ഒരു ചാക്കില്‍ പെട്ടതിനാല്‍‌ അടൂരിന്റെ സിനിമയില്‍ ആദ്യം അവസരം ലഭിച്ചില്ല: കാവ്യാ മാധവന്‍

By Web DeskFirst Published Aug 18, 2016, 5:51 PM IST
Highlights

അടൂര്‍ ഗോപാലകൃഷ്‍ണന്റെ നാലു പെണ്ണുങ്ങള്‍ എന്ന സിനിമയിലാണ് കാവ്യാ മാധവന്‍ ആദ്യമായി അഭിനയിക്കുന്നു. പിന്നീട് ഇപ്പോള്‍ പിന്നെയും എന്ന സിനിമയിലും. എന്നാല്‍ ഇതിനൊക്കെ മുന്നേ ബാലതാരമായി അടൂര്‍ ഗോപാലകൃഷ്‍ണന്റെ സിനിമയിലേക്ക് അവസരം തേടിയുണ്ടെന്ന് കാവ്യാ മാധവന്‍ പറയുന്നു. എന്നാല്‍ ഒരു ചാക്കില്‍ പെട്ടതുകൊണ്ട് ആ അവസരം നഷ്‍ടമാകുകയായിരുന്നുവെന്ന് കാവ്യ പറയുന്നു. തിരുവനന്തപുരം തൈക്കാട് ഗണേശം ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ അടൂര്‍ ഗോപാലകൃഷ്‍ണനെ ആദരിക്കാന്‍ സംഘടിപ്പിച്ച അടൂര്‍@50, 75 എന്ന പ്രോഗ്രാമിലാണ് കാവ്യാ മാധവന്‍ ആ രസകരമായ സംഭവം പറഞ്ഞത്.

അടൂര്‍ ഗോപാലകൃഷ്‍ണന്‍ സാറിന്റെ ഒരു സിനിമയില്‍ അഭിനയിക്കാനുള്ള ഭാഗ്യം ഒരു ചാക്കില്‍ പെട്ടതുകൊണ്ടു പോയതുകൊണ്ടാണ് മുമ്പ് നഷ്‍ടപ്പെട്ടത്. വര്‍ഷങ്ങള്‍ക്കു മുന്നേ കഥാപുരുഷന്‍ എന്ന സിനിമയ്‍ക്കു വേണ്ടി ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന പരസ്യത്തെ തുടര്‍ന്ന് ഫോട്ടോ അയച്ചിട്ടുണ്ടായിരുന്നു. മറുപടിക്കായി കുറേ കാത്തുനിന്നു. പക്ഷേ പിന്നീട് ഒരു സിനിമാ മാഗസിനില്‍ ചിത്രത്തില്‍ തെരഞ്ഞെടുത്തവരുടെ ഫോട്ടോ കണ്ടപ്പോഴാണ് എനിക്ക് അവസരം ലഭിച്ചില്ല എന്ന് അറിഞ്ഞത്. പിന്നീട് അടൂര്‍ സാറിനെ നേരിട്ട് കണ്ടപ്പോള്‍ ഞാന്‍ കാര്യമായിട്ടുതന്നെ ചോദിച്ചു. അന്ന് എന്താണ് സാര്‍ എന്നെ സെലക്ട് ചെയ്യാതിരുന്നത്. ക്ലോസപ്പിലുള്ളതും ചിരിക്കുന്നതും ഒക്കെയുള്ള പല ഫോട്ടോകള്‍ അയച്ചുതന്നിട്ടും എന്താ എന്നെ സെലക്ട് ചെയ്യാതിരുന്നത് എന്ന്. അപ്പോള്‍ സാര്‍ പറഞ്ഞു. പത്രത്തില്‍ പരസ്യം കൊടുത്തതിന്റെ അടുത്തതിന്റെ അടുത്ത ദിവസം രണ്ടു ചാക്കുകളിലാണ് ഫോട്ടോ വന്നത്. അതില്‍ ഒരു ചാക്ക് തുറന്നപ്പോള്‍തന്നെ ഞങ്ങള്‍ക്ക് വേണ്ടത് കിട്ടിക്കഴിഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു, മറ്റേ ചാക്കില്‍ ഞാനുണ്ടായിരുന്നു സര്‍. അതായിരുന്നു തുടക്കം. പിന്നെ അപ്രതീക്ഷിതമായിട്ട് നാലു പെണ്ണുങ്ങള്‍ എന്ന ചിത്രത്തിലേക്ക് വിളിച്ചു. പിന്നെ പിന്നെയും എന്ന ചിത്രത്തിലേക്കും. ലളിതാന്റിയാണ് അടൂര്‍ സാറിന്റെ ചിത്രങ്ങളില്‍ റിപ്പീറ്റ് ആയി വന്നിട്ടുള്ള നടി. ലളിതാന്റി കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ സിനിമകളില്‍ വീണ്ടും അഭിനയിക്കാന്‍ കഴിഞ്ഞ നടി എന്ന ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട് - കാവ്യാ മാധവന്‍ പറഞ്ഞു.

click me!