ഞാന്‍ ദുല്‍ഖറിന്റെ കട്ട ഫാന്‍; സിഐഎയിലെ നായിക പറയുന്നു

By Web DeskFirst Published May 7, 2017, 9:56 AM IST
Highlights

പേടിയുണ്ടായിരുന്നു
ക്യാമറ , ലൊക്കേഷന്‍ എല്ലാം പരിചിത സ്ഥലങ്ങളാണ്. എന്നാല്‍ അഭിനയിക്കാന്‍ ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോള്‍ സത്യത്തില്‍ പേടിയായിരുന്നു. ചെയ്യുന്നതെല്ലാം വീക്ഷിക്കാന്‍ കുറേ ആളുകള്‍, എല്ലാം റെക്കോര്‍ഡ് ചെയ്യുന്നു. പക്ഷെ ദുല്‍ഖറും അമലേട്ടനും മറ്റെല്ലാവരും നന്നായി സഹായിച്ചു. കൂളായാണ് അഭിനയിച്ചത്. എല്ലാ സീനെടുക്കുന്നതിനും മുമ്പും ചര്‍ച്ച ചെയ്താണ് ചെയ്തത് ആരും ധൃതി വെച്ചില്ല. അതുകൊണ്ട് തന്നെ സമയമെടുത്തു നന്നായി ചെയ്യാന്‍ പറ്റി.

അച്ഛന്റെ പ്രതികരണം
ആം എ ഡാഡീസ് ഗേള്‍..  അച്ഛന്‍ എന്നോട് സത്യം മാത്രമേ പറയൂവെന്നറിയാം. അത് നല്ലതായാലും ചീത്തയായാലും. സിനിമ കണ്ടിട്ട് അച്ഛന് ഇഷ്ടമായി.. ആദ്യത്തെ സിനിമയല്ലേ നന്നായി എന്നാണ് അച്ഛന്‍ പറഞ്ഞത്. ബട്ട് അഭിനയം ഇനിയും നന്നാക്കണമെന്നും അതിന് കൂടുതല്‍ പഠിക്കണമെന്നും അച്ഛന്‍ പറഞ്ഞിട്ടുണ്ട്.

പിന്നെ ഒന്നും നോക്കിയില്ല. എയര്‍പോര്‍ട്ടിന്റെ മതിലില്‍ ചാഞ്ഞും ചെരിഞ്ഞും നിന്ന് കുറേ ഫോട്ടോയെടുത്തു

തിയറ്ററില്‍ ഇരുന്ന് സിനിമ കാണുമ്പോള്‍​
കൊച്ചിയില്‍ നിന്നാണ് സിനിമ കണ്ടത്. നിറഞ്ഞ തിയറ്ററില്‍ ഇരുന്ന് സിനിമ കാണുമ്പോള്‍ സത്യത്തില്‍ നല്ല പേടിയായിരുന്നു. എന്താവുമെന്നറിയില്ലല്ലോ..  പക്ഷെ എല്ലാവരുടേയും നല്ല പ്രതികരണമായിരുന്നു.  നന്നായി എന്നാണ് എല്ലാവരും പറഞ്ഞത്. സിനിമ കഴിഞ്ഞ് എന്നെ തിരിച്ചറിഞ്ഞ പലരും അടുത്ത് വന്ന് അഭിനന്ദിച്ചു. ഫ്രണ്ട്‌സും സിനിമ കണ്ടതിന് ശേഷം വിളിച്ചിരുന്നു. നന്നായി എന്നാണ് അവരും പറഞ്ഞത്.

