മലയാളികളുടെ മനസ്സില്‍ സുഡു അടിച്ചത് സൂപ്പര്‍ ഗോള്‍

By സി. വി സിനിയFirst Published Mar 27, 2018, 10:42 AM IST
Highlights
  • എനിക്ക് ഇനിയും ഇന്ത്യന്‍ സിനിമകളില്‍ അഭിനയിക്കണം
  • ഇത് എന്‍റെ മാത്രം നേട്ടമല്ല  എന്‍റെ രാജ്യത്തിന്‍റെ നേട്ടം കൂടിയാണ്

സി.വി.സിനിയ

ലാലേട്ടന്‍ നായകനായ യോദ്ധ എന്ന ചിത്രം  മലയാളികള്‍ക്ക് ആര്‍ക്കും മറക്കാന്‍ കഴിയില്ല. പ്രത്യേകിച്ച് ലാലേട്ടനോടൊപ്പം തകര്‍ത്ത്  അഭിനയിച്ച ഉണ്ണിക്കുട്ടനെ. നിഷ്‌കളങ്കമായ മുഖവും ചിരിയും അവന്‍റെ സംഭാഷണവുമെല്ലാം ഇന്നും മലയാളികളുടെ മനസ്സില്‍ മായാതെ കിടക്കുന്നു. ഇപ്പോഴിതാ മലയാളികളുടെ  ഹൃദയം കവര്‍ന്നുക്കൊണ്ട് മറ്റൊരു പയ്യന്‍. സുഡു. ഉണ്ണിക്കുട്ടന്‍ നേപ്പാളിയാണെങ്കില്‍ സുഡു നൈജീരിക്കാരനാണെന്ന് മാത്രം.  പറഞ്ഞുവരുന്നത് സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ സുഡു എന്ന കഥാപാത്രം അവതരിപ്പിച്ച സാമൂവല്‍ എബിയോള റോബിന്‍സണിനെ കുറിച്ചാണ്. മലയാളികളെ ഹരം കൊള്ളിച്ച് ചിത്രം തിയേറ്ററുകളില്‍ തകര്‍ത്ത് ഓടുമ്പോള്‍ തന്‍റെ ആദ്യ ഇന്ത്യന്‍ ചിത്രത്തെ കുറിച്ച് സാമുവല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി സംസാരിക്കുന്നു. 


 സിനിമ തിയേറ്ററുകളില്‍ തകര്‍ത്ത് ഓടുകയാണ്. ഇപ്പോള്‍ എന്ത് തോന്നുന്നു? 

 സുഡാനി ഫ്രം നൈജീരിയ റിലീസായപ്പോള്‍ വളരെയധികം സന്തോഷം തോന്നുന്നു. എന്റെ ആദ്യ ഇന്ത്യന്‍ സിനിമയാണിത്. ചിത്രം പ്രദര്‍ശനത്തിന് എത്തിയ അന്ന് തന്നെ ഞാന്‍ സിനിമ കണ്ടിരുന്നു.  ചിത്രത്തിന്റെ സംവിധായകന്‍ സക്കരിയ, നായകന്‍ സൗബിന്‍ ഷാഹിര്‍, നിര്‍മാതാക്കളായ ഷൈജു ഖാലിദ്, സമീര്‍ താഹിര്‍ എന്നിവരൊടൊപ്പം എറണാകുളം പത്മ തിയേറ്ററില്‍ വച്ചാണ് ഞാന്‍ സിനിമ കണ്ടത്. പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണം കേട്ടപ്പോള്‍ സന്തോഷം തോന്നി. സിനിമ കഴിയുമ്പോള്‍  പ്രേക്ഷകര്‍ കയ്യടിക്കുന്നത് കേട്ട് വളരെയധികം സന്തോഷം തോന്നി.

 ചിത്രത്തില്‍ ഒരു ഫുട്‌ബോള്‍ താരമായാണ് താങ്കള്‍ എത്തുന്നത്? സത്യത്തില്‍ താങ്കള്‍ ഒരു ഫുട്‌ബോള്‍ താരമാണോ അഭിനേതാവാണോ? 

  ഞാനൊരു ഫുട്‌ബോളറല്ല, നടനാണ്. ഇത് എന്റെ ആദ്യ സിനിമയല്ല. ഞാന്‍ നൈജീരിയന്‍ നടനാണ്. സിനിമയും അതോടൊപ്പം ടി.വി. ഷോയും ഞാന്‍ ചെയ്തിട്ടുണ്ട്. ആദ്യമായാണ് മലയാളത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ ഒരു നൈജീരിയന്‍ ഫുട്‌ബോള്‍ താരാമായാണ് ഞാന്‍ എത്തുന്നത്. 

