വിനായകനെക്കുറിച്ച് നമുക്കെന്തറിയാം?

By കെ.പി റഷീദ്First Published Mar 7, 2017, 7:05 AM IST
Highlights

എറണാകുളം കെഎസ്.ആര്‍.ടി.സി സ്റ്റാന്റിനു പിന്നിലുള്ള റെയില്‍വേ ട്രാക്ക് കടന്നാല്‍, ഉദയ കോളനിയായി. അവിടെയാണ് വിനായകന്റെ വീട്. വിനായകന്‍ എന്ന നടന്‍ ജനിച്ചുവളര്‍ന്ന ഇടം. രാജീവ് രവിയുടെ 'കമ്മട്ടിപ്പാടം' എന്ന സിനിമ പറഞ്ഞത്, ഉദയ കോളനി അടക്കമുള്ള കോളനികളില്‍ ഒതുങ്ങേണ്ടിവന്ന കീഴാള ജീവിതങ്ങളുടെ കഥയായിരുന്നു. നഗരത്തിന്റെ യഥാര്‍ത്ഥ ഉടമകള്‍ എങ്ങനെയാണ് സ്വന്തം ഇടങ്ങളില്‍നിന്നും പുറത്തായതെന്ന് ഉദയകോളനിക്കാരോട് ആരും പറയേണ്ടതില്ല. നഗരം വളര്‍ന്നപ്പോള്‍ കോളനികള്‍ക്കുള്ളിലെ അരണ്ട ജീവിതങ്ങളിലേക്കു നിലംപതിച്ചതിന്റെ ആഘാതം ജീവിതം കൊണ്ട് അനുഭവിച്ചവരാണ് അവര്‍. 

മലയാളം, കന്നഡ, തമിഴ്, ഹിന്ദി എന്നീ ഭാഷകളില്‍ നാല്‍പതിലേറെ സിനിമകളില്‍ അഭിനയിച്ചൊരു നടനായി വിനായകന്‍ വളര്‍ന്നിട്ടും, നമ്മുടെ മുഖ്യധാരാ അയാള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കാത്തതിനു പിന്നിലും ആ കോളനി ജീവിതമുണ്ട്. അയാള്‍ നില്‍ക്കുന്ന ഇടം മുഖ്യാധാരാ നോട്ടങ്ങള്‍ക്ക് അത്ര വഴങ്ങുന്നതേ ആയിരുന്നില്ല. അയാളുടെ നിറവും മുഖവും ശരീരഭാഷയും നമ്മുടെ ഇസ്തിരിയിട്ട ജീവിതങ്ങള്‍ക്ക് അനുയോജ്യവുമായിരുന്നില്ല. എങ്കിലും അതൊന്നും വകവെയ്ക്കാതെ,  സംഗീതവും നൃത്തവും അഭിനയവുമായി സ്വന്തം വഴിയില്‍ മുന്നോട്ടു പോവുക തന്നെയായിരുന്നു വിനായകന്‍. ആ യാത്രയാണ്, ഒടുവില്‍ കമ്മട്ടിപ്പാടത്തില്‍ എത്തിയത്. 

കമ്മട്ടിപ്പാടത്തിന്റെ കഥ പറയുന്ന ഒരു സിനിമയ്ക്ക് അയാളേക്കാള്‍ പറ്റിയ ഒരു നടന്‍ വേറെ ഉണ്ടായിരുന്നില്ല. അത് അയാളുടെ ജീവിതം തന്നെയായിരുന്നു. അയാളുടെ മുന്നിലൂടെ വഴുതിപ്പോയ ജീവിതങ്ങളായിരുന്നു സിനിമയില്‍. കമ്മട്ടിപ്പാടത്തിന്റെ ഓര്‍മ്മകള്‍ സ്വന്തമായുള്ള രാജീവ് രവി സംവിധാനം ചെയ്ത സിനിമ അങ്ങനെയാണ് അയാളുടേതായി മാറിയത്. ഉള്ളു നീറുന്നൊരു അനുഭവമായി ഗംഗ നമ്മുടെയെല്ലാം ഉള്ളില്‍ ബാക്കിയായതും അങ്ങനെയാണ്. 

സംഗീതവും നൃത്തവുമാണ് വിനായകന്റെ ജീവന്‍

സംഗീതം, നൃത്തം പിന്നെ സിനിമ!
സംഗീതവും നൃത്തവുമാണ് വിനായകന്റെ ജീവന്‍. അതുകഴിഞ്ഞേ തനിക്ക് സിനിമയുള്ളൂ എന്ന് അയാള്‍ അപൂര്‍വ്വമായി പ്രത്യക്ഷപ്പെട്ട ഒരഭിമുഖത്തില്‍ പറയുന്നു. 'നൂറു ശതമാനം സംഗീതത്തോടാണ് എനിക്ക് ഇഷ്ടം. സംഗീതവും നൃത്തവുമാണ് എന്റെ ജീവന്‍.'-വിനായകന്‍ പറയുന്നു. 

വിനായകന്റെ സംഗീതാഭിമുഖ്യമാണ് കമ്മട്ടിപ്പാടത്തിലെ 'പുഴുപുലികള്‍' എന്ന ഗാനത്തില്‍ കാണുന്നത്. . പ്രമുഖ കവി അന്‍വര്‍ അലി എഴുതിയ വരികള്‍ക്ക് ഈണമിട്ടത്  വിനായകനായിരുന്നു. ഉടുക്കും പുള്ളുവര്‍ കുടവും അകമ്പടി പകരുന്ന ആ ഗാനം മലയാള സിനിമയ്ക്ക് അത്ര പരിചിതമായ ഒന്നായിരുന്നില്ല. മുഖ്യഗായകര്‍ക്കൊപ്പം വിനായകനും കോറസ് പാടുന്നുണ്ട് ഈ ഗാനത്തില്‍. 

