മാന്‍ഹോള്‍ മികച്ച ചിത്രം; വിനായകന്‍ നടന്‍, രജീഷ നടി

By Web DeskFirst Published Mar 7, 2017, 11:32 AM IST
Highlights

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം പ്രഖ്യാപിച്ചു. വിധു വിന്‍സന്റ് സംവിധാനം ചെയ്‌ത മാന്‍ഹോള്‍ എന്ന സിനിമയാണ് മികച്ച ചിത്രം. വിധു വിന്‍സന്റ് തന്നെയാണ് മികച്ച സംവിധായികയ്‌ക്ക് ഉള്ള പുരസ്ക്കാരം സ്വന്തമാക്കിയത്. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകന്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിയായി അനുരാഗ കരിക്കിന്‍വെള്ളം എന്ന സിനിമയിലെ നായികാവേഷം ചെയ്‌ത രജീഷ വിജയന്‍ അര്‍ഹയായി. സാംസ്ക്കാരികവകുപ്പ് മന്ത്രി എ കെ ബാലനാണ് പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഒഡിയ സംവിധായകനും ക്യാമറാമനുമായ എ കെ ബിര്‍ അധ്യക്ഷനായ പത്തംഗ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. പ്രിയനന്ദനന്‍, സുദേവന്‍, സുന്ദര്‍ദാസ്, പിഎഫ് മാത്യൂസ്, മീനാ പിള്ള, ശാന്തികൃഷ്ണ, വി ടി മുരളി, അരുണ്‍ നമ്പ്യാര്‍, മഹേഷ് പഞ്ചു (മെമ്പര്‍ സെക്രട്ടറി) എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.

കമ്മട്ടിപാടത്തെ ഗംഗയെ അനശ്വരമാക്കിയ വിനായകന്‍ ടി.കെ. പ്രേക്ഷക കയ്യടിക്ക് പിന്നാലെ മികച്ച നടനുള്ള പുരസ്‌ക്കാരവും സ്വന്തമാക്കി. അനുരാഗ കരിക്കിന്‍വെള്ളത്തിലെ എലിസബത്തെന്ന യുവതിയെ തനതായ രീതിയില്‍ അവതരിപ്പിച്ചതിനാണ് സിനിമയിലേക്കുള്ള അരങ്ങേററത്തില്‍ രജീഷ വിജയന്‍ മികച്ച നടിയായത്.

രാജ്യാന്തര ചലച്ചിത്രമേളയിലെ അംഗീകാരത്തിന് പിറകെയാണ് വിധു വിന്‍സെന്റിന്റെ കന്നിചിത്രം സംസ്ഥാന സര്‍ക്കാറിന്റെ രണ്ട് പ്രധാന അവാര്‍ഡുകള്‍ സ്വന്തമാക്കുന്നത്.

മികച്ച സ്വഭാവ നടന്‍ മണികണ്ഠന്‍ ആചാരി, ചിത്രം കമ്മട്ടിപ്പാടം. സ്വഭാവ നടി കാഞ്ചന പികെ സിനിമ ഓലപ്പീപ്പി. മികച്ച രണ്ടാമത്ത സിനിമ ഒറ്റയാള്‍പ്പാത, സംഗീത രംഗത്തെ 3 പുരസ്‌ക്കാരങ്ങള്‍ വിനോദ് മങ്കരയുടെ കാംബോജിക്കാണ്. ഗാനരചനക്കുള്ള അവാര്‍ഡ് മരണാന്തര ബഹുമതിയായി ഒ.എന്‍വിക്ക് ലഭിച്ചപ്പോള്‍ എം ജയചന്ദ്രന്‍ മികച്ച സംഗീത സംവിധായകനായി, ഗായിക കെഎസ് ചിത്ര. ഗപ്പിയിലൂടെ സൂരജ് സന്തോഷ് മികച്ച ഗായകനായി.

മികച്ച കഥാകൃത്ത് സലിംകുമാര്‍ ചിത്രം കറുത്ത ജൂതന്‍, തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരന്‍, മഹേഷിന്റെ പ്രതികാരം .മികച്ച ക്യാമറാ മേന്‍ എംജെ രാധാകൃഷണന്‍, കാട് പൂക്കുന്ന നേരം. ഇതടക്കം സാങ്കേതിക വിഭാഗങ്ങളിലെ 5 അവാര്‍ഡുകള്‍ കാട് പൂക്കുന്ന നേരം സ്വന്തമാക്കി.

