
ദില്ലി: ജൂറി ചെയർമാൻ പകുതി തമാശയായും പകുതി കാര്യമായിട്ടുമാണ് മലയാളി മാധ്യമപ്രവർത്തകരോട് ആ അഭ്യർത്ഥന നടത്തിയത്. മലയാളം വാക്കുകൾ അത്രത്തോളം അദ്ദേഹത്തെ കുഴപ്പത്തിലാക്കി. പക്ഷെ മലയാള സിനിമ തന്നെ ഏറെ അത്ഭുതപ്പെടുത്തിയെന്ന് എത്ര പറഞ്ഞിട്ടും ശേഖർ കപൂറിന് മതിവന്നുമില്ല.
പ്രാദേശിക സിനിമകളുടെ മേന്മ എടുത്തു പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രഖ്യാപനം തുടങ്ങിയത്. ലോകനിലവാരത്തോടാണ് പ്രാദേശിക സിനിമകളെ കപൂർ ചേർത്തുവച്ചത്. മലായളികളുടെ അഭിമാനമായി ആദ്യം പ്രഖ്യാപനത്തിൽ ഇടംപിടിച്ചത് ടേക്ക് ഓഫും നടി പാർവതിയുമാണ്. പാർവതി മികച്ച നടിക്കുള്ള പരിഗണനാപട്ടികയിൽ ഉണ്ടായിരുന്നെന്നും വലിയ ചർച്ചകൾ ഇക്കാര്യത്തിൽ നടന്നെന്നും അദ്ദേഹം പറഞ്ഞു.
ടേക്ക് ഓഫിനെക്കുറിച്ച് ബ്യൂട്ടിഫുളെന്ന് പറഞ്ഞ കപൂർ തൊണ്ടിമുതലിലും ദൃക്സാക്ഷിയിലുമെത്തിയപ്പോൾ ബ്രില്ല്യന്‍റ് എന്ന വാക്കാണ് ഉപയോഗിച്ചത്. ബ്രില്ല്യന്‍റ് ഫിലിം, ബ്രില്ല്യന്‍റ് സ്ക്രീൻപ്ലെ, ഗ്രേറ്റ് പെർഫോമൻസ് അഭിനന്ദന വാക്കുകൾ ചൊരിഞ്ഞ കപൂറിന് സിനിമയുടെ പേര് പക്ഷെ ചെറിയ തലവേദന ഒന്നുമല്ല നൽകിയത്. തൊണ്ടി മുതലും ദൃഷ്യും എന്നാണ് ആദ്യം വായിച്ചത്. പറഞ്ഞത് അത്ര ശരിയായില്ലെന്ന് അദ്ദേഹത്തിന് തന്നെ മനസ്സിലായി. മാലമോഷണം എന്ന അർത്ഥത്തിൽ എളുപ്പത്തിൽ ചെയിൻ സ്നാച്ചിംഗ് എന്ന് വിളിക്കാമെന്നായി.
ജൂറി അംഗങ്ങൾ തമ്മിൽ അങ്ങനെയായിരുന്നത്രെ പറഞ്ഞിരുന്നത്.പിന്നെ ഓരോ വാക്കിന്‍റെയും സ്പെല്ലിംഗും പറഞ്ഞു. ഈ സമയത്താണ് മലയാളി മാധ്യമപ്രവർത്തകർ കപൂറിന്‍റെ രക്ഷക്കെത്തിയത്. പേര് വഴങ്ങിയില്ലെങ്കിലും തൊണ്ടിമുതലിലും ദൃക്സാക്ഷിയിലും തുടങ്ങിയ പ്രശംസ അദ്ദേഹം മലയാള സിനിമയ്ക്കും ആവോളം നൽകി. മലയാളത്തിലെ ഒരു നടൻ രണ്ട് സിനിമകളിൽ നടത്തിയ പ്രകടനം എടുത്തുപറഞ്ഞു. ഹിന്ദി സിനിമയ്ക്ക് ഒരിക്കലും ഈ നിലവാരത്തിലേക്ക് എത്താൻ കഴിയില്ലെന്നും കൂട്ടിച്ചേർത്തു.
തൊണ്ടി മുതലും ദൃക്സാക്ഷിയുമെന്ന് പിന്നെയും പല തവണ അദ്ദേഹത്തിന് പറയേണ്ടിവന്നു. സഹനടനുള്ള പുരസ്കാരപ്രഖ്യാപന സമയമായപ്പോൾ കപൂറിന്‍റെ ശരീരഭാഷയിൽ നിന്ന് തന്നെ ഫഹദ് ഫാസിലിന്‍റെ പേര് അദ്ദേഹത്തോട് പറയാൻ മലയാളി മാധ്യമപ്രവർത്തകർക്കായി. ഈ പേര് കൃത്യമായി പറഞ്ഞില്ലേയെന്ന് അദ്ദേഹം തിരിച്ച് ചോദിക്കുകയും ചെയ്തു.
മികച്ച ഗായകന്‍റെ പേര് പറയാൻ ശേഖർ കപൂറിന് അധികം ബുദ്ധിമുട്ടേണ്ടിവന്നില്ല, കെ ജെ യേശുദാസ്. പക്ഷെ പാട്ട് വീണ്ടും കുഴക്കി. ‘പോയ് മറഞ്ചിന കാലം’ എന്നത് പോയ് മറഞ്ഞകാലമെന്ന് മലയാളികൾ ശരിയാക്കി നൽകി. അപ്പോഴാണ് ഏതെങ്കിലും മലയാളി മാധ്യമപ്രവർത്തകൻ അടുത്തിരിക്കുമോയെന്ന് അദ്ദേഹം ചോദിച്ചത്.
ജയരാജ് , ഭയാനകം , ആളൊരുക്കം, ഇന്ദ്രൻസ് മലയാളികൾക്ക് അഭിമാനമായി പിന്നെയും പല പേരുകൾ ജൂറി ചെയർമാന്‍റെ വായിൽ നിന്ന് വന്നുകൊണ്ടേയിരുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