മഹേഷിന്റെ പ്രതികാരം ഒരു സംഭവ കഥ!

Published : Mar 07, 2017, 12:50 PM ISTUpdated : Oct 05, 2018, 12:51 AM IST
മഹേഷിന്റെ പ്രതികാരം ഒരു സംഭവ കഥ!

Synopsis

മികച്ച തിരക്കഥാകൃത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി ശ്യാം പുഷ്‌കരനുമായി ഹണി ആര്‍ കെ നടത്തിയ അഭിമുഖം പുന:പ്രസിദ്ധീകരിക്കുന്നു.

ഒരു ദോശ പറഞ്ഞ കഥയുമായിട്ടാണ് ശ്യാം പുഷ്‍കരനും സുഹൃത്തുക്കളും മലയാളസിനിമയിലേക്ക് വന്നത്. സാള്‍ട്ട് ആന്‍ഡ് പെപ്പറിലൂടെ. അത് അന്ന് മലയാളസിനിമയ്‍ക്കു ആകെതന്നെ പുതുവഴി കാട്ടുന്നതായി. ഇപ്പോഴിതാ ഒരു പ്രതികാര കഥയുമായി ശ്യാംപുഷ്‍കരന്‍ കയ്യടി നേടുന്നു. സാള്‍ട്ട് ആന്‍ഡ് പെപ്പറിനു പുറമേ 22 ഫീമെയില്‍ കോട്ടയം, ഇടുക്കി ഗോള്‍ഡ് തുടങ്ങിയ വേറിട്ട സിനിമകളുടെ തിരക്കഥാരചനയില്‍ ഭാഗമായ ശ്യാം പുഷ്‍‌കരന്‍ ഒറ്റയ്‍ക്ക് രചന നിര്‍വഹിച്ച മഹേഷിന്റെ പ്രതികാരം സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുകയാണ്. മഹേഷിന്റെ പ്രതികാരത്തിന്റെ വിശേഷങ്ങള്‍ ശ്യാം പുഷ്‍കരന്‍ asianetnews.tvയോടു പങ്കുവയ്‍ക്കുന്നു. ഹണി ആര്‍ കെ നടത്തിയ അഭിമുഖം.

മഹേഷിന്റെ പ്രതികാരം എങ്ങനെയാണ് സഭവിക്കുന്നത്?

ഒരു യഥാര്‍ഥ സംഭവകഥ വികസിപ്പിച്ചതാണ് മഹേഷിന്റെ പ്രതികാരം. ചേര്‍ത്തല തുറവൂരിലെ തമ്പാന്‍ പുരുഷന്‍ എന്നയാളുടെ ജീവിതത്തിലെ ഒരു സംഭവമായിരുന്നു അത്. ഞങ്ങളുടെ നാട്ടിലെ സെലിബ്രിറ്റി ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ജീവിതവുമായി ബദ്ധപ്പെട്ട കഥയാണ് സിനിമ.  അദ്ദേഹത്തെ ഒരാള്‍ തല്ലി. മൂന്നു വര്‍ഷമാണ് അദ്ദേഹം ചെരിപ്പില്ലാതെ നടന്നത്. ആ കഥയാണ് സിനിമയില്‍ പറയുന്നത്. ഇതു ഒരു സംഭവം മാത്രമാണ്. ഇങ്ങനെ ഒട്ടേറെ സംഭവങ്ങളുണ്ട് അദ്ദേഹത്തിന്റെ ജീവിതത്തില്‍ സിനിമയാക്കാന്‍ പറ്റുന്നത്. മൃഗസ്‍നേഹിയും പക്ഷിസ്‍നേഹിയും ഒക്കെ ആയിരുന്നു അദ്ദേഹം. എന്റെ അച്ഛന്റെ അടുത്ത സുഹൃത്തായിരുന്നു. ഇക്കഥ സിനിമയാക്കുന്നുണ്ടെന്ന് അദ്ദേഹത്തോട് ഞാന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം അദ്ദേഹം മരിച്ചുപോയി.
 
ആലപ്പുഴയിലെ ആ കഥ എങ്ങനെയാണ് ഇടുക്കിയിലേക്ക് എത്തുന്നത്?