നൃത്തസംവിധാനം വിനീത്, സിനിമ കാംബേജി. മഹേഷിന്റെ പ്രതികാരം ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രമായി. കിസ്മത്ത് ഒരുക്കിയ ഷാനവാസ് ബാവക്കുട്ടിയാണ് നവാഗത സംവിധായകന്‍. കോലുമിഠായിയാണ് കുട്ടികളുടെ മികച്ച ചിത്രം. കെ.കലാധരന്‍, സുരഭി ലക്ഷ്മി, ഇ.സന്തോഷ് കുമാര്‍, ഗിരീഷ് ഗംഗാധരന്‍ എന്നിവര്‍ക്ക് പ്രത്യേക ജൂരി പുരസ്‌ക്കാരങ്ങള്‍ നേടി.

ഗപ്പിയിലൂടെ ചേതന്‍ ജയലാലും കൊച്ചവ്വൗ പൗലോ അയ്യപ്പ കൊയ്‌ലോയിലൂടെ അബേനി ആദിയും മികച്ച ബാലതാരങ്ങളായി. താരമൂല്യങ്ങള്‍ക്കപ്പുറം തീഷ്ണമായ പ്രകടനങ്ങള്‍ക്കും പ്രമേയങ്ങള്‍ക്കുമുള്ള പുരസ്‌ക്കാരം എന്ന നിലയിലാകും 2016ലെ ചലച്ചിത്ര അവാര്‍ഡ് ഓര്‍മ്മിക്കപ്പെടുക
 

മറ്റ് പ്രധാന പുരസ്ക്കാരങ്ങള്‍

ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രം- മഹേഷിന്‍റെ പ്രതികാരം.

മികച്ച കഥ- സലീംകുമാര്‍. ചിത്രം- കറുത്ത ജൂതന്‍

മികച്ച തിരക്കഥാകൃത്ത്- ശ്യാം പുഷ്‌കരന്‍ (മഹേഷിന്റെ പ്രതികാരം) .

മികച്ച നവാഗത സംവിധായകന്‍ ഷാനവാസ് (കിസ്മത്ത്) 

മികച്ച സ്വഭാവനടന്‍- മണികണ്ഠന്‍ (കമ്മട്ടിപ്പാടം)

മികച്ച സ്വഭാവനടി കാഞ്ചന പി.കെ. (ഓലപ്പീപ്പി) 

ഗാനരചന- ഒഎന്‍വി കുറുപ്പ്. ചിത്രം- കാംബോജി, നടവാതില്‍ തുറന്നില്ല

മികച്ച സംഗീതസംവിധായകന്‍- എം ജയചന്ദ്രന്‍. ചിത്രം - കാംബോജി

മികച്ച ഗായകന്‍- സൂരജ് സന്തോഷ്. ചിത്രം- ഗപ്പി

മികച്ച പിന്നണിഗായിക കെ.എസ്.ചിത്ര (കാംബോജി, നടവാതില്‍ തുറന്നില്ല..) .

മികച്ച കുട്ടികളുടെ ചിത്രം- കോലുമിട്ടായി.

മികച്ച ബാലതാരം- ചേതന്‍. ചിത്രം- ഗപ്പി

മികച്ച നൃത്തസംവിധാനം- വിനീത് (കാംബോജി)

പശ്ചാത്തല സംഗീതം- വിഷ്ണു വിജയ് (ഗപ്പി)

മികച്ച ഛായാഗ്രഹണം- എം.ജെ.രാധാകൃഷ്ണന്‍ (കാടുപൂക്കുന്ന നേരം)

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്- വിജയ് മോഹന്‍ മേനോന്‍, എം.തങ്കമണി .

മികച്ച സിനിമ ഗ്രന്ഥം 'സിനിമ മുതല്‍ സിനിമ വരെ' 

പ്രത്യേക ജൂറി പരാമര്‍ശം

സന്തോഷ് കുമാര്‍ (സംവിധാനം: ആറടി)

പ്രത്യേക പരാമര്‍ശം (അഭിനയം) കെ.കലാധരന്‍ (ഒറ്റയാള്‍ പാത)
 

click me!