കാസ്രോട്ടുകാരനായി മമ്മൂക്ക ജോറുബാറാക്കി: പി വി ഷാജികുമാര്‍

By Web DeskFirst Published Apr 13, 2017, 7:21 AM IST
Highlights

പുത്തന്‍പണത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം മമ്മൂട്ടിയുടെ കാസര്‍ഗോഡ് ഭാഷയാണ്. മമ്മൂട്ടിയെയും മറ്റു നടന്‍മാരെയും കാസര്‍ഗോഡ് ഭാഷ പഠിക്കാന്‍ സഹായിച്ചത് കഥാകൃത്തും ടേക്ക് ഓഫ്, കന്യകാ ടാക്കീസ് എന്നീ സിനിമകളുടെ തിരക്കഥാകൃത്തുമായ പി വി ഷാജികുമാറാണ്. സംഭാഷണമെഴുതാന്‍ സംവിധായകന്‍ രഞ്ജിത്തിന് ഒപ്പം സഹകരിച്ച പി വി ഷാജികുമാര്‍ പുത്തന്‍പണത്തിന്റെ അനുഭവങ്ങള്‍  asianetnews.tvയോട് പങ്കുവയ്ക്കുന്നു.

പുത്തന്‍പണത്തില്‍ എത്തിയ വഴി..

പുത്തന്‍ പണത്തില്‍ കുമ്പളക്കാരനായ നിത്യാനന്ദ ഷേണായി ആയാണ് മമ്മൂക്ക അഭിനയിക്കുന്നത്. മമ്മൂക്കയും മമ്മൂക്കയുടെ കൂട്ടാളികളും കാസര്‍ഗോഡന്‍ സ്ലാങിലുള്ള മലയാളമാണ് സംസാരിക്കുന്നത്. കാസര്‍ഗോഡന്‍ ഡയലോഗുകള്‍ എഴുതാനും അത് കൃത്യമായി പറഞ്ഞുപഠിപ്പിക്കാനുമാണ് രഞ്ജിയേട്ടന്‍ (രഞ്ജിത്ത്) എന്നെ വിളിക്കുന്നത്.

രഞ്ജിയേട്ടന്റെ സെറ്റിലെത്തുന്നതിനു മുമ്പ് മമ്മൂക്കയുമായി ചെറിയൊരു പരിചയമുണ്ട്. നടനും എഴുത്തുകാരനുമായ ശ്രീരാമേട്ടന്‍ (വി കെ ശ്രീരാമന്‍) അഡ്മിന്‍ ആയിട്ടുള്ള ഞാറ്റുവേല എന്ന വാട്സ് ആപ് ഗ്രൂപ്പുണ്ട്. അതില്‍ മമ്മൂക്കയും അംഗമാണ്. ഒരു ദിവസം ഒട്ടോ റെനോ കാസ്റ്റിലെയുടെ 'അപ്പോളിക്കല്‍ ഇന്റലക്ച്വല്‍സ്' എന്ന കവിത കാസര്‍ഗോഡ് ശൈലിയില്‍ പരിഭാഷപ്പെടുത്തി ഞാറ്റുവേലയില്‍ ഞാന്‍ ഇടുകയുണ്ടായി. അത് വായിച്ച് ഞാനിതൊന്ന് പാടിനോക്കട്ടെ എന്നും പറഞ്ഞ് മമ്മൂക്ക അത് ഞാറ്റുവേലയുടെ ആദ്യ വാര്‍ഷിക സമ്മേളനത്തില്‍വെച്ച് പാടി. അതെന്നെ സംബന്ധിച്ചിടത്തോളം വലിയ അംഗീകരാമായിരുന്നു. അതാണ് തുടക്കം.

നാട്ടുഭാഷയെ പരിഹസിക്കാത്ത മഹാനടന്‍

മൂന്നു മാസമാണ് പുത്തന്‍ പണത്തില്‍ മമ്മൂക്കയുടെ കൂടെയുണ്ടായിരുന്നത്, ഷൂട്ടിങ് മുതല്‍ ഡബ്ബിങ് തീരുംവരെ. മമ്മൂക്കയെന്ന് മഹാനടന്റെ കൂടെ വര്‍ക്ക് ചെയ്യുന്നതിന്റെ പരിഭ്രമവും ആശങ്കകളും വല്ലാതെയുണ്ടായിരുന്നു. നമുക്കങ്ങനെ പരിചയങ്ങളില്ലല്ലോ. അതിന്റെയൊരിത്. പക്ഷേ എല്ലായ്പ്പോഴും ഏറെ സ്നേഹത്തോടെയാണ് അദ്ദേഹം പെരുമാറിയത്.

