നെഞ്ചിനകത്ത് മോഹന്‍ലാല്‍

By സി.വി.സിനിയFirst Published Mar 30, 2018, 12:15 PM IST
Highlights

സംവിധായകന്‍ സാജിദ് യഹിയയുമായി സി.വി. സിനിയ നടത്തിയ അഭിമുഖം

സി.വി.സിനിയ

ലാലേട്ടന്റെ  ഒരു പുതിയ ചിത്രം കാത്തിരിക്കുന്നത് പോലെ തന്നെയാണ് ആരാധകര്‍ക്ക്  ലാലേട്ടനെ കുറിച്ചുള്ള ഒരു ചിത്രവും. അതാണ് മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'മോഹന്‍ലാല്‍' എന്ന ചിത്രം. എന്നും പ്രേക്ഷകരെ വിസ്മയിപ്പിച്ച/ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന ആ മഹാനടന്‍ ഒരു മലയാള സിനിമയ്ക്ക് വിഷയമായത് എങ്ങനെയാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറയുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ സാജിദ് യഹിയ.

മോഹന്‍ലാല്‍ എന്ന സിനിമയെ കുറിച്ചുള്ള പ്രതീക്ഷകള്‍?

 വിഷു ചിത്രമായാണ്  'മോഹന്‍ലാല്‍' തിയേറ്ററുകളില്‍ എത്തുന്നത്.  ഈ ചിത്രം വളരെ രസകരമായ ഒരു സിനിമയായിരിക്കും. ചിത്രത്തിലുടനീളം കോമഡി തന്നെയാണ്.  എല്ലാ ആരാധനയ്ക്ക് പിന്നിലും ഒരു കാരണമുണ്ടാകും. അതാണ് ഈ സിനിമ പറയുന്നത്. എന്തുകൊണ്ട് ലാലേട്ടനെ മലയാളികള്‍ ഇത്രയും അധികം ഇഷ്ടപ്പെടുന്നത്. ആ ഒരു കാരണം തന്നെയാണ് ഈ സിനിമയിലൂടെ ഞങ്ങള്‍ പറയുന്നത്. മഞ്ജു ചേച്ചി വളരെ രസകരമായിട്ടാണ് ഈ കഥാപാത്രത്തെ ഉള്‍ക്കൊണ്ട് ചെയ്തിട്ടുള്ളത്. അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, ഇന്ദ്രജിത്ത്, സൗബിന്‍ ഷാഹിര്‍, സലീം കുമാര്‍ അങ്ങനെ ഒരുപാട് കലാകാരന്മാര്‍ അണിനിരക്കുന്ന ഒരു ചിത്രം കൂടിയാണിത്. മഞ്ജു ചേച്ചി വളരെ മനോഹരമായി ചെയ്തിട്ടുള്ളത്. അതുപോലെ തന്നെ മത്സരിച്ചാണ് ഇന്ദ്രജിത്തും കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. 

 എങ്ങിനെയാണ് മോഹന്‍ലാല്‍ എന്ന സിനിമ പിറക്കുന്നത്?

 നമ്മള്‍ എല്ലാവരും ലാലേട്ടന്‍ ആരാധകരാണ്. എന്റെ വീട്ടില്‍ അമ്മയുള്‍പ്പെടെയുള്ള എല്ലാവരും ലാലേട്ടന്‍ ആരാധകരാണ്. 1971 ല്‍ ഇറങ്ങിയ ഒരു സിനിമയില്‍ നിന്നാണ് ഇങ്ങനെ ഒരു ചിന്ത വരുന്നത്. ഇത് ലാലേട്ടന്റെ സിനിമകളുടെ ഒരു യാത്രയാണ് ഈ ചിത്രം പറയുന്നത്. 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' എന്ന സിനിമയില്‍ തുടങ്ങി 'പുലിമുരുകനി'ലാണ് ഈ സിനിമ അവസാനിക്കുന്നത്. അത്രയും നാളത്തെ അദ്ദേഹത്തിന്റെ ഹിറ്റ് സിനിമകളുടെ ഒരു റഫറന്‍സും ആ സിനിമകളൊക്കെ പ്രേക്ഷകരെ സ്വാധീനിച്ചതൊക്കെ ഈ സിനികളില്‍ ഞങ്ങളും ചെയ്തിട്ടുണ്ട്.'രാവണ പ്രഭു' 'നരസിംഹം' എന്നീ ചിത്രങ്ങളൊക്കെ വീണ്ടും റിലീസ് ചെയ്യുന്നത് ചിത്രീകരിച്ചത്  2000 ത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ഉള്‍പ്പെടുത്തിയാണ്. ഇന്നത്തെ ആളുകളും അന്നത്തെ ആളുകളും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു താരമാണ് ലാലേട്ടന്‍. അതുകൊണ്ട് തന്നെ പുതിയ തലമുറയില്‍പ്പെട്ടവര്‍ക്ക് ലാലേട്ടന്റെ നേരത്തെ സിനിമകളിലേക്കുള്ള ഒരു എത്തിനോട്ടം എന്നും പറയാം.

