
ചിരിപ്പടങ്ങുകളുടെ അണിയറക്കാരന്‍ റാഫിയുടെ പുതിയ സിനിമ പ്രദര്‍ശനത്തിന് എത്തുകയാണ്. റോള്‍ മോഡല്‍സ്. നായകനാവുന്നത് പുതിയകാല സിനിമയുടെ അംബാസഡര്‍ ഫഹദും. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ വിനായകനും ഒപ്പമുണ്ട്. ഇവരെല്ലാം ഒന്നിക്കുമ്പോള്‍ റോള്‍ മോഡല്‍ ഗംഭീരമാകും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരും. സിനിമയെ കുറിച്ച് റാഫി asianetnews.tvയോട് സംസാരിക്കുന്നു. നടത്തിയ അഭിമുഖം.
എന്താണ് റോള്‍ മോഡല്‍സ്?
റോള്‍ മോഡല്‍സ് കുറേ സുഹൃത്തുക്കളുടെ കഥയാണ്. ആറ് പേരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫഹദ്, വിനായകന്‍, നമിത, സൗബിന്‍, ശ്രിദ്ധ, ഷറഫുദ്ദിന്‍ എന്നിവരാണ് സുഹൃത്തുക്കളായിട്ട് എത്തുന്നത്. പഠനകാലത്ത് ഉറ്റസുഹൃത്തുക്കളായ ഇവര്‍ വേര്‍പിരിഞ്ഞുപോയെങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒരു പ്രശ്നത്തിന്റെ പേരില്‍ കണക്റ്റ് ചെയ്യുപ്പെടുന്നതും അത് പരിഹരിക്കാന്‍ ശ്രമിക്കുകയുമാണ് ചെയ്യുന്നത്. ആ സംഭവങ്ങളാണ് സിനിമ പറയുന്നത്.
താങ്കളുടെ സിനിമകളുടെ പതിവില്‍ നിന്ന് വ്യത്യസ്തമായി ഫഹദാണ് ഇത്തവണ നായകന്‍. എന്തുകൊണ്ട് ഫഹദ്?
ഞാന്‍ ജയസൂര്യയെ നായകനാക്കി സിനിമ ചെയ്‍തിട്ടുണ്ട്. കുഞ്ചാക്കോ ബോബനെയും നായകനാക്കിയിട്ടുണ്ട്. രണ്ടു വര്‍ഷമായി ഫഹദുമായി ഒരു സിനിമ ചെയ്യാന്‍ ആലോചിച്ചിട്ട്. ഇപ്പോഴാണ് വര്‍ക്ക് ഔട്ട് ആയത്. വെറും ഒരു കോമഡി കഥാപാത്രമല്ല ഇതില്‍ ആര്‍ക്കും. ഫഹദിന്റെ കഥാപാത്രം വെറും കൊമേഡിയനുമല്ല. പിന്നെ, ചില പ്രത്യേക റോളുകളില്‍ മാത്രമല്ല, ഏതു റോളും ഒരുപോലെ മികവോടെ ചെയ്യാനാകുന്ന നടനാണ് ഫഹദ്. ഫഹദ് ഇതിലെ കഥാപാത്രത്തിന്റെ കാര്യത്തില്‍ കൃത്യമായിരുന്നു.
സംസ്ഥാന അവാര്‍ഡിന് ഫഹദിനോട് മത്സരിച്ച് മികച്ച നടനായ വിനായകനും സിനിമയിലുണ്ട്. വിനായകന്റെ കഥാപാത്രം എങ്ങനെയുള്ളതാണ്?
മുമ്പ് വിനായകന്‍ എന്റെ ചതിക്കാത്ത ചന്തു എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അതുപോലെയുള്ള കഥാപാത്രമല്ല റോള്‍ മോഡലിലേത്. വിനായകന്റെ ഇന്നുവരെയുള്ള കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. കോമഡിയുണ്ട്. പക്ഷേ അത് വെറുതെ സംഭാഷണങ്ങളില്‍ നിന്ന് മാത്രം വരുന്നതല്ല. ഓരോ സിറ്റുവേഷനോട് ഓരോരുത്തര്‍ പ്രതികരിക്കുന്നതാണ്. അതിലാണ് കോമഡി വര്‍ക്ക് ഔട്ട് ആകുന്നത്.
