
സി.വി. സിനിയ
കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍ പറഞ്ഞാണ് ദിവ്യ ഉണ്ണി തുടങ്ങിയത്. ആ സംഭാഷണങ്ങള്‍ക്കായിരുന്നു ഭംഗി. തിരുവനന്തരപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ സ്ത്രീശക്തി പുരസ്‌കാര ചടങ്ങിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു ദിവ്യ. ആ സന്തോഷത്തിനിടയില്‍ തന്റെ പുതിയ ജീവിതത്തെ കുറിച്ചും സിനിമാ ജീവിതത്തെ കുറിച്ചും ദിവ്യ പറഞ്ഞു തുടങ്ങി..
സ്ത്രീകള്‍ അനുഭവത്തിന്റെ കാര്യത്തില്‍ സമ്പന്നര്‍
ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ത്രീ ശക്തി പുരസ്‌കാരം ഇന്ന് ഇവിടെ നടക്കുന്നത് ഒരു കൂട്ടായ്മയാണ്. ഇങ്ങനെ നടക്കുമ്പോള്‍ ഒരു സന്തോഷമുണ്ട്. അതിന് പ്രത്യേക നിയമങ്ങളോ മറ്റ് കാര്യങ്ങളോ ഇല്ല. നമ്മള്‍ ഫ്രീയാണ്. ഇന്ന് സിനിമാ രംഗത്ത് ഒരു വനിതാ സംഘടനയുണ്ട് അതുപോലെ എല്ലാ മേഖലകളിലും വനിതാ സംഘടനയും കൂട്ടായ്മയും ഉണ്ടെങ്കില്‍ നല്ലത്. അങ്ങനെ ഉണ്ടാവണമെന്ന് എനിക്ക് നിര്‍ബന്ധമില്ല. അത്തരം ഒരു സംഘടന രൂപീകരിക്കുമ്പോള്‍ പുരോഗമനം തന്നെയല്ലേ എന്ന് ചിന്തിക്കുമ്പോള്‍ സന്തോഷമുണ്ട്.
ഏത് സാഹചര്യവും ഒരു സ്ത്രീക്ക് കൈകാര്യം ചെയ്യാന്‍ കഴിയണം
സ്ത്രീകള്‍ ആരെയും വേദനിപ്പിക്കരുത്. ആത്മസമര്‍പ്പണത്തോടെയായിരിക്കണം അങ്ങനെയാണ് നമ്മള്‍ മുന്‍പ് തന്നെ പഠിച്ചിട്ടുള്ളത്. അത് സ്ത്രീയുടെ ഏറ്റവും വലിയ ഗുണമാണ്. മറ്റൊരു കാര്യം എല്ലാ സാഹചര്യങ്ങളും എപ്പോഴും കൈകാര്യം ചെയ്യാന്‍ കഴിയണമെന്നാണ് എന്‍റെ ആഗ്രഹം.. അവിടെയാണ് ഒരു സ്ത്രീയുടെ വിജയം. എനിക്ക് അമ്മ തന്നെയായിരുന്നു വഴികാട്ടി അതുപോലെ എനിക്ക് മാതൃകയായിട്ടുള്ള ഒരുപാട് പേരുണ്ട്. അതുകൊണ്ട് തന്നെ നല്ല ഗുണങ്ങള്‍ കാണുകയാണെങ്കില്‍ ഞാന്‍ അത് അംഗീകരിക്കാറുണ്ട്. അത് സ്വീകരിക്കാറുണ്ട്. മാത്രമല്ല എല്ലാവരും അനുഭവത്തിന്റെ കാര്യത്തില്‍ വലിയവരാണ്. അതിനെ ലോകം ബഹുമാനിച്ചാല്‍ തന്നെ പ്രശ്‌നങ്ങളുണ്ടാവില്ല.
സിനിമയിലേക്ക് തിരികെ എത്തും
സിനിമയില്‍ നിന്ന് വിട്ടുമാറി നിന്നെങ്കിലും ഇപ്പോള്‍ അഭിനയ ജീവിത്തിലേക്ക് വീണ്ടും വരുന്നതിന്റെ കാര്യങ്ങള്‍ തീരുമാനമായിട്ടില്ല. പക്ഷേ വരികയാണെങ്കില്‍ ചിത്രത്തിന്റെ കഥ, എന്റെ ഇപ്പോഴത്തെ സമയം കഥാപാത്രം എന്നിവ നോക്കിയിട്ടാണ് ഞാന്‍ തീരുമാനിക്കുകയുള്ളു. ഞാന്‍ അഭിനയ രംഗത്തേക്ക് ഇനിയില്ല എന്നൊന്നും എവിടെയും പറഞ്ഞിട്ടില്ല.
പുതിയ ജീവിതം
അമേരിക്കയിലാണ് ഞങ്ങളിപ്പോള്‍ താമസിക്കുന്നത്. മുംബൈ മലയാളി അരുണ്‍ കുമാര്‍ മണികണ്ഠനെയാണ് വിവാഹം ചെയ്തിരിക്കുന്നത്. സന്തോഷത്തോടെയാണ് ഇപ്പോഴുള്ള ജീവിതം മുന്നോട്ട് പോകുന്നത്.
സ്ത്രീശക്തി പുരസ്‌കാരം
ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ത്രീശക്തി പുരസ്‌കാര ചടങ്ങിന് പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഇത് ഒരു കൂട്ടായ്മയാണ്. എല്ലാവരുടെയും ഒത്തൊരുമയുള്ള ഒരു പരിപാടി. ഇതിന്റെ റിഹേഴ്‌സലൊക്കെ ചെയ്തപ്പോള്‍ എല്ലാവരും ഒത്തൊരുമിച്ചപ്പോള്‍ ആ പോസറ്റീവ് എനര്‍ജി തന്നെ നമുക്ക് അനുഭവിക്കാന്‍ കഴിയുന്നുണ്ട്. കേരളത്തിലുള്ള 20 സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ആദരസൂചകമായിട്ടാണ് ഇത് അവതരിപ്പിക്കുന്നത്. ഞാന്‍ അവതരിപ്പിക്കുന്നത് അല്‍ഫോന്‍സാമ്മയ്ക്കുള്ള ആദരസൂചകമായിട്ടുള്ള ആവിഷ്‌കാരമാണ്
. ഇത്തരം പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഒത്തിരി സന്തോഷമുണ്ട്. ഇതിനായി അമേരിക്കയില്‍ നിന്നാണ് വന്നിരിക്കുന്നത്.. പരിപാടിയില്‍ മാത്രമല്ല എല്ലായിടങ്ങളിലും എല്ലാവരാലും സ്ത്രീകള്‍ എന്നും ബഹുമാനിക്കപ്പെടട്ടെയെന്ന് പറഞ്ഞ് കൊണ്ട് ദിവ്യ ഉണ്ണി നിര്‍ത്തി.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