'മധുര മനോഹര മോഹം', 'പെറ്റ് ഡിറ്റക്ടീവ്', 'മധുവിധു' എന്നീ ചിത്രങ്ങള്‍ക്കായി കഥ, തിരക്കഥ, സംഭാഷണം എന്നിവയും ചെയ്തു. ജയ് വിഷ്ണുവുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം വായിക്കാം.
കുട്ടിക്കാലം മുതലേ ജയ് വിഷ്ണുവിന്‍റെ സ്വപ്നങ്ങൾക്ക് സിനിമയുടെ നിറമായിരുന്നു. എംബിഎ കഴിഞ്ഞ് ഒരു മൾട്ടിനാഷണൽ കമ്പനിയുടെ സെയിൽസ് ഹെഡായി ജോലി ചെയ്യുമ്പോഴും പത്തനംതിട്ട സ്വദേശിയായ ജയ് വിഷ്ണുവിന്‍റെ മനസ് സിനിമയിലായിരുന്നു. അങ്ങനെ ജോലി രാജി വച്ചു, സിനിമ മോഹത്തിന് പിന്നാലെ പോയി. സുഹൃത്തായ പ്രശോഭ് വിജയൻ സംവിധാനം ചെയ്ത 'അന്വേഷണം' എന്ന സിനിമയിലെ പൊലീസ് കൊണ്സ്റ്റബിൾ വേഷത്തിലൂടെ മലയാള സിനിമയിൽ അഭിനേതാവായി തുടക്കമിട്ടു. പിന്നീട് 'മധുര മനോഹര മോഹം', 'പെറ്റ് ഡിറ്റക്ടീവ്', 'മധുവിധു' എന്നീ ചിത്രങ്ങള്‍ക്കായി കഥ, തിരക്കഥ, സംഭാഷണം എന്നിവയും ചെയ്തു. ജയ് വിഷ്ണുവുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം വായിക്കാം.
കഥ, തിരക്കഥ, സംഭാഷണം
പണ്ടുമുതലെ സിനിമയാണ് ആഗ്രഹം. എംബിഎ കഴിഞ്ഞ് ഒരു മൾട്ടിനാഷണൽ കമ്പനിയുടെ കേരള സെയിൽസ് ഹെഡായി അഞ്ചാറ് വർഷം ജോലി ചെയ്യുന്ന സമയത്താണ് സിനിമയിലേയ്ക്ക് തന്നെ വരണം എന്നുള്ളത് ഉറപ്പിച്ചത്. അങ്ങനെ രണ്ടും കൽപ്പിച്ച് ജോലി രാജി വച്ചു. സുഹൃത്തായ പ്രശോഭ് വിജയൻ സംവിധാനം ചെയ്ത 'അന്വേഷണം' എന്ന സിനിമയിൽ അഭിനയിക്കാൻ ഒരു ചാൻസ് കിട്ടി. പിന്നീടാണ് എഴുത്തിലേയ്ക്ക് കടന്നത്. നമ്മൾ സിനിമയ്ക്ക് വേണ്ടി ചിന്തിക്കുമ്പോൾ കഥ എഴുതുക, തിരക്കഥ എഴുതുക എന്നൊന്നുമില്ലല്ലോ. സിനിമയുടെ ഫോമിലേക്ക് എത്തിക്കുന്ന എന്ത് കാര്യവും ചെയ്യുക എന്നുള്ളതാണല്ലോ. കഥ എല്ലാവരുടെയും കയ്യില്‍ ഉണ്ടാകും. പക്ഷേ കഥയിൽ നിന്നും തിരക്കഥയിലേക്ക് എത്തുന്ന ദൂരം നമ്മൾ എങ്ങനെ സഞ്ചരിക്കുന്നു എന്നുള്ളതനുസരിച്ചിരിക്കും നല്ലൊരു സിനിമ ഉണ്ടാകുന്നത്. അങ്ങനെയാണ് 'മധുര മനോഹര മോഹം' എന്ന സിനിമയുടെ കഥയിലേയ്ക്ക് എത്തുന്നത്.