ലാലേട്ടനോടുള്ള  താങ്കളുടെ ആരാധന തന്നെയാണോ ഈ സിനിമ ചെയ്യാനും പ്രചോദനമായത്?

അതെ, അത്തരം ഒരു ആരാധന ഇതിന് പിന്നിലുണ്ട്. ഒരു സാധാരണക്കാരന്റെ മനസ്സില്‍ ലാലേട്ടനും മമ്മൂക്കയും ഉണ്ടാക്കിയിരിക്കുന്ന സ്വാധീനം വളരെ വലുതാണ്. സന്തോഷങ്ങളും വിഷമങ്ങളുമെല്ലാം ഒരു പരിധിവരെ ഇവരിലൂടെ കടന്ന് പോയിട്ടുണ്ട്. മീനുക്കുട്ടിയുടെ (മഞ്ജുവാര്യര്‍) ജീവിതത്തിലും അത്തരം സന്ദര്‍ഭങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് ലാലേട്ടന്‍ ഉത്തരം നല്‍കുന്നുണ്ട്. മീനാക്ഷിയെന്നാണ് മഞ്ജു ചേച്ചി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. 'ഏയ് ഓട്ടോ' കണ്ടതിന് ശേഷം മീനുക്കുട്ടിയെന്നാണ് വിളിക്കുന്നത്. ഇതിലെ ഒരു പ്രത്യേകതയെന്നാല്‍ മഞ്ജു ചേച്ചി കാണുന്ന ലാലേട്ടന്‍റെ സിനിമയിലെ കഥാപാത്രങ്ങളായിട്ടാണ്  ഒരോ ആളുകളേയും കാണുന്നത്. 

മോഹന്‍ലാല്‍ എന്ന ചിത്രം ചെയ്യുമ്പോഴുണ്ടായ വെല്ലുവിളികള്‍?

 സുനീഷ് വാരനാട് ആണ് ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയിട്ടുള്ളത്. അദ്ദേഹം ഒരുപാട് റഫര്‍ ചെയ്തിട്ടാണ് ഈ സിനിമയ്ക്ക് തിരക്കഥ എഴുതിയത്. അദ്ദേഹത്തിന്റെ വളരെ നാളത്തെ പ്രയത്നമാണ് ഈ സിനിമ. ജനങ്ങളെ ഒന്നിച്ച് നിര്‍ത്തി ചിത്രീകരിക്കുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. അതും 1980ല്‍ തുടങ്ങി 2016 ല്‍ അവസാനിക്കുന്ന കാലഘട്ടമാണ് ചിത്രീകരിക്കേണ്ടത്. ആ കാലഘട്ടങ്ങള്‍ ചിത്രീകരിക്കാനാണ് ഏറെ ബുദ്ധിമുട്ട്. മൊബൈല്‍ ഫോണും ടവറും അങ്ങനെയുള്ള സൗകര്യങ്ങളൊന്നും ഇല്ലാത്ത കാലം അത്തരം കാലഘട്ടമാണ് ഞങ്ങള്‍ ചിത്രീകരിക്കേണ്ടി വന്നത്. അതുപോലെയാവാന്‍  വേണ്ടി പരമാവധി ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്.

 'ഇടി'ക്ക് ശേഷം മറ്റൊരു  സിനിമ ചെയ്യാന്‍ ഇത്ര വൈകിയതിന് പിന്നിലുള്ള കാരണം?

 മോഹന്‍ലാല്‍ എന്ന സിനിമ ഇടിക്ക് മുന്‍പ് തന്നെ മനസ്സിലുണ്ടായിരുന്ന ഒരു പ്രൊജക്ടായിരുന്നു. ഇടിക്ക് ശേഷം ഒരു വര്‍ഷത്തോളം ഇതിന്റെ തിരക്കഥയുമായി മുന്നോട്ട് പോയി. ഇവരുടെ രൂപം പോലും അത്രയും സൂക്ഷ്മമായി ചെയ്യേണ്ടതുണ്ടായിരുന്നു. ഓരോ കാലഘട്ടമായതുകൊണ്ട് തന്നെ പരമാവധി സമയമെടുത്താണ് ഈ സിനിമ ചെയ്തിരിക്കുന്നത്. പിന്നെ സിനിമ എപ്പോഴും വൈകിയെടുക്കാന്‍ മാത്രമേ സാധിക്കുകയുള്ളു. അങ്ങനെ സമയമെടുത്ത് ചെയ്താല്‍ മാത്രമേ അതിന്റെ ഫലമുണ്ടാവുകയുള്ളു. മാത്രമല്ല മോഹന്‍ലാല്‍ എന്ന നടനെ അത്രയും ആരാധിക്കുന്നവരാണ് നമ്മള്‍. അതുകൊണ്ട് തന്നെ അങ്ങനെ ഒരു പേര് ഈ സിനിമയ്ക്ക് കൊടുത്തതിനാല്‍ അത്രയും ആത്മാര്‍ത്ഥയോടെ ഈ സിനിമ ചെയ്യണമെന്നുണ്ടായിരുന്നു. അതിന്റെ ഒരു ഫലം കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

ചിത്രവുമായി ബന്ധപ്പെട്ട് മറക്കാന്‍ പറ്റാത്ത അനുഭവങ്ങള്‍ വല്ലതും?