സിഐഎയിലേക്ക് വന്നത്​
അച്ഛന്റെ സുഹൃത്ത് വഴിയാണ് സിഐഎയിലേക്ക് വരുന്നത്. അമലേട്ടന്‍ ഫോട്ടോകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അയക്കണമെന്നും അച്ഛന്‍ പറയുമ്പോള്‍ ഞാന്‍ ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടിലായിരുന്നു. പിന്നെ ഒന്നും നോക്കിയില്ല. എയര്‍പോര്‍ട്ടിന്റെ മതിലില്‍ ചാഞ്ഞും ചെരിഞ്ഞും നിന്ന് കുറേ ഫോട്ടോയെടുത്തു. മുംബൈയിലെത്തിയ ശേഷം ഒരു മാളില്‍ പോയി കുറേ ഡ്രസ്സും മറ്റും വാങ്ങി നേരെ കൊച്ചിക്ക് വച്ചു പിടിച്ചു. അതുകഴിഞ്ഞ് ഓഡിഷന്‍.. പിന്നെ ഇതാ നിങ്ങള്‍ കാണുന്നത് പോലെ സിഐഎയിലെ നായികയായി..

കട്ട ദുല്‍ഖര്‍ ഫാന്‍
കട്ട ദുല്‍ഖര്‍ ഫാനായിരുന്നു ഞാന്‍. മൂന്ന് നാല് വര്‍ഷം മുമ്പ് ഒരു മലയാളം മാധ്യമം അച്ഛന്റെ അഭിമുഖം എടുക്കുന്നതിന് വീട്ടില്‍ വന്നിരുന്നു. എന്നെ കണ്ടപ്പോള്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോയെന്ന് ചോദിച്ചു. ദുല്‍ഖറിന്റെ നായികയാണെങ്കില്‍ നോക്കാമെന്ന് കട്ടയ്ക്ക് അങ്ങ് കാച്ചി. എന്തായാലും ആ ആഗ്രഹം വെറുതെയായില്ല. ദുല്‍ഖറിന്റെ നായികയായി തന്നെ സിനിമയിലേക്ക്. 

ഒരു പേടിയും വേണ്ട ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍
ദുല്‍ഖര്‍ ഫാനായതു കൊണ്ട് ആ എക്‌സൈറ്റ്‌മെന്റോടെയാണ് സെറ്റില്‍ ചെന്നത്. പക്ഷെ ഒരു പേടിയും വേണ്ട ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍. കൂടെ ജോലി ചെയ്യുന്നവരെ കംഫര്‍ട്ടാക്കുന്ന വ്യക്തിയാണ് ദുല്‍ഖര്‍. വണ്ടര്‍ഫുള്‍ ക്യാരക്ടര്‍. ഒരുപാട് സപ്പോര്‍ട്ട് ചെയ്തു.

എനിക്കും എന്നെയങ്ങ് ഇഷ്ടപ്പെട്ടു
എല്ലാവരും പറഞ്ഞു പാട്ടില്‍ കാണാന്‍ നല്ല ഭംഗിയുണ്ടെന്നു്. സിനിമ കണ്ടപ്പോള്‍ എനിക്കും തോന്നി ഒരു ഭംഗിയൊക്കെയുണ്ട് കാണാന്‍. എനിക്കും എന്നെയങ്ങ് ഇഷ്ടപ്പെട്ടു.താങ്ക്‌സ് ടു വണ്ടര്‍ഫുള്‍ മേക്കപ്പ് ആന്‍ഡ് ക്യാമറ.

