ചാക്കോച്ചൻ ശവപ്പെട്ടികള്‍ക്ക് ഇടയില്‍ ഒളിക്കുന്നതിനും ഒരു കാരണമുണ്ട്, സൗമ്യ സദാനന്ദന്‍ പറയുന്നു

By Lakshmi MenonFirst Published Sep 29, 2018, 3:12 PM IST
Highlights

മാംഗല്യം തന്തുനാനേന കുടുംബ പ്രേക്ഷകര്‍ സ്വീകരിച്ചതിന്‍റെ സന്തോഷത്തിലാണ് സൗമ്യ സദാനന്ദന്‍. വിവാഹിതരായ പ്രേക്ഷകരില്‍ നിന്ന് ലഭിച്ച പ്രതികരണമാണ് തന്നെ ഏറ്റവും സന്തോഷിപ്പിച്ചതെന്നു സൗമ്യ പറയുന്നു. സിനിമയുടെ വിശേഷങ്ങള്‍ സംവിധായിക സൗമ്യ സദാനന്ദന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പങ്കുവയ്‍ക്കുന്നു.

മാംഗല്യം തന്തുനാനേന കുടുംബ പ്രേക്ഷകര്‍ സ്വീകരിച്ചതിന്‍റെ സന്തോഷത്തിലാണ് സൗമ്യ സദാനന്ദന്‍. വിവാഹിതരായ പ്രേക്ഷകരില്‍ നിന്ന് ലഭിച്ച പ്രതികരണമാണ് തന്നെ ഏറ്റവും സന്തോഷിപ്പിച്ചതെന്നു സൗമ്യ പറയുന്നു. സിനിമയുടെ വിശേഷങ്ങള്‍ സംവിധായിക സൗമ്യ സദാനന്ദന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പങ്കുവയ്‍ക്കുന്നു.


മാംഗല്യം തന്തുനാനേന ഇറങ്ങി ഒരാഴ്ച കഴിഞ്ഞു. ആദ്യ സിനിമ എന്ന നിലയില്‍ എന്ത് തോന്നുന്നു? എന്താണ് പ്രതികരണങ്ങള്‍?

സിനിമയോട് പൊതുവേ പോസിറ്റീവ് ആയ സമീപനം ആണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. പ്രത്യേകിച്ചു കുടുംബ പ്രേക്ഷകരില്‍ നിന്ന്. വിവാഹിതരായ ആളുകളാണ് മാംഗല്യം തന്തുനാനേന കാണാന്‍ കൂടുതലായും എത്തുന്നത്ആദ്യ സിനിമ ആണെന്നു പറയില്ല എന്ന് . സുഹൃത്തുക്കളും ഗുരുസ്ഥാനീയരും എല്ലാം പറഞ്ഞു കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നു.

ഇത്തരത്തിലുള്ള പ്രേക്ഷകര്‍ തന്നെയായിരുന്നോ സിനിമ എടുക്കുമ്പോള്‍ മനസ്സില്‍?

ഇതൊരു സാധാരണ  വീട്ടില്‍ നടക്കുന്ന കഥയാണ്‌. വിവാഹം കഴിഞ്ഞ എല്ലാവരും തന്നെ കടന്നുപോകുന്ന സാഹചര്യങ്ങള്‍ ആണ് സിനിമയില്‍ ഉള്ളത്. കുഞ്ചാക്കോ ബോബന്റെ കഥാപാത്രമായ റോയിയുടെ കാഴ്ചപ്പാടിലൂടെയാണ് കഥപറയുന്നതെങ്കിലും നമ്മുടെയെല്ലാം ജീവിതത്തില്‍ ഉള്ള അമ്മ, ഭാര്യ, സുഹൃത്തുക്കള്‍, മറ്റു ബന്ധുക്കള്‍ എന്നിവര്‍ക്കൊക്കെ ഇതിലെ കഥാപാത്രങ്ങളുമായി എവിടെയെങ്കിലും ഒരു സാമ്യം കണ്ടെത്താന്‍ ആകും.


