സിംഗപ്പൂരിന്റെ എഴുതപ്പെട്ട ചരിത്രത്തില്‍ ഇല്ലാത്തത്

Published : Dec 09, 2016, 06:36 PM ISTUpdated : Oct 05, 2018, 03:45 AM IST
സിംഗപ്പൂരിന്റെ എഴുതപ്പെട്ട ചരിത്രത്തില്‍ ഇല്ലാത്തത്

Synopsis

ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമയാണ് ദ റിട്ടേണ്‍. സിംഗപ്പൂരില്‍ നിന്നുള്ള ദ റിട്ടേണ്‍ സംവിധാനം ചെയ്‍തിരിക്കുന്നത് ഗ്രീന്‍ സെങ് ആണ്. സിംഗപ്പൂരിലെ ആര്‍ട്ടിസ്റ്റ് കൂടിയായ ഗ്രീന്‍ സെങ്ങിന്റെ ആദ്യ ഫീച്ചര്‍ സിനിമയാണ് ദ റിട്ടേണ്‍. ദ റിട്ടേണിനെ കുറിച്ചും സിനിമാ സങ്കല്‍പ്പങ്ങളെ കുറിച്ചും ഗ്രീന്‍ സെങ് asianetnews.tvയോട് സംസാരിക്കുന്നു. ഹണി ആര്‍ കെ നടത്തിയ അഭിമുഖം.

ദ റിട്ടേണിനെ എങ്ങനെയാണ് പ്രേക്ഷകര്‍ക്കു പരിചയപ്പെടുത്തുക?

ഒരു യുദ്ധത്തടവുകാരന്‍ തന്റെ മോചനത്തിനു ശേഷം എങ്ങനെ ജീവിക്കുന്നുവെന്നതിനെ കുറിച്ച് ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്. എങ്ങനെ അവരുടെ കുടുംബം ഇതുമായി യോജിച്ച് പോകുന്നു എന്ന്. ഇത്തരം ആള്‍ക്കാരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് എന്റെ രചനകള്‍.  ഈ സിനിമ എന്റെ പിതാവിനുള്ള സമര്‍പ്പണമാണ്. അദ്ദേഹത്തിന്റെ തലമുറയിലുള്ളവര്‍ക്കുമുള്ള സമര്‍പ്പണം. സിനിമയിലെ പ്രധാന കഥാപാത്രം പോലെ എന്റെ പിതാവും ചൈനയില്‍ നിന്ന് വിദ്യാഭ്യാസം നേടി രാഷ്ട്രീയത്തില്‍ താല്‍പര്യം കാട്ടിയിരുന്നു. വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവവുമായിരുന്നു.

വെന്‍ എന്ന രാഷ്ട്രീയതടവുകാരന്റെ കഥയാണ് ദ റിട്ടേണ്‍ പറയുന്നത്. നീണ്ടനാളത്തെ  തടവുശിക്ഷയ്ക്കു ശേഷം അയാള്‍ ജയില്‍ മോചിതനാകുന്നു. കമ്മ്യൂണിസ്റ്റ് ബന്ധം ആരോപിച്ചാണ് അയാളെ അറസ്റ്റുചെയ്യുന്നത്. വൃദ്ധനായി തിരിച്ചെത്തുന്ന അയാള്‍ക്കു തന്റെ രണ്ടു മക്കളുമായി മുന്നോട്ടുപോകാന്‍ ബുദ്ധിമുട്ടേണ്ടിവരുന്നു. അതിനു അയാള്‍ വലിയ വിലയും നല്‍കേണ്ടി വരുന്നു.

വെന്‍ സ്വന്തം നഗരത്തിലൂടെ അലയുകയും നഗരം എങ്ങനെ മെട്രോ പൊളിറ്റിന്‍ സിറ്റി ആയി മാറിയെന്നു മനസ്സിലാക്കുകയും ചെയ്യുകയാണ്. തന്റെ തടവുകാലത്തെ വെന്‍ തികച്ചും താത്വികമായാണ് സമീപിക്കുന്നത്. അതിന്റെ ഓര്‍മ്മകളില്‍ നിന്ന് മുന്നോട്ടുപോകാനും അയാള്‍ക്കാകുന്നുണ്ട്. പക്ഷേ ഒരു ഘട്ടത്തില്‍ അയാളുടെ ഭൂതകാലം വര്‍ത്തമാനകാലവുമായി ഇടകലരുന്നു. മുന്‍കൂട്ടി കാണാന്‍ പറ്റാത്ത ചില സാഹചര്യങ്ങള്‍ അദ്ദേഹത്തിന്റെ യാത്രയെ ദുരന്തത്തിലേക്കു നയിക്കുന്നു.