പൊതുവെ ആളുകള്‍ കാസര്‍ഗോഡന്‍ ശൈലിയിലുള്ള മലയാളം കേള്‍ക്കുമ്പോള്‍ പരിഹസിക്കുക പതിവാണ്, ഇതെന്ത് ഭാഷയാണെന്നൊക്കെപ്പറഞ്ഞ്.. എനിക്ക് ഏറ്റവും വലിയ സന്തോഷം തോന്നിയത്, ഒരിക്കല്‍ പോലും മമ്മൂക്ക കാസര്‍ഗോഡന്‍ ശൈലിയെ പരിഹസിച്ച് സംസാരിച്ചിട്ടില്ല എന്നതാണ്. അത് ചെറിയൊരു കാര്യമല്ല. ഓരോ നാടിന്റെയും സംസ്കാരത്തിന്റെ ഭാഗമാണ് ഭാഷ. ഒരു ഭാഷയ്‍ക്കു തന്നെ നാടിനനുസരിച്ച് പല പല ശൈലികളുമുണ്ടാവാം, പുതിയ വാക്കുകളുണ്ടാവാം, പ്രയോഗങ്ങളുണ്ടാവാം. ഭാഷയെ ബഹുമാനിക്കുമ്പോള്‍ ആ സംസ്കാരത്തെയാണ് ബഹുമാനിക്കുന്നത്. ഞങ്ങള്‍ കാസര്‍ഗോട്ടുകാര്‍ ഉപയോഗിക്കുന്ന ഓരോ വാക്കുകളും പ്രയോഗങ്ങളും വളരെ ശ്രദ്ധയോടെ കേള്‍ക്കുകയും മനസ്സിലാക്കുകയും അത് പറയാന്‍ വളറെ താല്‍പ്പര്യം കാണിക്കുകയും ചെയ്തു മമ്മൂക്ക. അഭിനയിക്കുന്ന വേളയില്‍ കാസര്‍ഗോഡന്‍ ശൈലിയില്‍ മമ്മൂക്ക സംസാരിക്കുന്നത് കാണുമ്പോള്‍ വല്ലാത്ത സന്തോഷം തോന്നിയിട്ടുണ്ട്. ഞങ്ങളുടെ നാട്ടുകാരനായി മാറുകയാണല്ലോ മമ്മൂക്ക, എന്ന അഹങ്കാരത്തിന്റെ ആനന്ദം കൂടിയാണെന്ന് കൂട്ടിക്കോ. ഏത് നാടിനും അതിന്റേതായ ഭാഷാശീലങ്ങള്‍ ഉണ്ടെന്നും അത് പരിഹസിക്കപ്പെടേണ്ട ഒന്നല്ലെന്നും പറയാതെ പറഞ്ഞുതരുന്നു ആ വലിയ നടന്‍.


പുത്തന്‍പണത്തിന്‍ മമ്മൂട്ടി പറയുന്ന ചില കാസര്‍ഗോഡന്‍ ശൈലികള്‍

ഫ്രണ്ട്സുമ്മാറ് തമ്മാത്തമ്മില് കൊറേക്കയ്ഞ്ഞിറ്റ് കാണുമ്പൊ ഒന്ന് മജയാക്കിറ്റില്ലേല് എന്ത്ന്ന് പാങ്ങ്.

ഈട ആന പാറാൻ കളിക്ക്മ്പളാ ഓൻ ആടിന്റെ മൊല തപ്പിക്കളിക്ക്ന്ന്..


ഓറെ തെയ്യം

ഓറെ മഞ്ഞക്കുറി...

പോവലന്നെ...


മേങ്ങാതെ മോങ്ങീട്ട് മടങ്ങാൻ ഷേണായി ബേറെ ജനിക്കണം,നീയെന്ത് ബിചാരിച്ചീനി കുമ്പളക്കാരൻ നിത്യാനന്ദ ഷേണായി ബെറും ബഗഢനാന്ന


നീയെല്ലം ഞരമ്പില് കളിക്ക്മ്പം ഞാനല്ലം വരമ്പില് കളിക്ക്ന്ന്ണ്ടെ റാ..

click me!