സിനിമ കണ്ടപ്പോള്‍ എനിക്കും തോന്നി ഒരു ഭംഗിയൊക്കെയുണ്ട് കാണാന്‍

എന്നെ ഞാനാക്കുന്ന മറ്റ് രണ്ട് കുടുംബങ്ങള്‍
ഏറ്റവും കംഫര്‍ട്ടബിള്‍ ഫാമിലിയാണ് എന്റേത്. അച്ഛനും അമ്മയും അനിയനും അടങ്ങുന്ന ഏറ്റവും വിശ്വാസമുള്ള ഇടം. ആരും പരസ്പരം കള്ളം പറയില്ല. എല്ലാവര്‍ക്കും തുല്യ പ്രാധാന്യമാണ് വീട്ടില്‍. എല്ലാത്തിനും സപ്പോര്‍ട്ട് ചെയ്യും. പോസിറ്റീവും നെഗറ്റീവും പറയും. അച്ഛന്‍ ഒരു സിനിമ സൈന്‍ ചെയ്യുന്നതിന് മുമ്പ് ഞങ്ങളോട് പറയാറുണ്ട്. തീര്‍ന്നിട്ടില്ല ഇനിയും ഉണ്ട് എന്നെ ഞാനാക്കുന്ന മറ്റ് രണ്ട് കുടുംബങ്ങള്‍ കൂടി. എന്റെ രണ്ടാമത്തെ കുടുംബം എന്റെ ബാംഗ്ലൂര്‍ ഫാമിലിയാണ്.സൗഹൃദ കുടുംബം. ബാംഗ്ലൂരില്‍ ഫ്രണ്ട്‌സൊക്കെ ചേര്‍ന്ന വാടകയ്ക്ക് ഒരു വീടെടുത്താണ് ഒരുമ്മിച്ച് താമസിച്ചാണ് പഠിക്കുന്നത്. പാചകവും വാചകവും പഠനവും ഒക്കെ ഒന്നിച്ചാണ്.മൂന്നാമത്തേത് സിഐഎ ഫാമിലി...

മുംബൈ, ബാംഗ്ലൂര്‍, കേരളം
മൂന്ന് സ്ഥലങ്ങളും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. എന്റെ ജീവിതത്തില്‍ ഏറെ സ്വാധീനമുള്ള മൂന്നിടങ്ങള്‍. മുംബൈ എനിക്ക് എന്റെ വീടാണ്.ബാല്യകാലം അവിടെയാണ്. നിറയെ കൂട്ടുകാരുണ്ട്. അവിടെ ജീവിക്കാന്‍ എനിക്ക് നന്നായി അറിയാം. എല്ലാ സ്ഥലങ്ങളും റോഡുകളും ഒക്കെ പരിചിതമാണ്. എവിടെ വേണമെങ്കിലും പോകാം. ബാംഗ്ലൂര്‍ എന്നെ തനിയെ ജീവിക്കാന്‍ പഠിപ്പിച്ച ഇടമാണ്. പഠിക്കണം, ഭക്ഷണം ഉണ്ടാക്കണം, സാധനങ്ങള്‍ വാങ്ങണം, ബില്ലടയ്ക്കണം. ഇങ്ങനെ ഒരു വീടു നോക്കാന്‍ പഠിപ്പിച്ച ഇടം. ഒപ്പം എനിക്കേറെ ഇഷ്ടപ്പെട്ട അഭിനയം പഠിക്കുന്ന സ്ഥലം. അച്ഛന്റെയും അമ്മയുടേയും  വീട് കേരളത്തിലായതു കൊണ്ട് ഇവിടെ വരുന്നത് അവധിക്കാണ്.ഏറ്റവും സമാധാനമായ സ്ഥലമാണ് എനിക്ക് കേരളം. കേരളം അമ്പലത്തില്‍ പോകുന്നതിനുള്ള സ്ഥലം കൂടെയാണ്. പിന്നെ പഠനത്തിന്റെ ഭാഗമായി ബിനാലയ്‌ക്കൊപ്പം പ്രവര്‍ത്തിച്ച് കഴിഞ്ഞ ഡിസംബര്‍ മുഴുവന്‍ ഞാന്‍ കൊച്ചിയിലുണ്ടായിരുന്നു.മട്ടാഞ്ചേരിയില്‍..ഇപ്പോ കൊച്ചിയും എനിക്ക് പ്രിയപ്പെട്ടതാണ്.