ഇടുക്കി ഗോള്‍ഡ് എന്ന സിനിമയുടെ ഭാഗമായി ഞങ്ങള്‍ക്ക് ഇടുക്കിയില്‍ അമ്പതു ദിവസത്തോളം താമസിക്കേണ്ടിവന്നു. അപ്പോഴാണ് അവിടത്തെ രീതി മനസ്സിലായത്. അവിടത്തെ ആള്‍‌ക്കാരുടെ പ്രത്യേകതകള്‍, മനോഭാവങ്ങള്‍, സമീപനങ്ങള്‍, പെരുമാറ്റം എല്ലാം നമ്മളെ അമ്പരിപ്പിച്ചുകളയും. ജീവിതത്തോടുള്ള അവരുടെ കാഴ്‍ചപ്പാടു തന്നെ വളരെ വ്യത്യസ്‍തമാണ്. പരസ്‍പര സഹകരണം ആവശ്യപ്പെടുന്ന ഒരു ഭുപ്രകൃതിയുമാണല്ലോ അവിടത്തേത്. അതുകൊണ്ട് ആള്‍ക്കാര്‍ തമ്മില്‍ പരസ്‍പരം സ്‍നേഹത്തോടെ പ്രവര്‍‌ത്തിക്കുന്നതാണ്. അതാണ് നമ്മെ ഇന്‍സ്‍പെയര്‍ ചെയ്യുന്നത്. അതിനാലാണ് ഇങ്ങനെയൊരു പശ്ചാത്തലത്തിലേക്ക് നമ്മുടെ കഥയെ കൊണ്ടുവന്നാല്‍ നല്ലതായിരിക്കുമെന്ന് ആലോചിച്ചത്.

സിനിമയിലെ കഥ നടക്കുന്ന പ്രകാശ് സിറ്റി എന്ന കവലയിലാണ്. ആ കവലയുടെ താഴത്തുള്ള ഒരു വീട്ടില്‍ രണ്ടു മാസത്തോളം താമസിച്ചാണ് എഴുതിയത്. സംവിധായകനും അസോസിയേറ്റ്‍സും ഒപ്പമുണ്ടായിരുന്നു. ആ കവലയിലാണ് സിനിമയിലെ പ്രധാന സംഗതികള്‍ നടക്കുന്നത്. സ്ഥലം കണ്ടുകൂടിയാണ് തിരക്കഥ എഴുതിയത്. സ്ഥലം കണ്ടെത്തിയ ശേഷം കഥ വികസിപ്പിക്കാം എന്നു നേരത്തെ ധാരണയുമുണ്ടായിരുന്നു. ഞാനും സംവിധായകന്‍ ദിലീഷ് പോത്തനും സിനിമയില്‍ വരുംമുന്നേയുള്ള സുഹൃത്തുക്കളാണ്. ഒരു മുറിയില്‍ ഒരുമിച്ചു താമസിച്ചതാണ്. അതുകൊണ്ട് ഞങ്ങള്‍ക്ക് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമായിരുന്നു.

പ്രതികാരം ചെയ്യാന്‍ ഫഹദ് തന്നെയായിരുന്നു എഴുതുമ്പോഴേ മനസ്സിലുണ്ടായിരുന്നത്?

കഥ വികസിച്ചപ്പോള്‍ ആരെ കാസ്റ്റ് ചെയ്യും എന്നു ആലോചന വന്നു. അപ്പോള്‍ ആദ്യംതന്നെ ഫഹദ് ആണ് മനസ്സില്‍ വന്നത്. ഇപ്പോള്‍ ഉള്ളവരില്‍ അനുയോജ്യമായ നടന്‍ ഫഹദ് തന്നെയാണെന്ന് ഉറപ്പുണ്ടായിരുന്നു. നമ്മള്‍ മുമ്പ് ഒരുമിച്ച് സിനിമകള്‍ ചെയ്‍തിട്ടുമുണ്ട്. അതിന്റെ അടുപ്പവുമുണ്ട്.സ്വാഭാവികമായി അഭിനയിക്കേണ്ട കഥയുമാണ് മഹേഷിന്റെ പ്രതികാരത്തിന്റേത്. ചെറിയ ജീവനുള്ള കഥയായതുകൊണ്ട് ഭയങ്കര സ്വാഭാവികമായി അഭിനയിക്കുന്ന ഒരാളുണ്ടെങ്കിലേ ആള്‍ക്കാര്‍ വിശ്വസിക്കൂ. അപ്പോള്‍ മികച്ച ഓപ്ഷന്‍ ഫഹദ് തന്നെയായിരുന്നു.

ഇയ്യോബിന്റെ പുസ്‍തകത്തിന്റെ ചിത്രീകരണസമയത്തായിരുന്നു ഫഹദിനോട് കഥ പറയുന്നത്. അപ്പോള്‍ത്തന്നെ ഫഹദ് വളരെ എക്സൈറ്റഡ് ആയി. ഫഹദ് ഭയങ്ക നിരീക്ഷണപാടവമുള്ള ആളാണ്. കഥയറിഞ്ഞപ്പോള്‍ മുതല്‍ അത്തരം ആള്‍ക്കാരെ ഫഹദ് നിരീക്ഷിക്കാനും തുടങ്ങിയിരുന്നു.