കഥാപാത്രങ്ങള്‍ പലപ്പോഴും ഒരേ വസ്ത്രം തന്നെ ഉപയോഗിക്കുന്നത് ശ്രദ്ധിച്ചു. എന്തായിരുന്നു ഈ തീരുമാനത്തിനു കാരണം?

സിനിമയുടെ സ്ക്രിപ്റ്റില്‍ പലതും പ്ലാന്‍റ് ചെയ്തിരുന്നു. ചാക്കോച്ചന്റെ കഥാപാത്രമായ റോയിയുടെ പ്രിയപ്പെട്ട നിറം ബ്രൌണും പച്ചയുമാണ്. എപ്പോള്‍ പ്രശ്നങ്ങളില്‍ ചാടുമ്പോളും റോയ് ധരിക്കുന്നത് ബ്രൌണ്‍ വസ്ത്രമാണ്. സ്വന്തം സ്വത്വം  ചോദ്യം ചെയ്യപ്പെടുമ്പോള്‍ പച്ചയും. അതുപോലെ തന്നെയാണ് ക്ലാരയും. ആദ്യ ഭാഗങ്ങളില്‍ ക്ലാര ധരിക്കുന്നത് ഓറഞ്ച് പോലുള്ള നിറങ്ങളാണ്. എന്നാല്‍ പിന്നീട് ഇത് റോയിയുടെ ഇഷ്‍ടങ്ങളിലേക്ക് മാറുന്നു. ഇത് എല്ലാവരുടെയും ജീവിതത്തില്‍ അവര്‍ അറിയാതെ തന്നെ സംഭവിക്കുന്നതാണ്. അതുപോലെ അവസാന ഭാഗത്തു ഗുണ്ടകള്‍ ഓടിക്കുമ്പോള്‍ റോയ് ചെന്ന് ഒളിക്കുന്നത്‌ രണ്ടു ശവപ്പെട്ടികള്‍ക്കിടയിലാണ്. അതിനു മുന്‍പ് പലപ്പോഴും  ചാവും എന്ന് പറയുന്ന കഥാപാത്രം രക്ഷപ്പെടാന്‍ അങ്ങിനെ ഒരിടത്ത് തന്നെയാണ് ചെന്ന് കയറുന്നത്.

കുടുംബ ജീവിതത്തില്‍ സ്ത്രീകള്‍ക്കുള്ള പ്രാധാന്യം കൂടി സിനിമ പറയുന്നുണ്ടല്ലോ?

അമ്മ എന്നത് വളരെ പ്രാക്ടിക്കല്‍ ആയ വ്യക്തിയാണ്. ചെറുതായിരിക്കുമ്പോള്‍ നമ്മുടെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്ന അവര്‍ കുട്ടികള്‍ വളര്‍ന്നു കഴിയുമ്പോള്‍  അവരെ ഒരു വ്യക്തിയായി തന്നെ കൈകാര്യം ചെയ്യും. അപ്പോഴും നമ്മള്‍ അറിയേണ്ട കാര്യങ്ങള്‍ മനസ്സിലാക്കിത്തരികയും ചെയ്യും. അതുപോലെ തന്നെയാണ് ക്ലാരയും. അവളുടെ ഒരു നോട്ടത്തിനുപോലും പ്രാധാന്യമുണ്ട്. സ്ത്രീകള്‍ ഇതെല്ലം ശ്രദ്ധിക്കും. റോയിയോടൊപ്പം തന്നെ അമ്മയുടേയും ഭാര്യയുടേയും ഒക്കെ കാഴ്ചപ്പാടുകള്‍ സിനിമ പറയുന്നുണ്ട്.  

ഈഗോയാണ് ഒരാളുടെ ജീവിതത്തിലെ ഏറ്റവും വലിയ വില്ലന്‍ എന്നാണോ  സിനിമ പറയുന്നത്?

