
തിരുവനന്തപുരം: മലയാളത്തിന്‍റെ പ്രിയനടി ശ്രീവിദ്യ നമ്മെ വിട്ട് പിരിഞ്ഞിട്ട് ഇന്നേക്ക് 11 വർഷം തികയുന്നു. അഭിനയത്തില്‍ പലതും എത്തിപിടിക്കാന്‍ കഴിഞ്ഞെങ്കിലും ജീവിതത്തില്‍ പലതും നേടാനായില്ല ശ്രീവിദ്യയ്ക്ക്. ശ്രീത്വം തുളുമ്പുന്ന മുഖവും കുസൃതി നിറഞ്ഞ നോട്ടവും നിഷ്‌കളങ്കമായ ചിരിയുമായിരുന്നു ശ്രീവിദ്യയ്ക്ക്. 80 കളില്‍ മലയാളത്തിൽ വെല്ലുവിളികൾ ഇല്ലാത്ത താരമായിരുന്നു അവര്‍.
1953 ജൂലൈ 24 ന് സംഗീതജ്ഞയായ എം. എൽ വസന്തകുമാരിയുടെയും ആർ. കൃഷ്ണമൂർത്തിയുടെയും മകളായിട്ടാണ് ശ്രീവിദ്യ ജനിച്ചത്. അമ്മയുടെ സംഗീത പാരമ്പര്യം കിട്ടിയിരുന്നെങ്കിലും കുഞ്ഞ് ശ്രീവിദ്യ കൂടുതൽ ശ്രദ്ധ വച്ചത് നൃത്തത്തിലാണ്. 13-ാം വയസിൽ അരങ്ങേറിയ അവർ അധികം താമസിയാതെ സിനിമയിലുമെത്തി. ആഗ്രഹത്തിന്‍റെ പേരിൽ മാത്രം അഭിനയം തുടങ്ങിയ നടിയാണ് ശ്രീവിദ്യ. എന്നാല്‍ അമ്മ ഒരു കാർഅപകടത്തിൽ പെട്ടതോടെ ശ്രീവിദ്യയ്ക്ക് സിനിമ ഗൗരവമായി എടുക്കേണ്ടിവന്നു.
1969 ൽ പുറത്തിറങ്ങിയ 'ചട്ടമ്പികവല' എന്ന ചിത്രത്തിൽ സത്യന്‍റെ നായികയായെത്തിയ ശ്രീവിദ്യയെ മലയാളികൾക്കും നന്നേ പിടിച്ചു. അഭിനയ മികവുകൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപോലെ അവർ പ്രേക്ഷകരെ ആകർഷിച്ചു. 'സൊല്ലത്താൻ നിനിക്കിറേനും' 'അപൂർവ രാഗങ്ങളും' ഹിറ്റായതോടെ തമിഴും ശ്രീവിദ്യയുടെ തട്ടകമായി . ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ജീവിതം ഒരു ഗാനം, രചന, ആദാമിന്‍റെ വാരിയെല്ല്, എന്‍റെ സൂര്യപുത്രിക്ക്, ദൈവത്തിന്‍റെ വികൃതികൾ, പഞ്ചവടിപ്പാലം തുടങ്ങി ശ്രീവിദ്യയുടെ അഭിനയത്തികവ് കണ്ട എത്രയോ സിനിമകൾ.
പക്ഷേ സിനിമയുടെ ഈ സൗന്ദര്യങ്ങളൊന്നും ആ ജീവിതത്തിൽ ഉണ്ടായിരുന്നില്ല. പ്രണയത്തിലും വിവാഹത്തിലും ഒക്കെ മലയാളികളുടെ പ്രിയ നായിക പരാജയപ്പെട്ടുപോയി. ഒടുവിൽ 2006 ഒക്ടോബർ 19ന്, 53-ാം വയസില്‍ മരണത്തിന്‍റെ രൂപത്തിൽ ജീവിതത്തിലെ അവസാന പരാജയം. പക്ഷെ നടിയെന്ന നിലയിലുള്ള ശ്രീവിദ്യയുടെ കലാജീവിതം ഒരു പരാജയമേ ആയിരുന്നില്ല. അതുകൊണ്ടാണ് അവരെ ഇന്നും ഏവരും ഓർത്തിരിക്കുന്നത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