'മധുര മനോഹര മോഹം'
സുഹൃത്ത് മഹേഷ് ഗോപാലുമായി ചേര്‍ന്നാണ് 'മധുര മനോഹര മോഹം' എന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചത്. സ്റ്റെഫി സേവ്യറുടെ സംവിധാന അരങ്ങേറ്റം കൂടിയായിരുന്നു 'മധുര മനോഹര മോഹം'. ഷറഫുദ്ദീന്‍, സൈജു കുറുപ്പ്, രജിഷ വിജയന്‍ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു കോമഡി ജോണറിലാണ് ചിത്രം ഞങ്ങള്‍ രചിച്ചത്. 2023ലാണ് ചിത്രം റിലീസ് ആയത്.
'പെറ്റ് ഡിറ്റക്ടീവ്'
പെറ്റ് ഡിറ്റക്ടീവിന്‍റെ കഥ ശരിക്കും ഷറഫുദീൻ ആണ് പറയുന്നത്. കൊറോണ സമയത്ത് അവരുടെ വേണ്ടപ്പെട്ട ആരുടെയോ പെറ്റിനെ കാണാതായി. അതിനെ കണ്ടുപിടിക്കാൻ ഒരു വഴിയും ഉണ്ടായിരുന്നില്ല. അവിടെ നിന്നാണ് പെറ്റ് ഡിറ്റക്ടീവ് എന്ന ആലോചന വരുന്നതും ഷറഫുദീൻ അത് ഞങ്ങളോട് പറയുന്നതും. അങ്ങനെ പ്രനീഷ് വിജയനും ഞാനും കൂടി അതിനെ ഡെവലപ്പ് ചെയ്യുകയായിരുന്നു. പ്രനീഷ് വിജയന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം കൂടിയായിരുന്നു അത്. ഒരു അഡ്വഞ്ചർ ഫൺ ഫാമിലി കോമഡി ജോണറിലാണ് ചിത്രം ചെയ്തത്. ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചത്.
ഇനി പുറത്തിറങ്ങാന്‍ പോകുന്ന 'മധുവിധു'
ബിബിൻ മോഹനും ഞാനും ചേർന്ന് രചിച്ച ചിത്രമാണ് 'മധുവിധു'. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രമായ മധുവിധു നവാഗത സംവിധായകനായ വിഷ്ണു അരവിന്ദാണ് സംവിധാനം ചെയ്തത്. ഷറഫുദീൻ തന്നെയാണ് ഈ ചിത്രത്തിലെയും നായകന്‍. ഫാമിലി കോമഡി എന്റർടൈനർ ആണ് ചിത്രം.
കല്യാണി പണിക്കർ ബിഗ് സ്‌ക്രീനിൽ എത്തുന്ന ആദ്യ ചിത്രം
ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ ബിഗ് സ്‌ക്രീനിൽ എത്തുന്ന ആദ്യ ചിത്രം എന്ന പ്രത്യേകത കൂടി മധുവിധുവിനുണ്ട്. ഒഡിഷൻ വഴിയാണ് കല്യാണി സിനിമയില്‍ എത്തുന്നത്. ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്‍കുമാർ, സഞ്ജു മധു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ചിത്രം 2026 തുടക്കത്തില്‍ തന്നെ തിയറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷ.
ഷറഫുദീനെ മനസില്‍ കണ്ടു കൊണ്ടാണോ കഥ എഴുതിയത്?
അല്ല, ഇതിൽ പെറ്റ് ഡിറ്റക്ടീവ് മാത്രമാണ് ഷറഫുദീനെ മനസില്‍ കണ്ട് എഴുതിയ സിനിമ. 'മധുര മനോഹര മോഹം' ആണെങ്കിലും മറ്റ് പല ആർട്ടിസ്റ്റുകളിലേക്ക് പോവുകയും അത് നടക്കാതെ വരുന്ന ഒരു ഘട്ടത്തിൽ സുഹൃത്തായ ഷർഫുദ്ദീനോട് കഥ പറയുകയും, ചെയ്യാമെന്ന് സമ്മതിക്കുകയുമായിരുന്നു.
