കബാലി ഒരു സാമ്പത്തിക പരാജയമോ?

By Web DeskFirst Published Aug 24, 2016, 4:51 AM IST
Highlights

ചെന്നൈ: ബോക്സ്ഓഫീസില്‍ സൂപ്പർഹിറ്റായി മാറിയ രജനികാന്തിന്‍റെ കബാലി എന്നാല്‍ വിതരണക്കാര്‍ക്ക് വലിയ നഷ്ടം ഉണ്ടാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്‍റെ തമിഴ്നാട്ടിലെ വിതരണാവകാശം ജാസ് സിനിമാസ് ആണ് നേടിയിരുന്നത്. 68 കോടി രൂപയ്ക്കായിരുന്നു കബാലിയുടെ വിതരണാവകാശം ഏറ്റെടുത്തിരുന്നത്. വിതരണം സ്വന്തമാക്കിയ ജാസ് സിനിമാസ് തമിഴ്നാട്ടിലെ മറ്റുവിതരണക്കാര്‍ക്ക് ചിത്രം വലിയ തുകയ്ക്ക് കൊടുക്കുകയും ചെയ്തിരുന്നു.

എന്നാല്‍ മികച്ച ഇനീഷ്യല്‍ കലക്ഷന് ശേഷം ചിത്രം കലക്ഷനില്‍ ഇടിവ് രേഖപ്പെടുത്തിയതോടെ വിതരണക്കാരുടെ നില പരുങ്ങലിലായി. കബാലിയിലൂടെ നഷ്ടമായ വിതരണ തുക താനു തന്നെ തിരിച്ചു തരണമെന്ന നിലപാടിലാണ് ഇപ്പോൾ വിതരണക്കാർ. മാത്രമല്ല കബാലിയുടെ ഹിന്ദി, തെലുങ്ക് പതിപ്പുകള്‍ വിതരണക്കാര്‍ക്ക് കനത്ത നഷ്ടം വരുത്തിവച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്‍.

കർണാടകയിൽ നിർമാതാവ് റോക്ലിൻ വെങ്കിടേഷ് പത്ത് കോടി രൂപക്കാണ് വിതരണം ഏറ്റെടുത്തത്. 15.5 കോടി മുടക്കിയാണ് ഹിന്ദിയിൽ ഫോക്സ് സ്റ്റാർ ഇന്ത്യ വിതരണാവകാശം സ്വന്തമാക്കിയത്. ആദ്യ ദിവസം അഞ്ചുകോടി രൂപ കളക്ഷന്‍ നേടി. 

എന്നാല്‍ പിന്നീട് ചിത്രത്തിന് അഭിപ്രായം മോശമായപ്പോള്‍ തിയറ്ററുകളില്‍ ആളുകള്‍ കയറാതായി. ഹിന്ദിയിൽ ചിത്രം വലിയ നഷ്ടമായിരുന്നു. അതേ സമയം കേരളത്തില്‍ കബാലി വിതരണം ചെയ്തത് മോഹന്‍ലാല്‍- ആന്‍റണി പെരുമ്പാവൂര്‍ ടീം ആയിരുന്നു. മോഹന്‍ലാല്‍ 7.5 കോടി രൂപയ്ക്കാണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. കബാലി കേരളത്തില്‍ ലാഭം നേടിയെന്നാണ് റിപ്പോർട്ട്. 
 

click me!