12 മണിക്കൂര്‍, രണ്ട് പേര്‍, ഇമവെട്ടാതെ കാണണം 'മചുക'

By സുധീഷ് പയ്യന്നൂര്‍First Published Jun 8, 2017, 4:54 PM IST
Highlights

സിനിമയോടുള്ള ഇഷ്ടം...

ചെറുപ്പം മുതലേ ധാരാളം സിനിമ കാണുമായിരുന്നു. വീടിനടുത്തുള്ള രണ്ടു തിയേറ്ററുകളിലും വരുന്ന എല്ലാ സിനിമകളും പോയി കാണുമായിരുന്നു. സുഹൃത്തുക്കളായാലും പറയാനുള്ള വര്‍ത്തമാനങ്ങളില്‍ സിനിമ തന്നെ ആയിരുന്നു. ഡിഗ്രി കഴിഞ്ഞ കാലം ഡോക്യൂമെന്ററിയും ഷോര്‍ട് ഫിലിമുമായി നടക്കുന്ന കാലത്ത് ഒരു സീരിയലിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുമായി തിരുവനന്തപുരത്തു ഒരു സ്റ്റുഡിയോയില്‍ കുറച്ചു വര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. ആ സമയത്തു തന്നെ എഡിറ്റിംഗ്, റെക്കോര്‍ഡിങ് തുടങ്ങിയവയൊക്കെ പഠിച്ചു.

അങ്ങനെ ഒരു സിനിമ  സ്റ്റുഡിയോയില്‍ എങ്ങനെ ഉണ്ടാക്കുന്നത് എന്നൊക്കെ പഠിച്ചത് ഒരു ആവേശം തന്നെ ആയി. അപ്പോഴും ഷോര്‍ട് ഫിലിം എന്നതിനപ്പുറത്തേക്കു സിനിമ ചിന്ത പോയിട്ടും ഇല്ല.

ആ സമയത്താണ് തമിഴില്‍ 'സുബ്രഹ്മണ്യപുരം' സിനിമ ഇറങ്ങുന്നത്. അത് നല്ലൊരു ടീം വര്‍ക്കിന്റെ സിനിമ ആയി. അപ്പോ നമ്മുടെ കൂടെ ഉണ്ടായിരുന്ന ചങ്ങാതിമാരൊക്കെ സിനിമ എന്ന സ്വപ്നത്തിലേക്ക് വന്നെങ്കിലും നേരിടേണ്ടി വന്ന പ്രതിസന്ധികള്‍ക്കിടയില്‍ കൂടെ ഉള്ളവരൊക്കെ പോയി. സിനിമ എന്ന തീരുമാനത്തില്‍ ഉറച്ചു നിന്നതു കൊണ്ട് എനിക്ക് അത് ചെയ്യാന്‍ പറ്റി എന്നതാണ് സത്യം. 

സന്തോഷ് ഏച്ചിക്കാനം

വഴികാട്ടിയും ചങ്ങാതിയും...

സിനിമ മേഖലയില്‍ ആകെ ഉള്ള ചങ്ങാതി സന്തോഷ് ഏച്ചിക്കാനം ആയിരുന്നു. നമുക്കൊരു കഥ പറയാനും അതിനെക്കുറിച്ചു സംസാരിക്കാനുമുള്ള സ്‌പേസ് അദ്ദേഹം തന്നിരുന്നു.അദ്ദേഹം മുഖേന ചില ചിത്രങ്ങളില്‍ അസിസ്റ്റ് ചെയ്യാനുള്ള അവസരം ആദ്യം ലഭിച്ചെങ്കിലും മറ്റു ചില കാരണങ്ങളാല്‍ അത് നഷ്ടമായി. അങ്ങനെ ഒരു സാഹചര്യത്തിലാണ് സ്വന്തമായി ഒരു കഥ തന്നെ എടുത്തു സംവിധാനം ചെയ്യാന്‍ സന്തോഷേട്ടന്‍ പറഞ്ഞത്. അങ്ങനെ ആണ് 'മചുക' ജനിക്കുന്നത്. 

'മചുക' എന്ന സിനിമ ജനിക്കുമ്പോള്‍...

