തീവണ്ടിയിലെ സഫര്‍ കയ്യടി നേടാൻ കാരണം, അനീഷ് ഗോപാല്‍ പറയുന്നു

By lakshmi mimenonFirst Published Sep 12, 2018, 7:23 PM IST
Highlights


നമ്മളില്‍ മിക്കവര്‍ക്കും ഉണ്ടാകും ഇതുപോലൊരു സുഹൃത്ത്. എല്ലാ വികടത്തരങ്ങള്‍ക്കും തിരികൊളുത്തുന്ന, എല്ലാ വികടത്തരങ്ങളും പഠിപ്പിച്ചു തരുന്ന, എല്ലാ വികടത്തരങ്ങള്‍ക്കും കട്ടക്ക് ഒപ്പം നില്‍ക്കുന്ന ഒരു സുഹൃത്ത്. അതാണ്‌ അനീഷ്‌ ഗോപാല്‍ എന്ന യുവ നടന്‍, സിനിമയിലും ജീവിതത്തിലും. തീവണ്ടിയിലെ സഫറിനെ അവതരിപ്പിച്ച് അനീഷ് ഗോപാല്‍ കയ്യടി നേടുകയാണ്.

നമ്മളില്‍ മിക്കവര്‍ക്കും ഉണ്ടാകും ഇതുപോലൊരു സുഹൃത്ത്. എല്ലാ വികടത്തരങ്ങള്‍ക്കും തിരികൊളുത്തുന്ന, എല്ലാ വികടത്തരങ്ങളും പഠിപ്പിച്ചു തരുന്ന, എല്ലാ വികടത്തരങ്ങള്‍ക്കും കട്ടക്ക് ഒപ്പം നില്‍ക്കുന്ന ഒരു സുഹൃത്ത്. അതാണ്‌ അനീഷ്‌ ഗോപാല്‍ എന്ന യുവ നടന്‍, സിനിമയിലും ജീവിതത്തിലും. തീവണ്ടിയിലെ സഫറിനെ അവതരിപ്പിച്ച് അനീഷ് ഗോപാല്‍ കയ്യടി നേടുകയാണ്.

സൗഹൃദങ്ങളെപ്പറ്റി ചോദിച്ചാല്‍ അനീഷിനു ഏറെ പറയാനുണ്ട്. സിനിമ സ്വപ്നം കണ്ടു ഗ്രാഫിക് ഡിസൈനര്‍ ആയി. പിന്നീട് സിനിമ നടന്‍ ആയതിനു കാരണം സുഹൃത്തുക്കള്‍  തന്നെയാണ്. സൗഹൃദങ്ങളാണ് മുന്നോട്ടു കൊണ്ടുപോകുന്നത്. അവരില്ലെങ്കില്‍ താന്‍ വെറും വട്ടപൂജ്യം ആണെന്നു അനീഷ്‌ പറയുന്നു. അനീഷ് എന്ന ഈ സുഹൃത്തിനെ തന്നെയാണ് തീവണ്ടിയിലെ സഫറിലും കാണാന്‍ ലഭിക്കുക. എങ്ങനെയെങ്കിലും രാഷ്‍‌ട്രീയത്തില്‍ കയറിപ്പറ്റണം എന്ന ആഗ്രഹവുമായി നടക്കുന്ന ചെറുപ്പക്കാരന്‍ ആയാണ് അനീഷ്‌ സിനിമയില്‍ എത്തുന്നത്. ടൊവിനോ അവതരിപ്പിക്കുന്ന ബിനീഷ് ദാമോദരന്‍റെ ജീവിതത്തില്‍ സിഗരറ്റ് പോലെ തന്നെ ഒഴിച്ചുകൂടാന്‍ ആവാത്ത ഒന്നാണ് സഫറുമായുള്ള സൗഹൃദവും. ബിനീഷിനു സിഗരറ്റിനോടുള്ള പ്രണയം ആരംഭിക്കുന്നതും സഫര്‍ കാരണം തന്നെയാണ്. സൗഹൃദം പോലെ തന്നെ  വളരെ തന്മയത്തത്തോടെയാണ് തീവണ്ടിയില്‍ അനീഷ്‌ നര്‍മവും കൈകാര്യം ചെയ്തിരിക്കുന്നത്.

