
വിവാദത്തിലായ ദേശീയ ചലച്ചിത്ര അവാര്‍ഡ്ദാനച്ചടങ്ങ് ബഹിഷ്കരിച്ച് പ്രതിഷേധിച്ചവരുടെ നിലപാട് ചോദ്യം ചെയ്ത് ജോയ് മാത്യു. പുരസ്കാരവിജയികളില്‍ ചിലര്‍ അവാര്‍ഡ് ഇരുകൈയും നീട്ടി വാങ്ങാത്തത് എന്തിനെന്ന് മനസിലാവുന്നില്ലെന്നും മന്ത്രി സ്മൃതി ഇറാനി നല്‍കുമ്പോള്‍ അവാര്‍ഡ് തുക കുറയുമോ എന്നും ജോയ് മാത്യു ചോദിച്ചു. അവാര്‍ഡ് രാഷ്ട്രപതി തന്നെ തരണമെന്ന് വാശി പിടിച്ചതിന്‍റെ യുക്തി തനിക്ക് മനസിലാവുന്നില്ല, ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.
ജോയ് മാത്യുവിന്‍റെ കുറിപ്പ്
അവാർഡിനുവേണ്ടി പടം പിടിക്കുന്നവർ അത് ആരുടെ കയ്യിൽനിന്നായാലും വാങ്ങാൻ മടിക്കുന്നതെന്തിന്? അവാർഡ് കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നത് ഭരിക്കുന്ന പാർട്ടിയാണ്. അങ്ങിനെ വരുമ്പോൾ ആത്യന്തികമായ തീരുമാനവും ഗവണ്‍മെന്‍റിന്‍റെയായിരിക്കുമല്ലോ. അപ്പോൾ ഗവണ്‍മെന്‍റ് നയങ്ങൾ മാറ്റുന്നത് ഗവണ്‍മെന്‍റിന്‍റെ ഇഷ്ടം. അതിനോട് വിയോജിപ്പുള്ളവർ തങ്ങളുടെ സൃഷ്ടികൾ അവാർഡിന് സമർപ്പിക്കാതിരിക്കയാണു ചെയ്യേണ്ടത്. രാഷ്ട്രപതി തന്നെ അവാർഡ് നൽകും എന്ന് അവാർഡിനയക്കുന്ന അപേക്ഷകന് ഉറപ്പുകൊടുത്തിട്ടുണ്ടോ എന്നറിയില്ല. മുൻകാലങ്ങളിലെല്ലാം രാഷ്ട്രപതി തന്നെയാണോ അവാർഡ് നൽകിയിരുന്നത്? ഇതൊന്നുമല്ലെങ്കിൽത്തന്നെ രാഷ്ട്രപതിക്ക് ഉദരസംബന്ധമായ പ്രശ്നങ്ങളോ രാജ്യപ്രതിരോധസംബന്ധിയായ പ്രശ്നങ്ങളോ ഉണ്ടായി എന്ന് കരുതുക. എന്ത് ചെയ്യും? ഇതൊക്കെ അറിഞ്ഞിട്ടും തങ്ങളുടെ സിനിമകൾ അവാർഡിനയക്കുന്നവർ അത് ഇരുകൈയും നീട്ടി വാങ്ങാതിരിക്കുന്നതെന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അവാർഡ് രാഷ്ട്രപതി തന്നെ തരണം എന്ന് വാശിപിടിക്കുന്നതെന്തിനാ? അച്ചാർ കച്ചവടക്കാരിൽ നിന്നും അടിവസ്ത്ര വ്യാപാരികളിൽ നിന്നും യാതൊരു ചമ്മലുമില്ലാതെ കുനിഞ്ഞുനിന്ന് പുരസ്കാരങ്ങൾ വങ്ങിക്കുന്നവർക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയിൽ നിന്നും അവാർഡ് സ്വീകരിക്കാൻ കഴിയില്ല എന്ന് പറയുന്നതിന്‍റെ യുക്തി എനിക്ക് മനസ്സിലാകുന്നില്ല. ഇനി സ്മൃതി ഇറാനി തരുമ്പോൾ അവാർഡ് തുക കുറഞ്ഞുപോകുമോ? കത്‌വ യിൽ പിഞ്ചുബാലികയെ ബലാൽസംഗം ചെയ്തു കൊന്നതിന്‍റെ പേരിലോ രാജ്യത്തൊട്ടാകെ നടക്കുന്ന വംശവെറിക്കെതിരെയൊ ഒക്കെ പ്രതിഷേധിച്ചാണ് അവാർഡ് നിരസിച്ചതെങ്കിൽ അതിന് ഒരു നിലപാടിന്‍റെ അഗ്നിശോഭയുണ്ടായേനെ. (മർലൻ ബ്രാണ്ടോയെപ്പോലുള്ള മഹാനടന്മാർ പ്രതിഷേധിക്കുന്ന രീതി വായിച്ച് പഠിക്കുന്നത് നല്ലതാണ്). ഇതിപ്പം കൊച്ചുകുഞ്ഞുങ്ങൾ അവാർഡ് കളിപ്പാട്ടം കിട്ടാത്തതിന് കരയുന്നത് പോലെയായിപ്പോയി. ഇതാണ് ഞാനെപ്പോഴും പറയാറുള്ളത് അവാർഡിന് വേണ്ടിയല്ല മറിച്ച് ജനങ്ങൾ കാണുവാൻ വേണ്ടിയാണ് സിനിമയുണ്ടാക്കേണ്ടത്. അതിന്‍റെ ഏറ്റവും
പുതിയ ഉദാഹരണമാണ് നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുന്ന "അങ്കിൾ" എന്ന സിനിമ.
വാൽക്കഷ്ണം: അവാർഡ് വാങ്ങാൻ കൂട്ടാക്കാത്തവർ അടുത്ത ദിവസം തലയിൽ മുണ്ടിട്ട് അവാർഡ് തുക റൊക്കമായി വാങ്ങിക്കുവാൻ പോകില്ലായിരിക്കും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection, Viral News — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