പലതരത്തില്‍ ശ്രമങ്ങള്‍ നടത്തുന്നതിനിടയില്‍ സന്തോഷേട്ടന്റെ വാക്കുകള്‍ മാനിച്ചു കൊണ്ടാണ് സിനിമ ചെയ്യാം എന്ന് ഉറപ്പിച്ചത്. എല്ലാ തരത്തിലും എല്ലാ സമയത്തും സിനിമ വരുന്ന മലയാളത്തില്‍ ഒരു കൊച്ചു സിനിമ കൊണ്ട് വന്നാല്‍ ശ്രദ്ധിക്കപ്പെടണം എന്നില്ല. എങ്കിലും ചെറിയ ബഡ്ജറ്റില്‍ ഒരു വ്യത്യസ്ത സിനിമ ചെയ്യണം എന്ന് ഉറപ്പിച്ചിരുന്നു. അങ്ങനെ കുറച്ചു താരങ്ങളെ വച്ച് ബഡ്ജറ്റ് കുറച്ചു ചെയ്യാനുള്ള പ്ലാന്‍ ചെയ്യുന്നു. അങ്ങനെ ആലോചിച്ചപ്പോള്‍ വന്ന ത്രെഡ് ആയിരുന്നു ഈ ചിത്രത്തിന്റേത്. പക്ഷെ സിനിമ മൊത്തം എഴുതി കഴിഞ്ഞപ്പോള്‍ നല്ല രീതിയില്‍ തന്നെ കമ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റുന്ന സിനിമ എന്നത് ഉറപ്പായിരുന്നു. 

സിനിമ കണ്ടവര്‍ പറഞ്ഞത്..

സംവിധായകന്‍ സലിം അഹമ്മദ് ചിത്രം കണ്ടിട്ട് വളരെ നല്ല അഭിപ്രായം പറഞ്ഞു. സിനിമയെ സമ്പന്നമാക്കാന്‍ നയന മനോഹരമായ ദൃശ്യങ്ങള്‍ക്ക് പിറകെ മിക്ക സിനിമകളും പോകുമ്പോള്‍ ഒരൊറ്റ സ്ഥലത്തു രണ്ടു പ്രധാന കഥാപാത്രങ്ങളെ വച്ച് രണ്ടു മണിക്കൂര്‍ ബോറടിപ്പിക്കാതെ കഥ പറഞ്ഞത് തന്നെ ആണ് ചിത്രത്തിന്റെ മികവ് എന്നാണു അദ്ദേഹം പറഞ്ഞത്. പരീക്ഷണ രീതികളില്‍ തനിക്കു ചെയ്യാന്‍ പറ്റാതെ പോയ പ്രമേയം ആയിരുന്നു എന്നാണ് സംവിധായകന്‍ ജയരാജ് ചിത്രത്തെ കുറിച്ച് പ്രതികരിച്ചത്. 

ജയന്‍ വന്നേരി

സിനിമയുടെ ഏറ്റവും വലിയ ശക്തി..

നമ്മളെത്രയൊക്കെ പ്ലാന്‍ ചെയ്താലും നിര്‍മാതാവ് തന്നെ ആണ് ഏറ്റവും വലിയ ശക്തി. ഈ സിനിമ ഇങ്ങനെ ആയതിന്റെയും പ്രധാന കാരണം നിര്‍മാതാവ് രാജേഷേട്ടന്‍ ആണ്. അദ്ദേഹം എന്നോട് ആവശ്യപ്പെട്ടത് 'എനിക്ക് ഒരു നല്ല സിനിമ ചെയ്യണം' എന്നായിരുന്നു. കണ്ടു ശീലിച്ചതില്‍ നിന്നും മാറി ഒരു സിനിമ. സത്യസന്ധമായി ആസ്വദിച്ചു ചെയ്യുക എന്നതും അദ്ദേഹം പറഞ്ഞതാണ്. അതുകൊണ്ടു തന്നെ ആണ് എനിക്ക് ഈ ചിത്രം എനിക്ക് നന്നായി ചെയ്യാന്‍ പറ്റിയത് എന്ന് തന്നെ ആണ് എന്റെ വിശ്വാസം. എല്ലാ തരത്തിലും എപ്പോഴും അദ്ദേഹം കൂടെ ഉണ്ടായിരുന്നു. വിതരണക്കാര്‍ക്കിടയില്‍ നിന്നും വന്ന പ്രശ്‌നം കൊണ്ട് മാത്രം ആണ് സിനിമ ഇത്രയെങ്കിലും വൈകിയത്. 

