ഐഎഫ്‌എഫ്‌ഐ 2018: മക്കനയുടെ പിറവി മുന്നിലെത്തിയ ഒരു കേസില്‍ നിന്ന്‌, സംവിധായകൻ പറയുന്നു

By Nirmal SudhakaranFirst Published Nov 25, 2018, 2:00 PM IST
Highlights

ഗോവ ചലച്ചിത്രമേളയില്‍ ഇന്ത്യൻ പനോരമയില്‍ പ്രദര്‍ശിപ്പിച്ച മക്കനയുടെ സംവിധായകന്‍ റഹിം ഖാദര്‍ സംസാരിക്കുന്നു. നിര്‍മ്മല്‍ സുധകരൻ നടത്തിയ അഭിമുഖം.

കഴിഞ്ഞ 13 വര്‍ഷങ്ങളായി ലോക്കല്‍ പൊലീസില്‍ ജോലി നോക്കുന്ന ഒരാള്‍. ഒരു സംവിധായകനൊപ്പവും അസിസ്റ്റ്‌ ചെയ്യാതെ ഷോര്‍ട്ട്‌ ഫിലിമുകളും ടെലി ഫിലിമുമൊക്കെ ഒരുക്കി സിനിമ പഠിക്കുന്നു. പിന്നീടൊരുക്കിയ ആദ്യ സിനിമ തന്നെ ഇന്ത്യന്‍ പനോരമയിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുന്നു! മക്കന എന്ന സിനിമയുമായി ഗോവ ചലച്ചിത്രമേളയിലെത്തിയ പെരുമ്പാവൂര്‍ സ്വദേശി റഹിം ഖാദറാണ്‌ ആ പൊലീസുകാരന്‍, സംവിധായകനും. ജീവിതവും സിനിമയും പറയുന്നു അദ്ദേഹം.. നിര്‍മ്മല്‍ സുധാകരൻ നടത്തിയ അഭിമുഖം.

സ്‌കൂള്‍ കാലത്തേ തുടങ്ങിയ ആഗ്രഹം

ഏഴാം വയസ്സില്‍ ആദ്യമായി സിനിമ കാണുന്ന കാലം മുതല്‍ തുടങ്ങിയതാണ്‌ അതിനോടുള്ള ആഗ്രഹം. നടന്‍ ആവുക എന്നതല്ലായിരുന്നു, ഒരു സംവിധായകന്‍ ആവണമെന്നായിരുന്നു അന്നേയുള്ള മോഹം. പഠിക്കുന്നകാലത്ത്‌ നാടകങ്ങള്‍ അവതരിപ്പിച്ചിരുന്നു. പിന്നീട്‌ ചില ഷോര്‍ട്ട്‌ ഫിലിമുകള്‍ക്ക്‌ തിരക്കഥ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌. 2004ല്‍ സൂര്യ ടിവിക്ക് വേണ്ടി ഒരു ലഘു സിനിമ ചെയ്‌തിരുന്നു. പിന്നീട്‌ നാല്‌ ഹോം സിനിമകള്‍ ചെയ്‌തു.

പോപ്പുലര്‍ സിനിമ എടുക്കണമെന്ന ആഗ്രഹത്തിലാണ്‌ ഞാന്‍ ഈ രംഗത്തേയ്‍ക്കു വന്നതുതന്നെ. അവാര്‍ഡ്‌ സിനിമാക്കാരന്‍ എന്ന കാറ്റഗറിയില്‍ പെടാന്‍ ആഗ്രഹിക്കുന്ന ആളല്ല. കുറച്ചുകൂടി വലിയ ക്യാന്‍വാസില്‍ ഒരു സിനിമ എടുക്കാനാണ്‌ ഞാന്‍ ആദ്യം ശ്രമിച്ചത്‌. പക്ഷേ നിര്‍മ്മാതാവിനെ കിട്ടിയില്ല. അപ്പോഴാണ്‌ പൊലീസ്‌ ജോലിയുടെ ഭാഗമായി മുന്നിലെത്തിയ ഒരു സംഭവത്തില്‍ സിനിമ ചെയ്യാം എന്ന്‌ തോന്നിയത്‌. അങ്ങനെയാണ്‌ മക്കനയിലേക്ക്‌ എത്തുന്നത്‌. ഒരു ആര്‍ട്ട്‌ ഹൗസ്‌ ഫോര്‍മാറ്റിലല്ല ഈ സിനിമയെയും സമീപിച്ചിരിക്കുന്നത്‌.