എന്‍റെ നായകന്‍ ഒരു സാധാരണക്കാരന്‍ ആണ്. മീശ പിരിക്കുന്ന പത്തുപേരെ ഒരുമിച്ചു അടിച്ചിടുന്ന ഒരാളല്ല. സാധാരണക്കാരനായ ഒരാളുടെ ജീവിതത്തില്‍ ഞാനെന്ന ഭാവം കൊണ്ടുണ്ടാവുന്ന പ്രശ്നങ്ങള്‍ ആണ് പ്രധാനമായും ഈ സിനിമ കാണിച്ചു തരുന്നത്. അടിസ്ഥാന ആവശ്യങ്ങള്‍ ഒഴികെ നമ്മള്‍ ചെയ്യുന്നതെല്ലാം ഈഗോയെ തൃപ്‍തിപ്പെടുത്താന്‍ അല്ലേ. പുതിയ ഒരു മൊബൈല്‍ വാങ്ങുന്നതോ വസ്ത്രം വാങ്ങുന്നതോ പോലും അതിനാണ്. മറ്റൊരാള്‍ കാണാന്‍  ഇല്ലെങ്കില്‍ ഇതിനൊന്നും പ്രാധാന്യം ഇല്ല. ഇതൊക്കെ തന്നെയാണ് ഈ സിനിമ പറയുന്നതും.


 
സൗഹൃദത്തിന്‍റെ കൂടി കഥയാണ്‌ മാംഗല്യം എന്ന് പറയാമല്ലോ?

വീട്ടില്‍ ഉള്ളവര്‍ കൂടാതെ പുറത്ത് നിന്നുള്ളവരും ഒരാളുടെ ജീവിതത്തെ സ്വാധീനിക്കുന്നുണ്ടല്ലോ. ചിലപ്പോഴെങ്കിലും ഒരാള്‍ പ്രശ്നങ്ങളില്‍ ചെന്ന് ചാടുന്നത് ഇവരെല്ലാം കാരണം ആവും. എന്നാല്‍ ഇത്തരം സാഹചര്യങ്ങളിലേക്ക് എങ്ങനെയാണ് നമ്മള്‍ എത്തിച്ചേരുന്നതെന്നോ നമുക്ക് ചുറ്റും ഉള്ളവര്‍ക്ക് ഇതില്‍ എന്താണ് പങ്കെന്നോ പലപ്പോഴും ആളുകള്‍ മനസിലാക്കാതെ പോകുന്നു. റോയിയെ പലപ്പോഴും അപകടത്തില്‍  ചാടിക്കുന്നത് ഷംസു ആണ്. നില്‍ക്കക്കള്ളി ഇല്ലാതാകുമ്പോള്‍ മാത്രമാണ് ക്ലാരയോട്‌ കാര്യങ്ങള്‍ പറയാന്‍ റോയിയോടു സുഹൃത്ത് പറയുന്നത്. അതുപോലെ ചുറ്റുമുള്ള പലരും പറയുന്നത് കേള്‍ക്കുന്നതാണ് പലപ്പോഴും നമ്മളെ അപകടത്തില്‍ ചാടിക്കുന്നത്. എത്ര വഴക്കിട്ടാലും ജീവിതത്തില്‍ ഒരു പ്രതിസന്ധി നേരിടുമ്പോള്‍ കൂടെ ഉണ്ടാവുക വീട്ടിലെ സ്ത്രീകള്‍ തന്നെയാണ് എന്നൊരു സന്ദേശം കൂടിയുണ്ട് ഇതില്‍. ഇത്തരം തിരിച്ചറിവുകള്‍ സിനിമ കണ്ടിറങ്ങുന്ന പുരുഷന്മാരില്‍ കാണാന്‍ ആയി എന്നതാണ് ഏറ്റവും സന്തോഷം. സിനിമ കണ്ടിറങ്ങുന്ന സ്ത്രീകളുടെ ചുണ്ടില്‍ ഉള്ള പുഞ്ചിരിയും പുരുഷന്മാരുടെ മുഖത്തുള്ള തിരിച്ചറിവും തന്നെയാണ് മാംഗല്യം തന്തുനാനേനയുടെ വിജയം എന്ന് ഞാന്‍ കരുതുന്നു.

click me!