വളരെ സ്വാഭാവികമായ അഭിനയരീതിയാണ് കഥാപാത്രങ്ങള്‍ക്കെല്ലാം? എങ്ങനെയായിരുന്നു കാസ്റ്റിംഗ്?

സിനിമ തുടങ്ങുന്നതിനു രണ്ടു മാസം മുമ്പു തന്നെ ഇതിന്റെ കാസ്റ്റിംഗ് ആരംഭിച്ചിരുന്നു. വലിയ രീതിയില്‍ കാസ്റ്റിംഗ് ഹണ്ട് നടത്തിയിരുന്നു. അഞ്ഞൂറോളം ആള്‍ക്കാരെ ഞങ്ങള്‍ കാസ്റ്റിംഗ് നടത്തിയിരുന്നു. ഇന്റര്‍വ്യൂ നടത്തി വിടുകയായിരുന്നില്ല ചെയ്‍തത്. ചെറിയ സിനിമയാണ്. അതുകൊണ്ട് ഡിറ്റേല്‍ഡ് വര്‍ക്ക് ചെയ്യാമെന്നു കരുതിയിരുന്നു. ഉള്‍‌ക്കരുത്ത് വര്‍ദ്ധിപ്പിക്കാം എന്നു കരുതിയിരുന്നു.

എല്ലാ സീനുകളും നമ്മുടെ ജീവിത്തിലോ നമ്മളുമായി അടുപ്പമുള്ളവരുടെയോ ജീവിതവുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ടുതന്നെ സ്വാഭാവികമായരീതിയില്‍ എഴുതാന്‍ എളുപ്പമായിരുന്നു. അനുഭവത്തില്‍ നിന്നുള്ളത് ആയതുകൊണ്ട് ഓരോ കഥാപാത്രത്തെ കുറിച്ചും വ്യക്തതയുണ്ടായിരുന്നു.

ശ്യാം പുഷ്‍‌കരന്റെ സംഭാഷണങ്ങള്‍ വളരെ ലാളിത്യമുള്ളതാണ്? കഥാപാത്രങ്ങള്‍ക്ക് യോജിച്ച ഭാഷ സ്വീകരിക്കുന്നതിലും പ്രത്യേകം ശ്രദ്ധിക്കാറുണ്ടല്ലോ?

എഴുതി വരുമ്പോള്‍ ലാളിത്യമുള്ളതായി പോകുകയാണ്(ചിരി). പക്ഷേ എന്റെ വ്യക്തിത്വം സിനിമയില്‍ തിരിച്ചറിയാതിരിക്കാന്‍ ശ്രമിക്കാറുണ്ട്. എന്റെ ഈഗോകളൊക്കെ അടക്കിനിര്‍ത്താന്‍ ശ്രമിക്കാറുണ്ട്. ഇടയ്‍ക്കു സുഹൃത്തുക്കളൊക്കെ പറഞ്ഞിരുന്നു, ബോധപൂര്‍വം കോമഡിയുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന്. അത്തരം അഭിപ്രായങ്ങളൊക്കെ എഴുതുമ്പോള്‍ ശ്രദ്ധിക്കാറുണ്ട്.

പലപ്പോഴും മണ്ണിനോട് ചേര്‍ന്ന് നില്‍ക്കുന്നില്ല എന്നു പരാതി ഉയരാറുണ്ട്. പക്ഷേ മണ്ണിനോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍ പലപ്പോഴും എന്റര്‍ടെയ്‍ന്‍മെന്റ് ആകാറില്ല. അതാണ് നമുക്ക് പറ്റുന്നത്. ക്ലീഷെ ആയി പോകുകയും ചെയ്‍തു. അപ്പോള്‍ ബാലന്‍സ്ആകുകയും വേണം. സിനിമയില്‍‌ നോക്കിയാല്‍ പ്രകാശ് സിറ്റി ഫ്ലക്സുകളുടെ ഒരു കവലയാണ്. സാധാരണയായി വരച്ചുവച്ച കവലയാണ് ഉണ്ടാകാറ്. കള്‍‌ട്ട് കവല. ഇപ്പോഴും പെയിന്റും ബ്രഷും ഉപയോഗിച്ച് കാണിക്കുന്നത്. മഹേഷിന്റെ പ്രതികാരത്തില്‍എല്ലാം ബാലന്‍സിംഗ് ആയതു സംവിധായകനുമയുള്ള കമ്മ്യൂണിക്കേഷന്‍ കൊണ്ടുംകൂടിയാണ്.