സിംഗപ്പൂര്‍ റിബല്‍, ടു സിംഗപ്പൂര്‍ വിത്ത് ലൗ എന്നീ ചിത്രങ്ങളിലും സമാനവിഷയം പറയുന്നുണ്ട്. ഇവയ്ക്ക് സിംഗപ്പൂരില്‍ നിരോധനമുണ്ടായിരുന്നു. ദ റിട്ടേണിനോടുള്ള സമീപനം എങ്ങനെയായിരുന്നു? സിംഗപ്പൂരിലും പുറത്തും?

ശരിയാണ് ഇത്തരം സിനിമകള്‍ക്കു സിംഗപ്പൂരില്‍ വിലക്കുണ്ട്. പ്രത്യേക അനുമതിയോടു കൂടിയേ പ്രദര്‍ശിപ്പിക്കാനാകൂ.മുപ്പതാമത് വെനീസ് ചലച്ചിത്രമേളയില്‍ റിട്ടേണ്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അവിടെ നിറഞ്ഞ സദസ്സ് എനിക്ക് അദ്ഭുതമായിരുന്നു. സിനിമയുടെ ആഗോളപ്രമേയമാണ് അവര്‍ക്ക് ഇഷ്ടപ്പെട്ടത്.സിംഗപ്പൂരിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. വിദേശപ്രേക്ഷകരേക്കാള്‍ നാട്ടുകാര്‍ക്ക് സിനിമ കൂടുതല്‍ മനസ്സിലാകും. അവര്‍ വിമര്‍ശനാത്മകമായി ആണ് സിനിമയെ സമീപിച്ചത്. സിനിമ എത്രപേര്‍ കാണുമെന്ന് എനിക്ക് അറിയില്ല. പക്ഷേ ഒരു തുറന്ന മനസ്സോടെ ജനം സിനിമയെ സ്വീകരിക്കും.

അടുത്തകാലത്ത് ഇന്ത്യയിലും സെന്‍സറിംഗിനെക്കുറിച്ച് വലിയ ചര്‍ച്ചകളുണ്ടായിരുന്നു. സെന്‍സര്‍ഷിപ്പിനെ കുറിച്ച് എന്താണ് അഭിപ്രായം. കല അങ്ങനെ സെന്‍സര്‍ ചെയ്‍തു പുറത്തുവിടേണ്ടതാണോ?

ഞാന്‍ ഒരു സിനിമ നിര്‍മ്മിക്കുമ്പോള്‍ സെന്‍സര്‍ഷിപ്പിനെ കുറിച്ചല്ല ആദ്യം ചിന്തിക്കുന്നത്. പ്രേക്ഷകരോട് സംവദിക്കാനാണ് ശ്രമിക്കുന്നത്. എന്റെ ജോലിയുടെ ലക്ഷ്യത്തെ കുറിച്ചുമാത്രമാണ് എന്റെ ശ്രദ്ധ. എന്റെ സിനിമ കഥാപരമായ വിവരണമാണ്. ഡോക്യുമെന്ററി അല്ല. ഞാന്‍ ഒരു ചരിത്രകാരനല്ല. ഒരു ഡോക്യുമെന്ററി സംവിധായകനുമല്ല.  ഒരു കലാകാരന്‍ അല്ലെങ്കില്‍ ചലച്ചിത്രകാരന്‍ എന്ന നിലയില്‍ മാത്രമേ കണക്കിലെടുക്കാവൂ. ചിന്തയെ പ്രകോപിപ്പിക്കുന്ന ഒരു കലാരൂപത്തിനും കാവ്യാത്മകതയ്‍ക്കും ഇടയിലുള്ള ശരിയായ ഒരു ബാലന്‍സിനു വേണ്ടിയാണ് ഞാന്‍ ശ്രമിക്കുന്നത്. ഞാന്‍ കലയില്‍ വിശ്വസിക്കുന്നു. വാസ്‍തവം എന്തെന്ന് അവതരിപ്പിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. അതുപക്ഷേ വസ്തുതകളല്ല.

സിംഗപ്പൂരിന്റെ ചരിത്രത്തെയും ഐഡന്റിറ്റിയും കുറിച്ചുള്ള അന്വേഷണങ്ങളാണ് കലാപ്രവര്‍ത്തനങ്ങളിലൂടെ നടത്തുന്നത് എന്നാണ് താങ്കള്‍ വെബ്സൈറ്റില്‍ സൂചിപ്പിക്കുന്നത്. വിശദമാക്കാമോ?