സാധാരണ സുഹൃത്തുക്കളുടെ ഇടയില്‍ നടക്കുന്ന കാര്യങ്ങള്‍ തന്നെയാണ് തീവണ്ടിയിലും ചെയ്തിട്ടുള്ളതെന്നാണ് അനീഷിന്‍റെ പക്ഷം. ഏതെങ്കിലും കല്യാണത്തിന്, പ്രത്യേകിച്ചു സുഹൃത്തുക്കളുടെ ആണെങ്കില്‍, അത് അലമ്പാക്കുക, ചെറുക്കന്‍റെയും പെണ്ണിന്‍റെയും ഇടയില്‍ കയറി ഇരിക്കുക, വലി നിര്‍ത്താന്‍ ശ്രമിക്കുന്നവന് വീണ്ടും വീണ്ടും സിഗരറ്റ് കൊടുക്കുക ഇതൊക്കെ തന്നെയാണ് സഫറും ചെയ്യുന്നതെന്ന് അനീഷ്‌ പറയുന്നു.

 


 
കോമഡി ചെയ്യാന്‍ തന്നെയാണ് ഈ യുവനടനു ഇഷ്‍ടം. തന്‍റെ രൂപത്തിനും അത് നന്നായി വഴങ്ങും എന്ന് പറയുന്ന അനീഷിനു പക്ഷെ കോമഡിക്കായി ഗോഷ്ടി കാണിക്കുന്നതിനോട് താല്‍പര്യമില്ല. ജീം ഭൂം ഭ എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതും ഇതേ കാരണം കൊണ്ട് തന്നെയാണെന്ന് അനീഷ്‌. സിനിമയില്‍ അവസരം ഉണ്ടെന്നു പറഞ്ഞപ്പോള്‍ തന്നെ എന്‍റെ മറുപടി ഡ്രമാറ്റിക് ആണെങ്കില്‍ താല്പര്യം ഇല്ല എന്നായിരുന്നു. അത് കേട്ടതും അവര്‍ എന്നോട് പറഞ്ഞു ചേട്ടന്‍ ഫിക്സ്ഡ് എന്ന്. തീവണ്ടിയിലെ കോമഡി വളരെ സ്വാഭാവികം ആണ്. യു വില്‍ സഫര്‍ എന്ന് പറയുമ്പോള്‍ സഫര്‍ ഞെട്ടുന്നതില്‍ ഒരു സ്വാഭാവികത ഉണ്ട്, കൂടെ തമാശയും. ഇത്തരത്തില്‍ നര്‍മത്തെ കൈകാര്യം ചെയ്യാന്‍ സാധിച്ചതിനാലാണ് സിനിമ കണ്ടിറങ്ങുമ്പോഴും സഫര്‍ പ്രേക്ഷക മനസ്സില്‍ മായാതെ നില്‍ക്കുന്നത്.

ഇതുവരെ 12 സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അനീഷ്‌ നൂറ്റിഅന്‍പതോളം സിനിമകളുടെ പോസ്റ്ററും ഡിസൈന്‍ ചെയ്തിട്ടുണ്ട്. അഭിനയത്തോടൊപ്പം യെല്ലോടൂത്ത് എന്ന കമ്പനിയുടെ ക്രിയേറ്റീവ് ഹെഡ് ആയും പ്രവര്‍ത്തിക്കുന്നു. മിഥുന്‍ മാനുവലിന്‍റെ അര്‍ജന്‍റിന ഫാന്‍സ്‌ കാട്ടൂര്‍കടവ്, സുരേഷ് ഗോപിയും മകനും ഒന്നിച്ചഭിനയിക്കുന്ന ഇനിയും പേരിടാത്ത ചിത്രം തുടങ്ങിയവയിലാണ് അനീഷ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

click me!