 എങ്ങനെയാണ് 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലേക്ക് എത്തുന്നത്?

  ഇന്ത്യയ്ക്ക് പുറത്ത് നിന്നുള്ള ഒരു ഫുട്‌ബോള്‍ താരമാണ് ഇതിലെ കേന്ദ്രകഥാപാത്രം. ഞാനൊരു നോളിവുഡ് നടനാണ്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ  നിര്‍മാതാക്കളായ സമീര്‍ താഹിറും ഷൈജു ഖാലിദും അത്തരമൊരു നടനെ ഗൂഗിളില്‍ അന്വേഷിച്ചിരുന്നു. അങ്ങനെ അവര്‍ എന്റെ ഫോട്ടോ കണ്ടു. പിന്നീട് സംവിധായകന്‍ സക്കരിയയും ഗൂഗിളില്‍ എന്റെ ഫോട്ടോ കണ്ടു. പിന്നീട് അവര്‍ എന്നെ ഇമെയില്‍ വഴി ബന്ധപ്പെടുകയായിരുന്നു. ഈ ചിത്രത്തിന്റെ കഥയും കളിക്കാരന്റെ പ്രാധാന്യമൊക്കെ പറഞ്ഞു തന്നപ്പോള്‍ എനിക്ക് ഇഷ്‍ടമായി.  അങ്ങനെയാണ് ഞാന്‍ ഈ ചിത്രത്തിന്റെ ഭാഗമാകുന്നത്. മാത്രമല്ല സിനിമയ്ക്കുള്ള മുന്നൊരുക്കമെന്നോണം രണ്ടാഴ്ചത്തെ ഫുട്‌ബോള്‍ പരിശീലനം നേടിയിരുന്നു.

 ഈ സിനിമയുമായി ബന്ധപ്പെട്ട മറക്കാനാവാത്ത അനുഭവം?

ഈ സിനിമ തന്നെ എന്നെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവം തന്നെയാണ്. കാരണം ഞാന്‍ ഒരു നോളിവുഡ് നടനാണ്. ഇതുപോലെ ഒരു സിനിമ സംഭവിക്കുമെന്നോ ഇതുപോലെ ഒരു മികച്ച കഥാപാത്രം ചെയ്യുമെന്നോ കരുതിയിരുന്നില്ല.  ഇത് അപ്രതീക്ഷിതമായി സംഭവിച്ചതാണ്. അതുകൊണ്ട് തന്നെ ഇന്ത്യയിലേക്ക് എത്തുന്നത് വരെ എനിക്ക് വിശ്വാസമുണ്ടായിരുന്നില്ല. ഇത് ശരിക്കും അത്ഭുതം തന്നെയാണ്.

 സൗബിന്‍ ഷാഹിര്‍ എന്ന നടനോടൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം?

 സൗബിന്‍ ഷാഹിര്‍ മികച്ച ഒരു നടന്‍ തന്നെയാണ്. പ്രത്യേകിച്ച് അദ്ദേഹം ഒരു കൊമേഡിയന്‍ കൂടിയാണ്. എന്നാല്‍ ഇതിലെ മജീദ് എന്ന ഫുട്‌ബോള്‍ മാനേജര്‍ അത്ര തമാശക്കാരനല്ല. അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ എനിക്ക് എളുപ്പമായിരുന്നു.

മലയാളത്തില്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ട് തോന്നിയോ?

 എനിക്ക് എപ്പോഴും ബുദ്ധിമുട്ട് തോന്നിയിട്ടുള്ളത് ഭാഷ തന്നെയാണ്. മലയാളം മനോഹരമായ ഭാഷയാണ്.  പക്ഷേ എനിക്കവിടെ ഇംഗ്ലീഷില്‍ മാത്രമേ സംസാരിക്കാന്‍ കഴിയുമായിരുന്നുള്ളു. സിനിമാ ചിത്രീകരണ വേളയില്‍ മിക്ക സമയവും എല്ലാവരും മലയാളം തന്നെയാണ് സംസാരിക്കുന്നത്. എന്താണ് സംസാരിക്കുന്നത് എന്നെനിക്ക് അറിയില്ലായിരുന്നു. ഒരു ദിവസം സംവിധായകന്‍ അഭിനയിക്കേണ്ട നിര്‍ദേശങ്ങള്‍ മലയാളത്തില്‍ പറഞ്ഞു.  ആക്ഷന്‍ പറഞ്ഞപ്പോള്‍ ഞാന്‍ എന്താണ് ചെയ്യേണ്ടതെന്നറിയാതെ അവിടെ തന്നെ നില്‍ക്കുകയായിരുന്നു.  ഒന്നും മനസ്സിലായില്ലെന്ന് പറഞ്ഞപ്പോള്‍ സെറ്റിലാകെ  കൂട്ട ചിരിയായി. പിന്നീടത് റീടേക്ക് എടുത്തു.

