ചൂടും ചൂരുമുള്ള കാറ്റ്'!- റിവ്യു

By Web DeskFirst Published Oct 13, 2017, 7:02 PM IST
Highlights

മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരനും ചലച്ചിത്രകാരനുമായ പത്മരാജന്റെ കഥാപാത്രങ്ങളെ വീണ്ടും വെള്ളിത്തിരയിലേക്ക് എത്തിച്ച സിനിമയാണ് കാറ്റ്. ചിത്രസംയോജകനായി തുടങ്ങി സംവിധായകനായി മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച അരുണ്‍ കുമാര്‍ അരവിന്ദ് ആണ് പത്മരാജന്റെ കഥാപാത്രങ്ങള്‍ക്ക് വീണ്ടും സിനിമാരൂപങ്ങള്‍ നല്‍കിയത്. മുരളി ഗോപിയും ആസിഫ് അലിയും ആ കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു. തിരക്കഥ എഴുതിയിരിക്കുന്നത് പത്മരാജന്റെ മകന്‍ അനന്ത പത്മനാഭനും. പത്മരാജന്റെ റാണിമാരുടെ ലോകം എന്ന കഥയെ ആസ്പദമാക്കിയിട്ടുള്ള കാറ്റിനെ കലാപരമായി ശ്രദ്ധിക്കപ്പെടുന്ന ഒരു സിനിമാ അനുഭവമായി മാറ്റാന്‍ അരുണ്‍ കുമാര്‍ അരവന്ദിനും സംഘത്തിനും കഴിഞ്ഞിട്ടുണ്ട്.

കേരള- തമിഴ്നാട് അതിര്‍ത്തിയിലെ ഒരു ഗ്രാമത്തിലെ കാഴ്ചകളില്‍ നിന്നാണ് സിനിമ തുടങ്ങുന്നത്. അന്യജാതിയില്‍ പ്രണയിക്കുന്നവര്‍ക്ക് മരണശിക്ഷയടക്കം നല്‍കുന്ന ദുരാചാരങ്ങളുള്ള നാട്. ആ നാട്ടിലെ പ്രധാനിയുടെ മകള്‍ അന്യനാട്ടുകാരനെ പ്രണയിക്കുന്നു. മര്‍ദ്ദനമേറ്റ് ശരീരം തളര്‍ന്ന മുറൈമാമനുമായുള്ള വിവാഹമാണ് ശിക്ഷയായി ലഭിക്കുന്നത്. ആ പശ്ചാത്തലത്തില്‍ നിന്നുള്ള കഥ പിന്നീട് പുരോഗമിക്കുന്നത് തമിഴ്നാട് അതിര്‍ത്തിയിലെ കേരള ഗ്രാമത്തിലാണ്. അവിടെ ചെല്ലപ്പനും സംഘവുമാണ് പ്രധാനികള്‍. അവരുടെ സൗഹൃദത്തിലൂടെയും പ്രണയത്തിലൂടെയും പകയിലൂടെയുമൊക്കെയാണ് പിന്നീട് സിനിമ പുരോഗമിക്കുന്നത്.

ചെല്ലപ്പന്‍ എന്ന കഥാപാത്രമായി നിറഞ്ഞുനില്‍ക്കുന്ന മുരളി ഗോപിയാണ് സിനിമയുടെ കേന്ദ്രം. കള്ളുകുടിയനും സ്ത്രീ ലമ്പടനുമൊക്കെയാണ് ചെല്ലപ്പന്‍. പന്തയംവെച്ചാല്‍ അതില്‍നിന്ന് ഒരുപടി പോലും പിന്നോട്ടുപോകാത്തയാള്‍. അയാളുടെ പ്രണയവും ലഹരിയും സൗഹൃദവും ചൂരുമെല്ലാം മുരളി ഗോപി കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്. ഭരത് ഗോപിയെ ഓര്‍മ്മിക്കുന്ന പ്രകടനമാണ് മുരളി ഗോപി സിനിമയില്‍ നടത്തിയിരിക്കുന്നത്.

ഒരു കള്ളുഷാപ്പില്‍ ജോലി ചെയ്‍തിരുന്ന നൂഹുക്കണ്ണിനെ അവിടത്തെ പീഡനങ്ങളില്‍ നിന്ന് രക്ഷിച്ച് ചെല്ലപ്പന്‍ ഒപ്പം കൂട്ടുന്നു. പടക്കനിര്‍മ്മാണം നടത്തുന്ന മൂപ്പനൊപ്പമാണ് ചെല്ലപ്പന്റെ ജീവിതം. ഇവര്‍ക്കൊപ്പം നുഹുക്കണ്ണും ചേരുകയാണ്. അതിഭാവത്തിലേക്ക് പോകാതെ നുഹുക്കണ്ണിന്റെ മാനറിസങ്ങള്‍ കയ്യടക്കത്തോടെ ആസിഫ് അലി അവതരിപ്പിച്ചിട്ടുണ്ട്. തീര്‍ച്ചയായും ആസിഫ് അലിയുടെ വേറിട്ട കഥാപാത്രം തന്നെയായിരിക്കും നുഹുക്കണ്ണ്. അഭിനേതാക്കളില്‍ എടുത്തുപറയേണ്ട മറ്റൊരാള്‍ രാജന്‍ പി ദേവന്റെ മകന്‍ ഉണ്ണി പി രാജന്‍ പി ദേവാണ്. പോളി എന്ന കഥാപാത്രമായാണ് ഉണ്ണി പി രാജന്‍ പി ദേവ് അഭിനയിച്ചിരിക്കുന്നത്. പ്രധാന സ്ത്രീ കഥാപാത്രമായി അഭിനയിച്ചിരിക്കുന്നത് വരലക്ഷ്‍മി ശരത്കുമാറാണ്. റോള്‍ ചെറുതെങ്കിലും കഥാപാത്രത്തെ മികച്ചതാക്കിയിട്ടുണ്ട് വരലക്ഷ്‍മി ശരത്കുമാര്‍. ഉമ്മക്കുലുസ്സായുള്ള മാനസാ രാധാകൃഷ്ണനും സ്നേഹം നേടും. ചെറുതും വലുതുമായ, സിനിമയിലെ മറ്റ് അഭിനേതാക്കള്‍ക്കും കഥാപാത്രങ്ങളുടെ ഉടുപ്പ് കൃത്യമായി പാകമാകുന്നുണ്ട്.

കാലഘട്ടം കൃത്യമായി പറയുന്നില്ലെങ്കിലും കേരള അതിര്‍ത്തിയിലെ എഴുപതു എണ്‍പതുകളാണ് സിനിമയുടെ കഥാപശ്ചാത്തലം. പാലക്കാട് ആണ് പ്രധാന ലൊക്കേഷനായി തെരഞ്ഞെടുത്തിരിക്കുന്നത്. പാലക്കാട്ടെ കരിമ്പനകളുടെ കാറ്റ് സിനിമയിലുടെനീളമുണ്ട്. പ്രശാന്ത് രവീന്ദ്രന്റെ ഛായാഗ്രഹണം പഴയകാല പശ്ചാത്തലങ്ങളെ ദ്യശ്യമികവോടെ അടയാളപ്പെടുത്തുന്നുണ്ട്. ദീപക് ദേവിന്റെ സംഗീതവും കാറ്റിനെ സുഖകരമാക്കുന്നു. ഒരിടവേളയ്‍ക്കു ശേഷം പി ഉണ്ണിക്കൃഷ്ണന്‍ മലയാളത്തില്‍ പാടിയതടക്കമുള്ള പാട്ടുകളും കാറ്റിനെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാക്കും.

 

 

click me!