ഇതിന്റെ ടീസര്‍ ഇറങ്ങിയപ്പോള്‍ അത്  വൈറലായിരുന്നു. അത് ഞങ്ങളെ സംബന്ധിച്ചിടത്താളം വലിയ സന്തോഷമാണ് നല്‍കിയത്. ഇതിലെ പാട്ടും അതുപോലെ തന്നെയാണ്. ഞങ്ങള്‍ സ്റ്റുഡിയോയില്‍ ഉണ്ടായിരുന്ന സമയത്ത് ലാലേട്ടന്‍ 'നീരാളി' എന്ന സിനിമയുടെ ആ ഭാഗമായി അവിടെ എത്തിയിരുന്നു. അദ്ദേഹം ഞങ്ങളെ അഭിനന്ദിച്ചിട്ടൊക്കെയാണ് പോയത്. അത് തന്നെയാണ് എനിക്ക് മറക്കാന്‍ പറ്റാത്തത്. പുലിമുരുകന്റെയും നരന്റെയും ക്യാമറമാനായ ഷാജികുമാര്‍ തന്നെയാണ് ഈ ചിത്രത്തിനും ക്യാമറ ചെയ്യുന്നത്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരും എന്റെ സുഹൃത്തുക്കള്‍ തന്നെയാണ് അവര്‍ എപ്പോഴും നല്ല സപ്പോര്‍ട്ടായിരുന്നു. അതുതന്നെയാണ് വലിയ സന്തോഷം.

 മോഹന്‍ലാല്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ടോ?
 മോഹന്‍ലാല്‍ സിനിമയില്‍ വരുന്നതിനെ കുറിച്ച് ഇപ്പോള്‍ പറയുന്നില്ല. അദ്ദേഹം ഗസ്റ്റ് ആയി വരണമെന്നൊക്കെ ആദ്യം ആഗ്രഹിച്ചിരുന്നു. അങ്ങനെ ചെയ്യണമെന്നും തീരുമാനിച്ചതായിരുന്നു. എന്നാല്‍ അത് ഉറപ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അതിനെ കുറിച്ച് ഒന്നും പറയുന്നില്ല. 

റിലീസിങ്ങിന് മുമ്പേ ചിത്രത്തിലെ ഗാനങ്ങള്‍ ഹിറ്റാണല്ലോ?
 ടോണി ജോസ് എന്ന എന്റെ സുഹൃത്താണ് ഇതിലെ ഗാനങ്ങള്‍ ഒരുക്കിയത്. സിനിമയുടെ തുടക്കം മുതല്‍ അദ്ദേഹം എന്റെ കൂടെയുണ്ട്. പ്രകാശ് അലക്‌സാണ് ഇതിന്റെ പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത്. ഏറ്റവും വലിയ പ്രത്യേകയെന്നാല്‍ ഈ ചിത്രത്തിലെ ലാലേട്ട എന്ന ഗാനം വൈറലായതാണ്. നിഹാല്‍ സാദിഖാണ് ഈ ഗാനം ചെയ്തിരിക്കുന്നത്. അദ്ദേഹം ഒരു ഗായകന്‍ കൂടിയാണ്. എപ്പോഴും ഒരു താരത്തെ കുറിച്ച് പറയുന്ന ഗാനം എപ്പോഴും ഫാസ്റ്റ് ആയിരിക്കും. അതില്‍ നിന്ന് മാറി ലാലേട്ടന്‍ എന്ന വികാരമാണ് ഈ ഗാനം. അത് സിനിമയുടെ ഒരു രീതി എന്താണെന്ന് മനസ്സിലാക്കി കൊടുക്കാന്‍ ഈ ഗാനത്തിലൂടെ സാധിക്കുമെന്നാണ് എന്റെ വിശ്വാസം. അങ്ങനെയാണ് ഇത്തരമൊരു ഗാനത്തിലേക്ക് എത്തുന്നത്. 

 മോഹന്‍ലാല്‍ എന്ന നടനോടുള്ള ആരാധന ഉള്ളില്‍ അടക്കിപിടിച്ചുകൊണ്ട് സാജിദ് പറഞ്ഞു എല്ലാ മലയാളികള്‍ക്കും മോഹന്‍ലാല്‍ ഒരു വികാരമാണ്... അത് എന്താണെന്ന് ആര്‍ക്കും പറഞ്ഞറയിക്കാന്‍ കഴിയില്ല...


 

click me!