സിനിമയെപ്പറ്റി.. 

ഇ​തൊ​രു ബു​ദ്ധി​ജീ​വി സി​നി​മ​യോ അ​വാ​ർ​ഡ് സി​നി​മ​യോ അ​ല്ല. പ​ക്ഷേ, ഒ​രു സാ​ധാ​ര​ണ​സി​നി​മ കാ​ണു​ന്ന ലാ​ഘ​വ​ത്തോ​ടെ ഈ ​സി​നി​മ കാ​ണാ​നു​മാ​വി​ല്ല. അ​തി​നു കു​റ​ച്ചു ശ്ര​ദ്ധ ആ​വ​ശ്യ​മാ​ണ്. ആദ്യ പകുതി കുറച്ചു മെല്ലെ പോകുന്ന സിനിമ ആണ്. ചിലപ്പോൾ ചില സീനുകൾ എന്തിനാണ് കാണിച്ചതെന്ന് പോലും പ്രേക്ഷകർക്ക് തോന്നിയേക്കാം. പക്ഷെ, എല്ലാ തോന്നലുകൾക്കും ഉള്ള ഉത്തരം രണ്ടാം പകുതി തരും. ഒരു ത്രില്ലർ മൂഡിലാണ് സിനിമയുടെ രണ്ടാം പകുതി മൊത്തം. ശ്രദ്ധയോടെ കാണേണ്ട ഒരു സിനിമ ആണ് മചുക എന്നത് ഉറപ്പിച്ചു പറയുന്നു. സിനിമ കഴിയുമ്പോഴും അത് മനസിലാക്കാനുള്ള എല്ലാം സിനിമയുടെ ആദ്യ പകുതിയും പറയുന്നുണ്ട്. 

'മചുക' എന്ന പേര്...

മ​ഞ്ഞ, ചു​വ​പ്പ്, ക​റു​പ്പ് എ​ന്ന​തി​ന്‍റെ ചു​രു​ക്ക​രൂ​പ​മാ​ണു 'മ​ചു​ക'. മ​ചു​ക ഒരു ബ്ര​സീ​ലി​യ​ൻ വാ​ക്കാ​ണ്. ആ​ഴ​ത്തി​ലു​ള്ള വേ​ദ​ന എ​ന്നാ​ണ് അ​തി​ന്‍റെ അ​ർ​ഥം. ഈ ​ര​ണ്ടു കാ​ര്യ​ങ്ങ​ൾ​ക്കും സി​നി​മ​യു​മാ​യി അ​ഭേ​ദ്യ​ബ​ന്ധ​മു​ണ്ട്. ഇതിലെ പ്രധാന കഥാപാത്രമായ അഡ്വക്കറ്റ് അറിവഴകൻ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ ആണ് ചിത്രം പ്രധാനമായും പറയുന്നതും. ജീവിതത്തെയും കാലത്തെയും ബന്ധിപ്പിക്കുന്ന നിറങ്ങൾ കൂടെ ആണ് ചിത്രം പറയുന്നത്. ദാമ്പത്യവും പ്രണയവും സംഘർഷവും ഒക്കെ വന്നു പോകുന്ന, ഒരു സൈക്കോ ത്രില്ലർ മൂഡിലാണ് കഥ പോകുന്നതും. 12 മണിക്കൂർ സമയത്തിന്റെ ഇടയിൽ നടക്കുന്ന ഈ സിനിമ കാണുമ്പോൾ പ്രേക്ഷകരോട് പറയാനുള്ളത് - ശ്രദ്ധയോടെ ഈ സിനിമ കാണുക എന്നത് മാത്രമാണ്. 

പശുപതിയ്‌ക്കൊപ്പം സംവിധായകന്‍

പ്രധാന കഥാപാത്രങ്ങൾ..