മക്കനയുടെ പിറവി മുന്നിലെത്തിയ ഒരു കേസില്‍ നിന്ന്‌

13 വര്‍ഷമായി ലോക്കല്‍ പൊലീസില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട്‌. ഞാൻ ജോലി ചെയ്‌ത സ്‌റ്റേഷനുകളിലൊക്കെ മാസത്തില്‍ പതിനഞ്ചോളം മിസ്സിംഗ്‌ കേസുകള്‍ രജിസ്‌റ്റര്‍ ചെയ്യപ്പെടാറുണ്ട്‌. അതില്‍ കൂടുതലും ഇന്റര്‍കാസ്റ്റ്‌ പ്രണയങ്ങളായിരിക്കും. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ദയനീയ മുഖങ്ങളാണ്‌ എന്റെ കണ്ണില്‍ ഉടക്കിയിട്ടുള്ളത്‌. അത്‌ പലപ്പോഴും എന്നെ നൊമ്പരപ്പെടുത്തിയിട്ടുണ്ട്‌. ആലുവ സ്റ്റേഷനില്‍ ഇരിക്കുമ്പോഴും ഇത്തരമൊരു കേസ്‌ വന്നു. അത്‌ അവരുടെ ഏകമകളായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്‍ ഒരു ദിവസം സ്റ്റേഷനില്‍ തലകറങ്ങി വീണു. ഒരു മൂന്നാല്‌ ദിവസം അയാളുടെ മുഖം തന്നെയായിരുന്നു എന്റെ മനസ്സില്‍. അതില്‍ ഒരു സിനിമ ചെയ്യാനുള്ള ഉള്ളടക്കമുണ്ടെന്ന്‌ പെട്ടെന്ന്‌ എന്റെ മനസ്സില്‍ തോന്നി. ഇതേസിനിമ കുറേക്കൂടി വലിയ ക്യാന്‍വാസിലാണ്‌ ആദ്യം ആലോചിച്ചത്‌. എന്നാല്‍ നിര്‍മ്മാതാവിനെ ലഭിച്ചില്ല. പിന്നീടാണ്‌ ഇപ്പോള്‍ നിങ്ങള്‍ കാണുന്ന സിനിമയിലേക്ക്‌ എത്തുന്നത്‌. മൂന്നാഴ്‌ച കൊണ്ട്‌ തിരക്കഥ പൂര്‍ത്തിയാക്കി. അലി കാക്കനാട്‌ എന്ന പ്രൊഡ്യൂസര്‍ സിനിമ നിര്‍മ്മിക്കാന്‍ തയ്യാറായി എത്തി.

ഇന്ദ്രന്‍സ്‌ പറഞ്ഞു, 'ഇത്‌ നമ്മള്‍ ചെയ്‌തിരിക്കും'

ആ കഥാപാത്രത്തെ എഴുതുമ്പോള്‍ തന്നെ ഇന്ദ്രന്‍സിന്റെ മുഖമായിരുന്നു എന്റെ മനസ്സില്‍. എന്റെയൊരു സുഹൃത്താണ്‌ ഇന്ദ്രന്‍സിനോട്‌ ആദ്യം ഇക്കാര്യം സംസാരിച്ചത്‌. അദ്ദേഹം തിരക്കഥ ആവശ്യപ്പെട്ടു. പിറ്റേന്ന്‌ അദ്ദേഹത്തിന്റെ ഫോണ്‍ കോള്‍ കേട്ടാണ്‌ ഞാന്‍ ഉണര്‍ന്നത്‌. ആദ്യ കോളില്‍ത്തന്നെ ഈ സിനിമ എന്തായാലും നമ്മള്‍ ചെയ്യുമെന്ന്‌ അദ്ദേഹം വാക്ക്‌ തന്നു. ഇന്ദ്രന്‍സ്‌ ഇല്ലാത്ത 'മക്കന'യെക്കുറിച്ച്‌ എനിക്കിപ്പോള്‍ ചിന്തിക്കാന്‍ പോലും കഴിയില്ല. പിന്നീട്‌ സജിത മഠത്തില്‍, തെസ്‌നി ഖാന്‍ എന്നിവരൊക്കെ എത്തി.

'പനോരമ എനിക്ക്‌ ഓസ്‌കര്‍ പോലെ'

'ഗോവ ഫിലിം ഫെസ്റ്റിവലില്‍ ആദ്യമായാണ്‌ വരുന്നത്‌. ഐഎഫ്‌എഫ്‌കെയില്‍ മാത്രമേ മുന്‍പ്‌ പങ്കെടുത്തിട്ടുള്ളൂ. ഇവിടെ ആദ്യമായി എത്തുന്നത്‌ തന്നെ സ്വന്തം സിനിമയുമായാണ്‌ എന്നത്‌ വലിയ സന്തോഷം. എന്നെ സംബന്ധിച്ച്‌ ഈ എന്‍ട്രി ഒരു ഓസ്‌കറിന്‌ തുല്യമാണ്‌.' എന്നാല്‍ വരുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ചിത്രം പ്രദര്‍ശനത്തിനില്ലെന്ന്‌ പറയുന്നു റഹിം ഖാദര്‍. എന്നാല്‍ അതില്‍ പരാതിയൊന്നുമില്ല അദ്ദേഹത്തിന്‌. ചിത്രം അയയ്‌ക്കാന്‍ താമസിച്ചെന്നും തെരഞ്ഞെടുക്കപ്പെടാതിരിക്കാന്‍ അതൊരു കാരണമായിരിക്കാമെന്നും പറയുന്നു റഹിം ഖാദര്‍. അടുത്ത വര്‍ഷം തുടക്കത്തില്‍ ചിത്രം തീയേറ്ററുകളിലെത്തിക്കാനുള്ള ശ്രമം നടക്കുകയാണെന്നും.