തേച്ചില്ലേ പെണ്ണേ എന്ന ഗാനം വൈറലായല്ലോ? പാട്ടിനെ വിമര്‍ശിച്ച് നിരവധി ട്രോളുകളും വന്നിട്ടുണ്ട്?
അതെ സിനിമയ്‍ക്ക് മുന്നേ ഒരു പാട്ടാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയത്. അത് വൈറലായിട്ടുണ്ട്. ഇപ്പോള്‍ തന്നെ 11 ലക്ഷത്തിലധികം പേര്‍ കണ്ടിട്ടുണ്ട്. പിന്നെ വൈറലാകുമ്പോള്‍ അതിനു ട്രോളും വരിക സ്വാഭാവികം. ഞാന്‍ ട്രോളുകളൊക്കെ ശ്രദ്ധിക്കുന്ന ആളാണ്, ആസ്വദിക്കുന്ന ആളാണ്. എന്റെ സിനിമയിലെ ഹരിശ്രീ അശോകന്റെ കഥാപാത്രമാണ് ഏറ്റവും കൂടുതല്‍ ട്രോളുകള്‍ വന്നിട്ടുണ്ടാകുക.
നടനെന്ന നിലയിലുള്ള വിശേഷങ്ങള്‍?
ഇതില്‍ ഒരു സൈക്കാട്രിസ്റ്റായി അഭിനയിച്ചിട്ടുണ്ട്. പ്രൊഫസര്‍ ഡിങ്കനിലും ഒരു കഥാപാത്രമുണ്ട്. ദിലീപ് അവതരിപ്പിക്കുന്ന പ്രൊഫസര്‍ ഡിങ്കനെ ചെറുപ്പകാലത്ത് മാജിക് പഠിപ്പിക്കുന്ന പ്രൊഫസര്‍ എന്ന കഥാപാത്രമായാണ് അഭിനയിക്കുന്നത്. അതുപോലെ ബിജുമേനോന്‍ നായകനാകുന്ന ഷെര്‍ലക് ടോംസിലും മൊഹ്സിന്‍ സംവിധാനം ചെയ്യുന്ന സിനിമയിലും അഭിനയിക്കുന്നുണ്ട്.
ഹലോ എന്ന ചിത്രവും മായാവി എന്ന ചിത്രവും യോജിപ്പിച്ച് ഒരു രണ്ടാം ഭാഗം മുമ്പ് പ്രഖ്യാപിച്ചിരുന്നല്ലോ?
ഹലോയും മായാവിയും ഒരേപോലെ പ്രേക്ഷകരെയും ആകര്‍ഷിച്ച സിനിമകളായിരുന്നുനു. അതുകൊണ്ടായിരുന്നു രണ്ടു സിനിമകളെയും യോജിപ്പിച്ച് ഒരു രണ്ടാം ഭാഗം ഒരുക്കാന്‍ ആലോചിച്ചിരുന്നത്. പക്ഷേ അത് ഉപേക്ഷിച്ചു.
സിദ്ദിഖ്- ലാല്‍ കൂട്ടുകെട്ടിനെ പോലെ റാഫിയും മെക്കാര്‍ട്ടിനും വീണ്ടും ഒന്നിക്കുമോ?
മെക്കാര്‍ട്ടിന്‍ സ്വന്തമായി ഒരു സിനിമ ചെയ്യുന്ന തിരക്കിലാണ്. അത് ഉടന്‍ ഉണ്ടാകും. ഞങ്ങള്‍ സിനിമാക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. ഇനിയും ഒരുമിച്ച് സിനിമ ചെയ്തുകൂടാ എന്നില്ല. അങ്ങനത്തെ സാഹചര്യം വന്നാല്‍ വീണ്ടും ഒന്നിച്ചു സിനിമ ചെയ്യും.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