ചലച്ചിത്രകാരന്‍ എന്നതിനു പുറമേ ഞാനൊരു ആര്‍ട്ടിസ്റ്റ് കൂടിയാണ്. ചരിത്രം രൂപപ്പെട്ട പ്രക്രിയ നമ്മുടെ ജീവിതത്തെ എങ്ങനെ സ്വീധീനിക്കുന്നുവെന്ന് പരിശോധിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. പറയപ്പെടാത്ത ചരിത്രം പരിശോധിക്കുന്നതിലാണ് എന്റെ താല്‍പര്യവും. രാഷ്ട്രീയ തടവ്, പാലായനങ്ങള്‍, വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍, എന്നിവ പ്രമേയമാക്കിയവയാണ് എന്റെ ആര്‍ട് വര്‍ക്കുകള്‍. ഇത് എല്ലാം കൂടി ചേര്‍ന്നതാണ് എന്റെ സിനിമ.

സിംഗപ്പൂരിന്റെ എഴുതപ്പെട്ട ചരിത്രം യഥാര്‍ഥമല്ലെന്നാണോ?

പൊട്ടിച്ചിതറിയ കളിമണ്‍പാത്രമായാണ് ഞാന്‍ ചരിത്രത്തെ കാണുന്നത്. ചിതറിയ ഭാഗങ്ങള്‍ കണ്ടെത്തണം. അവ കൂടി ചേര്‍ക്കണം. എന്റെ ചോദ്യം ഇതാണ്. മണ്‍പാത്രത്തെ പൂര്‍ണ്ണമായും പുനര്‍നിര്‍മ്മിക്കാന്‍ കഴിയുമോ? അത് വിഫലമായ ശ്രമമാണോ?. നഷ്ടപ്പെട്ട ഭാഗങ്ങള്‍ക്ക് എന്ത് സംഭവിക്കും. ആരാണ് ഈ നഷ്ടപ്പെട്ട ഭാഗങ്ങളെ പുനരേകീകരിക്കുന്നത്. എന്റെ വര്‍ക്ക് കാണുമ്പോള്‍ ഈ ചോദ്യങ്ങള്‍ പ്രേക്ഷകരുടെ ഉള്ളില്‍ തോന്നണം എന്നാണ് എന്റെ ആഗ്രഹം.

സമകാലീന സിംഗപ്പൂര്‍ സിനിമകളെ കുറിച്ച്?

1950, 1960 കാലങ്ങളില്‍ സിംഗപ്പൂര്‍ സിനിമയുടെ സുവര്‍ണകാലമാണ്. അക്കാലത്തെ പ്രാദേശിക സിനിമകള്‍ നിര്‍മ്മിച്ചിരുന്നത് പ്രധാനമായും രണ്ടു സ്റ്റുഡിയോകളില്‍ നിന്നാണ്. ഷോ ബ്രദേഴ്സും കാഥേ ഓര്‍ഗനൈസേഷനും. ഇപ്പോള്‍ ഒരുപാട് സിനിമകള്‍ വരുന്നുണ്ടെങ്കിലും അവയൊന്നും ആ സുവര്‍ണകാലത്തിലെ സിനിമകള്‍ക്ക് പകരം വയ്ക്കാനാകുന്നതല്ല.

ഇന്ത്യന്‍ സിനിമകള്‍ ശ്രദ്ധിക്കാറുണ്ടോ? എന്താണ് അഭിപ്രായം?

ഒരുപാട് സിനിമകള്‍ കാണാന്‍ അവസരം കിട്ടിയിട്ടില്ല. ഇന്ത്യന്‍ ചലച്ചിത്രകാരന്‍മാരുടെ പ്രമുഖമായ സിനിമകള്‍ മിക്കതും കാലത്തെ അതിജീവിക്കുന്നവയാണ്. അടുത്തിടെ ഞാന്‍ ഗുര്‍വിന്ദര്‍ സിംഗിന്റെ ദ ഫോര്‍ത് ഡയറക്ഷന്‍ എന്ന സിനിമ കണ്ടു. ചിന്തകളെ ഉദ്ദീപിക്കുന്ന ഒന്നാണ് അത്.

ഐഎഫ്എഫ്‍കെയില്‍ നിന്ന് കൂടുതല്‍ ഇന്ത്യന്‍ സിനിമകള്‍ കാണാനാണ് ആഗ്രഹം. അതുകൊണ്ടുതന്നെ ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ ടു ഡേ എന്നീ കാറ്റഗറിയിലാണ് ഞാന്‍ ശ്രദ്ധിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

സിനിമയ്‌ക്കുള്ളിലെ സിനിമ, പലസ്‌തീനിയന്‍ പ്രതിരോധം; വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഗാസ- റിവ്യൂ
'നീ നശിച്ച് പോകുമെടാ..ഗുണം പിടിക്കില്ല' എന്നിങ്ങനെ ശാപവാക്ക്, മമ്മൂട്ടി ആരാധകൻ അടിക്കാൻ വന്നു; അശ്വന്ത് കോക്ക്