 സക്കരിയ എന്ന സംവിധായകനെ കുറിച്ച്? 
സക്കരിയ മികച്ച സംവിധായകന്‍ തന്നെയാണ്. വളരെ നല്ല രീതിയില്‍ നിര്‍ദേശങ്ങള്‍ തന്ന് നമുക്ക് അഭിനയിക്കാന്‍ ആത്മവിശ്വാസം നല്‍കുന്ന സംവിധായകനാണ് അദ്ദേഹം. 

 താങ്കളുടെ ജീവിതവുമായി ഈ സിനിമയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടോ?

 എനിക്ക് ഈ കഥാപാത്രവുമായി നല്ല ബന്ധമുണ്ട്. കാരണം ഞാനൊരു നൈജീരിയക്കാരനാണ്. അവിടെ സാമ്പത്തിക അടിത്തറയില്ല. പണമില്ല. ഇങ്ങനെ കുറേ പ്രശ്‌നങ്ങള്‍ എല്ലാവരും അനുഭവിക്കുന്നുണ്ട്. ആ പ്രശ്‌നങ്ങള്‍ കണ്ടും അനുഭവിച്ചും വരുന്ന ഒരു വ്യക്തിയാണ് ഞാന്‍. അവിടെയുള്ളവരെല്ലാം മികച്ച ജീവിതം സ്വപ്‌നം കാണുകയും അതിനായി കഷ്‌ടപ്പെടുന്നവരുമാണ്. 

 ഈ സിനിമ കാണുന്നതിന് മുന്‍പ് ഏതെങ്കിലും മലയാളം സിനിമ കണ്ടിരുന്നോ? 

ഇല്ല, ആദ്യമായാണ് മലയാളം സിനിമ കാണുന്നത്.  പക്ഷേ ബോളിവുഡ് സിനിമകളും മറ്റ് ഭാഷകളിലുള്ള സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ നടന്മാരെ അറിയാം. ബോളിവുഡില്‍ ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍ എന്നിവരേയും. പക്ഷേ മലയാളത്തില്‍ ഏറ്റവും ഇഷ്‍ടമുള്ള നടന്‍ ദുല്‍ഖര്‍ സല്‍മാനാണ്.

ഇനിയും ഇന്ത്യന്‍ സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടോ?

 ആദ്യമായാണ് ഞാന്‍ ഇന്ത്യന്‍ സിനിമ ചെയ്യുന്നത്. എനിക്ക് ഇന്ത്യയില്‍ തന്നെ ഒരു പാട് സിനിമയില്‍ അഭിനയിക്കണമെന്നുണ്ട്. മലയാളം, തമിഴ്, മറാത്തി, ഹിന്ദി എന്നീ ഭാഷകളില്‍ അഭിനയിക്കണം. മലയാളം സിനിമയില്‍ അഭിനയിച്ചത് എന്നെ സംബന്ധിച്ചിടത്തോളം ഒരു നേട്ടം തന്നെയാണ്. ഇത് എന്റേത് മാത്രമല്ല നൈജീരിയയുടെയും ആഫ്രിക്കയുടേയും നേട്ടമാണ്.

സിനിമ കണ്ടിട്ട് ആരെങ്കിലും  നാട്ടില്‍ നിന്ന് വിളിച്ചോ?

 ഒരുപാട് പേര്‍ വിളിച്ചിരുന്നു.  നിര്‍ഭാഗ്യവശാല്‍ അവിടെ സിനിമ റിലീസ് ഇല്ല.  എന്റെ ഫാമിലിയൊന്നും ഈ സിനിമ കണ്ടിട്ടില്ല. പക്ഷേ അവരെല്ലാം വലിയ സന്തോഷത്തിലാണ്.

സിനിമയില്‍ പ്രണയമുണ്ടെന്ന്  പറയുന്നുണ്ട്, അതുപോലെ യഥാര്‍ത്ഥ ജീവിതത്തില്‍ പ്രണയമുണ്ടോ?

ഇല്ല, എനിക്ക്  ഇപ്പോള്‍  പ്രണയമൊന്നുമില്ല. ഇനി പ്രണയമുണ്ടാവാം. എനിക്ക് 19 വയസ്സ് ആയിട്ടേയുള്ളു.


 

click me!