മോഹന്‍ലാലിനെയും മമ്മൂട്ടിയേയും കുറിച്ച് ക്രിസ്‍പിന്‍ എന്ന കഥാപാത്രം പറയുന്ന സംഭാഷണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. ചില ആരാധകരെയെങ്കിലും അത് ചൊടിപ്പിക്കുന്നുണ്ട്?

അത് ഒരു തമാശയ്‍ക്കു വേണ്ടി എഴുതിയതാണ്. സൗത്ത് റെയില്‍വേ സ്റ്റേഷന്റെ പുറകിലെ ബാര്‍ബര്‍ ഷോപ്പില്‍ നിന്ന് കേട്ടതാണ്. കേട്ടപ്പോള്‍ വളരെ ഇന്‍ട്രസ്റ്റിംഗ് ആയി തോന്നി. ക്രിസ്‍പിന്‍ എന്ന കഥാപാത്രം അങ്ങനെ പറയാന്‍ സാധ്യതയും ഉണ്ട്. അതുകൊണ്ട് ആ കഥാപാത്രത്തിന് ആ സംഭാഷണം നല്‍കിയെന്നേ ഉള്ളൂ.ജീവിതത്തോട് ചേര്‍ന്നുനില്‍ക്കണമെന്ന് എല്ലാവരും പറയും. അങ്ങനെ ചെയ്യുമ്പോള്‍ നമുക്ക് എതിരെ ആള്‍ക്കാര്‍ പറയുകയും ചെയ്യും.

സ്‍പൂഫിനുള്ള ശ്രമങ്ങളും ചിത്രത്തിലുണ്ട്?

അങ്ങനെ സ്‍പൂഫിയാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമുണ്ടായിരുന്നില്ല. നമ്മുടെ ജീവിതത്തില്‍ തന്നെ എത്രയേറെ ശ്രീനിവാസന്‍ ഡയലോഗുകള്‍ പറയാറുണ്ട്. ട്രോള്‍ വന്നതോടു അതുകൂടുകയും ചെയ്‍തു. ഭാര്യയും ഭര്‍ത്താവും അച്ഛനും മകനുമൊക്കെ ഇപ്പോള്‍ സിനിമയുമായി ബന്ധപ്പെടുത്തിയാണ് സംസാരിക്കുന്നത്. അത് തിരിച്ചുസിനിമയിലേക്കും പകര്‍ത്തിയെന്നേ ഉള്ളൂ.

കൂട്ടായ്‍മയുടെ ഭാഗമായിട്ടാണ് ശ്യാം പുഷ്‍കരന്റെ സിനിമകള്‍ വരുന്നത്?

എല്ലാ നല്ല സിനിമകളും കൂട്ടായ്‍മകളില്‍ നിന്നാണ് ഉണ്ടായിട്ടുള്ളത്. പ്രിയദര്‍ശന്‍ സര്‍ പറയാറുണ്ട് എന്നു പറഞ്ഞിട്ട് മണിയന്‍പിള്ള രാജു ചേട്ടന്‍ പറയാറുണ്ട്. ലാല്‍ രക്ഷപ്പെട്ടാല്‍ നമ്മള്‍ എല്ലാവരും രക്ഷപ്പെടുമെന്ന്. ഒരു കൂട്ടായ്‍മ ഉള്ളതു നല്ലതാണ്, എല്ലാവര്‍ക്കും. എളുപ്പമാണ് ഇങ്ങനെ ജോലി ചെയ്യാന്‍. നമ്മുടെ മണ്ടത്തരങ്ങള്‍ അവര്‍ തിരുത്തുമല്ലോ? ചര്‍ച്ചകളിലൂടെ കഥയും തിരക്കഥയും വികസിക്കുകയും ചെയ്യും. അപ്ലൈഡ് ആര്‍ട്ടാണല്ലോ സിനിമ. അപ്പോള്‍ എല്ലാവരില്‍ നിന്നും സഹകരണങ്ങള്‍ ആവശ്യമാണ്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

വര്‍ഷം അവസാനിക്കാന്‍ 9 ദിനങ്ങള്‍ ശേഷിക്കെ 'കാന്താര' വീണു! ഈ വര്‍ഷത്തെ ഏറ്റവും വലിയ ഇന്ത്യന്‍ ഹിറ്റ് ആ ചിത്രം
'ചെയ്യാന്‍ റെഡി ആയിരുന്നു, പക്ഷേ തിരക്കഥ വായിച്ചതിന് ശേഷം ഉപേക്ഷിച്ചു'; ആ ചിത്രത്തെക്കുറിച്ച് അജു വര്‍ഗീസ്