധവദാസ്. വൈയക്തിക സ്വാതന്ത്ര്യത്തില്‍ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു കുടുംബമാണ് അവരുടേത്. അതുകൊണ്ട് തന്നെ മാധവിക്കുട്ടിയുടെയും മാധവ് ദാസിന്‍റെയും കഥ പറയുന്നത് ഇക്കാലത്ത് വളരെ നല്ലതും പ്രസക്തവുമാണ്. ഇന്നത്തെ സമൂഹത്തിന് ഇത് ഓര്‍മപ്പെടുത്തലും കൂടിയാണ്.  ഇങ്ങനെയും കുടുംബങ്ങള്‍ ജീവിച്ചിരുന്നു. വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്രമാണെങ്കിലും വളരെ രസകരമായിരുന്നു അഭിനയിക്കാന്‍.

 മാധവിക്കുട്ടിയുടെ ചില കൃതികള്‍ നേരത്തെ തന്നെ  വായിച്ചിട്ടുണ്ട്. തിരക്കഥയില്‍ അധിഷ്ടിതമായ സമീപനമായിരുന്നു. അതിനകത്ത് നിന്നുള്ള കഥാപാത്രത്തെ കണ്ടെത്തുക എന്ന ദൈത്യമാണ് ഞാന്‍ നിര്‍വഹിച്ചത്"-  മുരളി ഗോപി പറഞ്ഞു. 

 വായനക്കാരുടെ ഹൃദയം കവര്‍ന്ന മാധവിക്കുട്ടിയെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. സിനിമ പ്രദര്‍ശനത്തിന് എത്തും മുന്‍പ് വിവാദത്തിന് തിരികൊളുത്തിയെങ്കിലും തിയേറ്ററുകളിലെത്തുമ്പോഴേക്കും സിനിമാ പ്രേമികളെല്ലാം ആമിയില്‍ ലയിച്ചിരുന്നു.
 

click me!