വിഖ്യാത കൊറിയൻ സംവിധായകൻ ഹോങ്ങ് സാങ്ങ്-സൂവിന്റെ പുതിയ ചിത്രമാണ് 'വാട്ട് ഡസ്‌ നേച്ചർ സെയ്‌സ് ടു യു'. ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ബെയറിന് നോമിനേഷൻ ലഭിച്ച ഈ ചിത്രം, ഒരു വീട്ടിലെ സംഭാഷണങ്ങളിലൂടെ മനുഷ്യബന്ധങ്ങളിലെ സങ്കീർണ്ണതകൾ അനാവരണം ചെയ്യുന്നു.

“When I finish a film, I feel like I have overcome a certain hurdle. It's really good for me as a human being, and I hope that for some people, my films will do the same thing.” - Hong Sang-soo

വിഖ്യാത സൗത്ത് കൊറിയൻ ഫിലിംമേക്കർ ഹോങ്ങ് സാങ്ങ്- സൂ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 'വാട്ട് ഡസ്‌ നേച്ചർ സെയ്‌സ് ടു യു'. ഹോങ്ങ് സാങ്ങ്- സൂ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും, സംഗീതവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്. ഹോങ്ങ് സാങ്ങ്- സൂവിന്റെ കരിയിലെ മുപ്പത്തിമൂന്നാം ഫീച്ചർ ചിത്രമായാണ് വാട്ട് ഡസ്‌ നേച്ചർ സെയ്‌സ് ടു യു പുറത്തിറങ്ങിയിരിക്കുന്നത്. ഈ വർഷത്തെ ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയർ നടന്ന ചിത്രത്തിന് മേളയിലെ ഗോൾഡൻ ബെയർ പുരസ്കാരത്തിനും നോമിനേഷൻ ലഭിച്ചിരുന്നു.

വളരെ സ്വാഭാവികമായാണ് ഹോങ്ങ് സാങ്ങ്- സൂവിന്റെ കഥാപാത്രങ്ങൾ പെരുമാറുന്നത്. ഒരു വീട്ടിൽ സാധാരണമായി നടക്കുന്ന സംഭാഷണങ്ങളിലാണ് ഹോങ്ങ് സാങ്ങ്- സൂ ഈ ചിത്രത്തിൽ തന്റെ കഥാപാത്രങ്ങളെ പ്ലേസ് ചെയ്യുന്നത്. യുവകവിയായ ഡോംഗ്വാ തന്റെ കാമുകിയെ അവളുടെ വീട്ടിൽ കൊണ്ടുവിടാൻ വരുന്നതും, തുടർന്ന് ആ വീടിന്റെ ആർക്കിടെക്ച്ചറൽ ഭംഗിയിൽ ആകൃഷ്ടനാവുകയും ചെയ്യുന്നു. ഡോംഗ്വാ ഉപയോഗിക്കുന്നത് ഒരു പഴയ മോഡൽ കാറാണ്. കാമുകിയായ കിം ജുൻ ഹിയുടെ പിതാവിന് ഡോംഗ്വായുടെ കാർ ഇഷ്ടമാവുകയും അതുകൊണ്ട് തന്നെ അതിൽ ഒരു ചെറിയ റൈഡ് നടത്തുകയും ചെയ്യുന്നുണ്ട്. വളരെ സ്ലോ പേസ്ഡ് ആയ ചിത്രം മനുഷ്യ ബന്ധങ്ങൾ തമ്മിലുള്ള സൂക്ഷ്മമായ സംഘർഷങ്ങളെ സംഭാഷണങ്ങളിലൂട അനാവരണം ചെയ്യുന്നുണ്ട്. കാമുകിയെ വീട്ടിൽ കൊണ്ടുവന്നാക്കിയ ഡോംഗ്വാ അന്ന് അവളുടെ വീട്ടിൽ തങ്ങാൻ നിർബന്ധിതനാവുന്നു.

തുടർന്ന് അവളുടെ അച്ഛനും അമ്മയും സഹോദരിയുമായും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും, ഡൈനിങ്ങ് ടേബിളിലിരുന്ന് ചർച്ചകൾ നടത്തുകയും, മദ്യപിക്കുകയും, കവിതകൾ കൊല്ലുകയും ചെയ്യുന്നു. കിം ജുൻ ഹിയും ഡോംഗ്വായും മൂന്ന് വർഷമായി പരസ്പരം പ്രണയത്തിലാണ്. എന്നാൽ അവർ പരസ്പരം ഒരുപാട് അറിയാനുണ്ടായിരുന്നു എന്ന തിരിച്ചറിവാണ് ഒറ്റ രാതിയിലെ സംഭാഷണങ്ങളിലൂടെയും, മദ്യപാന സദസുകളിലൂടെയും തിരിച്ചറിയപ്പെടുന്നത്. കിം ജുൻ ഹിയെ സംബന്ധിച്ച അത് വലിയ തിരിച്ചറിവാണ്. ഒരു കവിയായി അതിജീവിക്കുക എന്നത് എങ്ങനെയാണെന്ന പിതാവിന്റെ ചോദ്യം ജുൻ ഹിയെ സംബന്ധിച്ച് ഒരു പുതിയ വെളിപാട് നൽകുന്നതായിരുന്നു.

പലപ്പോഴും സ്റ്റാറ്റിക് ആയ, ബ്ലർ ചെയ്യപ്പെട്ടതോ അവ്യക്തമായതോ ആയ ദൃശ്യങ്ങളെയാണ് ഛായാഗ്രാഹകൻ കൂടിയായ ഹോങ്ങ് പ്രേക്ഷകർക്ക് മുന്നിലേക്ക് വയ്ക്കുന്നത്. സൂം ഇൻ/ സൂം ഔട്ട് ചെയ്യപ്പെടുന്ന കഥാപാത്രങ്ങൾ. പഴയ ക്യാം കോഡറിൽ ഷൂട്ട് ചെയ്തതെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള സംഭാഷണങ്ങൾ, ചിലപ്പോഴൊക്കെ ക്യാമറയോടും പ്രേക്ഷകരോടും പുറംതിരിഞ്ഞിരിക്കുന്ന കഥാപാത്രങ്ങൾ, ദീർഘമായ സംഭാഷണങ്ങൾ. വാട്ട് ഡസ്‌ നേച്ചർ സെയ്‌സ് ടു യു പതിവ് ഹോങ്ങ് സാങ്ങ് സൂ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്‍തമായി ഒന്നും തന്നെ പറയുന്നില്ല.

വലിയ ബഹളങ്ങളില്ലാത്ത, കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾക്ക് മാത്രം പ്രാധാന്യം നൽകുന്ന പശ്ചാത്തല സംഗീതം, വീടും വീടിനും ചുറ്റുമുള്ള പ്രകൃതിയെയും ഫോക്കസ് ചെയ്യുന്ന ചില ദൃശ്യങ്ങൾ. എന്നിവയെല്ലാം കൊണ്ടും വളരെ അൺകൺവെൻഷണൽ ആയാണ് ഹോങ്ങ് സാങ് സൂ ഈ തന്റെ പുതിയ ചിത്രത്തിലും ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഐഎഫ്എഫ്കെ ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രത്തിന് നിരൂപക പ്രശംസകൾ ലഭിച്ചിരുന്നു.