തിരിച്ചു കടിക്കാത്ത എന്തും കഴിക്കും
ശരിക്കുമൊരു ആഹാരപ്രിയയാണ് ഞാന്‍. രുചിയുള്ള എന്തും കഴിക്കും ബീഫും പൊറോട്ടയും ഫേവറേറ്റാണ്. പിന്നെ മുംബൈയിലെ ചാട്ട്. മമ്മിയുണ്ടാക്കുന്ന പച്ചടിയും ഓലനും പായസവും.ഇപ്പോ ശ്രദ്ധ മീന്‍ ഐറ്റംസിലാണ് ഇപ്പോ മനസിലായിട്ടുണ്ടാവുമല്ലോ. എനിക്ക് ആഹാരത്തിനോട് കുറച്ച് ഇഷ്ടം കൂടുതലാണെന്ന്..

വാചകമടി മാത്രമല്ല പാചകം
പാചകം ഒരു വാചകമടി മാത്രമല്ല..അത്യാവശ്യം വല്ലതുമൊക്കെ ഉണ്ടാക്കനറിയാം.. ബാംഗ്ലൂരാണ് പാചകം പഠിപ്പിച്ചത്. ഫ്രണ്ട്‌സിനൊക്കെ ഭക്ഷണം ഉണ്ടാക്കി കൊടുക്കാറുണ്ട്. അവര്‍ക്കൊന്നും ഇതുവരെ ഒന്നും പറ്റാത്തതു കൊണ്ട് നല്ല ധൈര്യമാ.എന്തും ഉണ്ടാക്കും..

കോമഡി സിനിമയുടെ ആരാധിക
കോമഡി സിനിമകളാണ് ഇഷ്ടം. മോഹന്‍ലാലിന്റെയും ശ്രീനിവാസന്റേയും തമാശകള്‍ വലിയ ഇഷ്ടമാണ്. നാടോടിക്കാറ്റും അക്കരെ അക്കരെയുമൊക്കെ കണ്ട് ചിരിച്ചതിന് കണക്കില്ല. ദിലീപിനെയും ഇഷ്ടമാണ്. മീശമാധവനാണ് ഞാന്‍ ആദ്യമായി തിയറ്ററില്‍ പോയി കാണുന്ന മലയാള സിനിമ. മണിച്ചിത്രത്താഴും ഉദയനാണ് താരവും ഇഷ്ടപ്പെട്ട സിനിമകളാണ്. ഇവയുടെ ഒക്കെ സീഡിയും കൊണ്ടാണ് നടപ്പ്.

എനിക്ക് ആരോടും പ്രണയമില്ല. ഒരാളെ പ്രേമിക്കാനൊക്കെ കുറച്ച് സമയം വേണ്ടെ

പ്രേമിക്കാനൊക്കെ സമയം വേണ്ടെ
പ്രണയം അഭിനയത്തോടാണ്. സ്‌കൂട്ടായതല്ല. സത്യമായും എനിക്ക് ആരോടും പ്രണയമില്ല. ഒരാളെ പ്രേമിക്കാനൊക്കെ കുറച്ച് സമയം വേണ്ടെ..എനിക്കിതു വരെ അതിന് സമയം കിട്ടിയിട്ടില്ല. പ്രണയവും വിവാഹത്തിനുമൊക്കെ സമയമുണ്ട്.എല്ലാം വരുന്നടത്ത് വച്ച് കാണാം..

മുങ്ങി ചാകില്ല..നീന്തി കയറും
നീന്തലാണ് ഇപ്പോഴത്തെ പ്രധാന ഹോബി. സമയം കിട്ടുമ്പോഴൊക്കെ വെള്ളത്തിലാണ്.പിന്നെ ചിത്രംവര. അഭിനയവും..

അഭിനയം തുടരും
മലയാള ഇന്‍ഡസ്ട്രി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. നല്ല സിനിമയും കഥാപാത്രവും കിട്ടുമെങ്കില്‍ അഭിനയം തുടരാനാണ് തീരുമാനം..ഒപ്പം പഠനവും.

click me!