20 ദിവസത്തെ ലീവ്‌; ഒഴിവുസമയത്തെ പോസ്‌റ്റ്‌ പ്രൊഡക്ഷന്‍

ഷൂട്ടിന്‌ വേണ്ടി എടുത്തത്‌ 20 ദിവസത്തെ ലീവാണ്‌. പക്ഷേ 17 ദിവസം കൊണ്ട്‌ ഷൂട്ട്‌ തീര്‍ത്തു. മേലുദ്യോഗസ്ഥന്മാരൊക്കെ വലിയ സപ്പോര്‍ട്ട്‌ ആയിരുന്നു. പോസ്‌റ്റ്‌ പ്രൊഡക്ഷനൊക്കെ ജോലിക്കിടയില്‍ നിന്ന്‌ സമയം കണ്ടെത്തിയാണ്‌ പൂര്‍ത്തിയാക്കിയത്‌. അതിനാല്‍ ഫസ്റ്റ്‌ കോപ്പി ആവാന്‍ താമസമെടുത്തു.

ഇനി ഒരു കൊമേഴ്‌സ്യല്‍ സിനിമ ചെയ്യണമെന്നാണ്‌ കൂടുതല്‍ താല്‍പര്യമെന്ന്‌ പറയുന്നു, റഹിം. 'എന്നാല്‍ മക്കന പോലെയുള്ള കഥകള്‍ പറയുന്ന ചെറിയ സിനിമകള്‍ എടുക്കണമെന്ന്‌ ചില സുഹൃത്തുക്കളൊക്കെ ആവശ്യപ്പെടുന്നുണ്ട്‌. അടിയന്തരാവസ്ഥയെ അടിസ്ഥാനമാക്കിയുള്ള ഒരു കഥ മനസ്സിലുണ്ട്‌. പക്ഷേ അടുത്തതായി ചെയ്യുന്നത്‌ ഒരു കൊമേഴ്‌സ്യല്‍ സിനിമ ആയിരിക്കും.'

ഫസ്റ്റ്‌ കോപ്പി കാണാതെ പോയ മകള്‍

നന്നായി എഴുതുകയും സിനിമ കാണുകയും വിലയിരുത്തുകയുമൊക്കെ ചെയ്യുന്ന കുട്ടിയായിരുന്നു എന്റെ മകള്‍. അവള്‍ക്ക്‌ കാന്‍സര്‍ ആയിരുന്നു. ഈ സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ സമയത്ത്‌ അവള്‍ക്ക്‌ ചികിത്സ നടക്കുന്നുണ്ട്‌. വാപ്പച്ചി എന്തായാലും ഈ സിനിമ പൂര്‍ത്തിയാക്കണമെന്നും എന്റെ അസുഖമോര്‍ത്ത്‌ വിഷമിച്ച്‌ ഇരിക്കേണ്ടെന്നും അവള്‍ പറഞ്ഞു. പിന്നെ അസുഖം ഭേദമാവുന്നതിന്റെ ലക്ഷണങ്ങളുമുണ്ടായിരുന്നു അപ്പോള്‍. പിന്നീട്‌ രോഗം മോശമായ ഒരവസ്ഥയില്‍ അവള്‍ പടം കാണണമെന്ന ആഗ്രഹം പറഞ്ഞു. അപ്പോള്‍ സിനിമയുടെ റീ റെക്കോര്‍ഡിംഗ്‌ കഴിഞ്ഞിരുന്നില്ല. ഒരു ഭാഗം ഞാന്‍ മോളെ കൊണ്ടുകാണിച്ചു. അവള്‍ നല്ല അഭിപ്രായം പറഞ്ഞു. അതിനുശേഷം രണ്ടാഴ്‌ച കഴിഞ്ഞപ്പോഴാണ്‌ അവള്‍ ഞങ്ങളെ വിട്ടു പോയത്‌. ഞാന്‍ എഴുതുന്ന തിരക്കഥയൊക്കെ ആദ്യം വായിക്കുന്നതും അഭിപ്രായം പറയുന്നതും അവളായിരുന്നു. ഇപ്പോഴത്തെ നേട്ടത്തില്‍ അവള്‍ ഒപ്പമില്ലാത്തതിന്റെ സങ്കടമുണ്ട്‌. അവള്‍ക്കാണ്‌ ഈ സിനിമ ഞാന്‍ സമര്‍പ്പിച്ചിരിക്കുന്നത്‌.

click me!