ഇഷ്ടം കോമഡിയും ആക്ഷനും
മധുര മനോഹര മോഹം, പെറ്റ് ഡിറ്റക്ടീവ്, ഇനി പുറത്തിറങ്ങാന്‍ പോകുന്ന മധുവിധുവും കോമഡി ജോണറിലുള്ള ചിത്രങ്ങളായിരുന്നു. എനിക്ക് ശരിക്കും കോമഡിയും ആക്ഷനും എഴുതാനാണ് ഇഷ്ടം. പക്ഷേ ആക്ഷന്‍ സിനിമകള്‍ ചെയ്യാന്‍ വലിയ ആര്‍ട്ടിസ്റ്റുകള്‍ വേണം. അതിന്‍റെ ബഡ്ജറ്റും വലുതാകും. അത്തരം സിനിമകള്‍ ഓൺ ആകാനും സമയമെടുക്കും. ചില ആക്ഷൻ കഥകള്‍ മനസിലുണ്ട്, അതില്‍ വര്‍ക്ക് ചെയ്തു കൊണ്ടിരിക്കുന്നതേയുള്ളൂ.
ചെയ്ത എല്ലാ സിനിമയിലും നവാഗത സംവിധായകര്‍!
ചെയ്ത മൂന്ന് സിനിമയിലും നവാഗത സംവിധായകരായിരുന്നു. നവാഗത സംവിധായകരോടൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ നമുക്കൊരു ക്രിയേറ്റീവ് പ്രോസസ്സിലൂടെ ആ സിനിമയെ ഡെവലപ്പ് ചെയ്യാൻ പറ്റും. ഓരോ സീൻ വര്‍ക്കൗട്ട് ചെയ്യുമ്പോഴാണെങ്കിലും നമുക്കൊരു ക്രിയേറ്റീവ് ഡിസ്കഷൻസിന് സ്പേസ് ഉണ്ട്. നമ്മുടെ അഭിപ്രായങ്ങള്‍ പറയാനും വേണ്ട തിരുത്തലുകള്‍ വരുത്താനും കഴിയും. അത് സിനിമയ്ക്ക് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. പുറത്തിറങ്ങിയ രണ്ട് സിനിമകളും 50 ദിവസം തീയേറ്ററിൽ ഓടി. ഷറഫുദ്ദീന്‍റെ ഏറ്റവും വലിയ കളക്ഷനിലേക്ക് മാറിയ സിനിമയാണ് പെറ്റ് ഡിറ്റക്ടീവ്.
മൂന്ന് സിനിമയിലും യൂട്യൂബറായ സഞ്ജു മധുവും!
സഞ്ജു എന്‍റെ നാട്ടുകാരനാണ്. പത്തനംതിട്ട ഭാഷ നന്നായി ചെയ്യുന്നത് കൊണ്ടും നല്ലൊരു കലാകാരന്‍ ആയതുകൊണ്ടുമാണ് സഞ്ജുവിനെ തിരഞ്ഞെടുത്തത്. മധുവിധു വീണ്ടും പത്തനംതിട്ടയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ്. അതിനാല്‍ അതിലും സഞ്ജു നല്ലൊരു വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.
സംവിധാനം, അഭിനയം
അഭിനയിക്കാൻ ഭയങ്കരമായ ആഗ്രഹത്തോടെ സിനിമയിൽ വന്ന ആളാണ് ഞാൻ. ഇപ്പോഴും അഭിനയിക്കാൻ ഭയങ്കര ഇഷ്ടമാണ്. അഭിനയവും തിരക്കഥയും ഒരു പോലെ ചെയ്യണമെന്നാണ്. കുറച്ച് സിനിമകളില്‍ ചെറുതും വലുതുമായിട്ടുള്ള വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എഴുത്തുകാരനായി ബഹുമാനിക്കപ്പെടാനും അഭിനേതാവായി അറിയപ്പെടാനുമാണ് ആഗ്രഹം. സംവിധാനം എന്നതും ഒരു സ്വപ്നം തന്നെയാണ്. ഉടനില്ല, ഏറ്റെടുത്ത ചില വര്‍ക്കുകള്‍ കഴിഞ്ഞതിന് ശേഷം സംവിധാനം എന്ന തൊപ്പിയും അണിയണമെന്നാണ് ആഗ്രഹം.