പശുപതി അവതരിപ്പിക്കുന്ന അഡ്വക്കറ്റ് അറിവഴകൻ ആണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രം. ഒരുപാട് ഷേഡുകൾ ഉള്ള കഥാപാത്രമാണ്, സിനിമ മുന്നോട്ടു പോകുമ്പോൾ മാത്രമാണ് അത് പ്രേക്ഷകർക്ക് മനസിലാകുന്നത്. നായിക ജനനി അയ്യർ നിവേദിത എന്ന പത്രപ്രവർത്തകയെ അവതരിപ്പിക്കുന്നു. ഈ രണ്ടു കഥാപാത്രങ്ങൾ തമ്മിലുള്ള സൗഹൃദത്തിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നത്. പിന്നീട് തീർച്ചയായും പ്രേക്ഷകർക്ക് പ്രതീക്ഷിക്കുന്നതിനപ്പുറം സിനിമ നൽകും. പശുപതിയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന് തന്നെ ആയിരിക്കും ഇത് എന്നതിൽ ഒരു സംശയവും ഇല്ല. 

അണിയറയിൽ 

സിനിമയ്ക്കു പിറകിലും മികച്ച ആള്‍ക്കാര്‍ തന്നെ ഉണ്ട്. സംഗീതം കൈകാര്യം ചെയ്തത് ഗോപി സുന്ദർ, ഛായാഗ്രഹണം ജോമോൻ തോമസ്, എഡിറ്റിംഗ് വി​ജ​യ് ശ​ങ്ക​ർ എന്നിവരാണ്. ടെക്നിക്കലി ഈ ചിത്രത്തിന് ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്തിട്ടേ ഇല്ല. 

സിനിമ കാണാൻ പോകുന്ന പ്രേക്ഷകരോട്...

സത്യസന്ധമായി ചെയ്ത വ്യത്യസ്തമായ സിനിമ ആണ്. ശ്രദ്ധയോടെ കണ്ടിരിക്കേണ്ട സിനിമ ആണ് എന്നത് മാത്രമാണ് പ്രേക്ഷകരോട് പറയാനുള്ളത്. ബാക്കി അവർ തീരുമാനിക്കട്ടെ. ഇഷ്ടമായാലും ഇഷ്ടപ്പെട്ടില്ലെങ്കിലും പറയുക. 

പശുപതി, ജനനി അയ്യർ

പുതിയ സിനിമ

അനുരാഗം ദ ആര്‍ട്ട് ഓഫ് തേപ്പ്  തുടങ്ങി. ഒരു ഷെഡ്യൂള്‍ കഴിഞ്ഞു. പേരുപോലെ തന്നെ പ്രണയമാണു പ്രമേയം. തീര്‍ത്തും ഒരു കൊമേഴ്‌സ്യല്‍ ഫോര്‍മുലയിലുള്ള ചിത്രം ആണ്. അഞ്ചു വ്യത്യസ്തമായ പ്രണയങ്ങള്‍ സങ്കലനം ചെയ്തിരിക്കുന്നു. ഒരു കഥയ?ലെ അഞ്ചു കഥാപാത്രങ്ങള്‍ വ്യത്യസ്ത കാലഘട്ടങ്ങളിലുണ്ടായ അവരുടെ പ്രണയം പങ്കുവയ്ക്കുന്നതാണു പ്രമേയം. പ്രണയത്തിന്റെ അഞ്ചു തലങ്ങള്‍, അഞ്ചു ഭാവങ്ങള്‍. അതില്‍ എല്ലാ ജനറേഷന്റെയും പ്രണയമുണ്ട്. ജൂഡ് ആന്റണി, അജു വര്‍ഗീസ്, കലാഭവന്‍ ഷാജോണ്‍, വിജയരാഘവന്‍, ജോജു മാള, അഭിരാമി,  ലിജോ മോള്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങള്‍. 

സിനിമയിലേക്കുള്ള യാത്രകള്‍ അങ്ങനെ ആണ്.എപ്പോഴാണ് ലക്ഷ്യത്തില്‍ എത്തുക എന്നറിയാന്‍ പറ്റില്ല. ഒരു നവാഗത സംവിധായകന്‍ വരുമ്പോള്‍ പറയാനുള്ള കഥയുടെ പുതുമ തന്നെ ആണ് പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്. 'മചുക' നിരാശപ്പെടുത്തില്ല എന്ന് തന്നെ പ്രതീക്ഷിക്കാം. 

click me!