
മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായിരുന്ന ജയലളിതയുടെ ജീവിതം പറയുന്ന മറ്റൊരു സിനിമ കൂടി വരുന്നു. 'ദിയ'യും 'തലൈവ'യുമൊക്കെ ഒരുക്കിയ എ എല്‍ വിജയ് ആണ് സംവിധായകന്‍. 'തലൈവി' എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.
ജയലളിതയുടെ ജീവിതം പറയുന്ന രണ്ട് സിനിമകള്‍ നേരത്തേ അനൗണ്‍സ് ചെയ്യപ്പെട്ടിട്ടുണ്ട്. സംവിധായകന്‍ മിഷ്‌കിന്റെ അസോസിയേറ്റ് ആയിരുന്ന പ്രിയദര്‍ശിനി സംവിധാനം ചെയ്യുന്ന 'ദി അയണ്‍ ലേഡി'യാണ് അതിലൊന്ന്. നിത്യ മേനനാണ് അതില്‍ ജയലളിതയായി അഭിനയിക്കുന്നത്. നിര്‍മ്മാതാവ് ആദിത്യ ഭരദ്വാജ് ആണ് ജയലളിതയുടെ ജീവിതം പറയുന്ന മറ്റൊരു സിനിമ മുന്‍പ് അനൗണ്‍സ് ചെയ്തിരുന്നത്. തന്റെ കമ്പനിയായ വൈ-സ്റ്റാര്‍ സിനി ആന്‍ഡ് ടെലിവിഷന്‍ പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിക്കുന്ന ചിത്രം മുതിര്‍ന്ന സംവിധായകന്‍ ഭാരതിരാജ ഒരുക്കുമെന്നായിരുന്നു അനൗണ്‍സ്‌മെന്റ്. 'തായ്: പുരട്ചി തലൈവി' എന്നാണ് ഈ സിനിമയുടെ പേര്.
ജയലളിതയുടെ 71-ാം ജന്മദിനത്തിലാണ് (ഫെബ്രുവരി 24) എ എള്‍ വിജയ്‌യുടെ സിനിമ അനൗണ്‍സ് ചെയ്യപ്പെട്ടിരിക്കുന്നത്. വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് നിര്‍മ്മാണം. ഈ സിനിമയുടെ റിസര്‍ച്ചിനുവേണ്ടി സംവിധായകന്‍ ഒന്‍പത് മാസങ്ങള്‍ ചെലവിട്ടതായാണ് വിവരം. ജി വി പ്രകാശ് കുമാര്‍ സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നീരവ് ഷായാണ്. ആന്തണി എഡിറ്റിംഗ്. ആക്ഷന്‍ ഡയറക്ടര്‍ സില്‍വ. ജയലളിതയുടെ സഹോദരപുത്രന്‍ ദീപക്കില്‍ നിന്ന് വിബ്രി മീഡിയയ്ക്ക് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.