 

 

മഹാരാജാസില്‍നിന്ന് കിട്ടിയ അടി
ആളുകള്‍ക്ക് മുന്നില്‍ ബ്രേക്ക് ഡാന്‍സ് ചെയ്യുന്ന വിനായകന്‍ രാകേഷ് സനല്‍ അഴിമുഖത്തില്‍ എഴുതിയ കുറിപ്പിലുണ്ട്. മഹാരാജാസില്‍ പഠിച്ച് സിനിമയിലെത്തിയ പ്രമുഖ സംവിധായകന്റെ വിനായകനെക്കുറിച്ചുള്ള ഓര്‍മ്മയാണ് ആ കുറിപ്പിലുള്ളത്. മഹാരാജാസ് കോളജിന്റെ വര്‍ണശബളമായ കാമ്പസിനകത്തുകയറി പെണ്‍കുട്ടികളെ ബ്രേക്ക് ഡാന്‍സ് കളിച്ച് വിസ്മയിപ്പിച്ച വിനായകനെ മതില്‍ക്കെട്ടിനകത്തിട്ട് ഓടിച്ചിട്ട് തല്ലിയ കഥയാണിത്:

'അന്നു ഞങ്ങള്‍ മഹരാജാസില്‍ ഡിഗ്രി വിദ്യാര്‍ത്ഥികള്‍. രാഷ്ട്രീയവും സിനിമയുമൊക്കെയായി കാമ്പസില്‍ സജീവം. ഒരു ദിവസം പെണ്‍കുട്ടികളടക്കമുള്ള ഒരു കൂട്ടത്തിനു നടുവില്‍ കറുത്തു മെലിഞ്ഞ ഒരുത്തന്‍ ബ്രേക്ക് ഡാന്‍സ് സറ്റെപ്പ് കാണിക്കുന്നു. എല്ലാവരും കൈയടിച്ച് അവനെ പ്രോത്സാഹിപ്പിക്കുന്നു. സ്വഭാവികമായൊരു അസൂയ ഞങ്ങളിലുണ്ടായി. പ്രീഡിഗ്രിക്കാരനായ ഏതെങ്കിലും പയ്യനായിരിക്കുമെന്നാണ് കരുതിയത്. പിന്നീടും അവന്റെ പ്രകടനങ്ങള്‍ കാണേണ്ടി വന്നു. അങ്ങനെയൊരു ദിവസമാണ് ആ സത്യം ഞങ്ങള്‍ അറിഞ്ഞത്. ആ പയ്യന്‍ കോളേജില്‍ പഠിക്കുന്നവനല്ല. പുറത്തു നിന്നും വരുന്നതാണ്. കോളേജിലെ പിള്ളേരെ ഡാന്‍സ് പഠിപ്പിക്കാന്‍. അത്രമാത്രം കേട്ടാല്‍ മതിയായിരുന്നു. പെണ്‍കുട്ടികള്‍ക്കു നടുവില്‍ കിടന്നു ഡാന്‍സ് കളിച്ചു കയ്യടി വാങ്ങിച്ച് അവന്‍ ഞങ്ങളുടെ രക്തയോട്ടം കൂറെ കൂട്ടിയതാണ്. ഇനിയവനെ അതിനനുവദിക്കരുതെന്ന ഉറച്ച തീരുമാനത്തില്‍ അന്നു മഹാരാജാസിന്റെ മതില്‍ക്കെട്ടിനകത്ത് ഓടിച്ചിട്ട് തല്ലി. അന്നവന്‍ എങ്ങനെ രക്ഷപ്പെട്ടെന്ന് അറിയില്ല. വിജഗീഷുക്കളെ പോലെ നടന്ന നീങ്ങിയ ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് അപ്പോള്‍ ഒരു വാര്‍ത്ത കിട്ടി 

ആ പയ്യന്‍ ഉദയാ കോളനിയിലേതാണ്? ഉദയ കോളനിയിലേത് എന്ന സൂചനയില്‍ എല്ലാമുണ്ട്. പിന്നീട് കുറച്ചു ദിവസം ഞങ്ങള്‍ കോളേജില്‍ കയറാതെ നടന്നു; പേടിച്ചപോലെ ഒന്നും സംഭവിച്ചില്ല'

വിനായകനു വേണ്ടി ഒഴിഞ്ഞുപോയ ആ നടന്‍ കലാഭവന്‍ മണി ആയിരുന്നു.

കലാഭവന്‍ മണിയുടെ പകരക്കാരന്‍
തമ്പി കണ്ണന്താനം സംവിധാനം ചെയ്ത 'മാന്ത്രികത്തിലൂടെയാണ്വിനായകന്‍ സിനിമയില്‍ എത്തുന്നത്. 'അത് കഴിഞ്ഞപ്പോള്‍ സിനിമ തന്നെ നിര്‍ത്താമെന്ന് കരുതിയതാണ്' എന്നാണ് അഭിമുഖത്തില്‍ വിനായകന്‍ പറയുന്നത്. സിനിമയേക്കാള്‍ സംഗീതവും നൃത്തവുമായിരുന്നു തന്റെ മേഖലയെന്ന തിരിച്ചറിവിലായിരുന്നു ആ തീരുമാനം. 

സിനിമയില്‍ എങ്ങനെയാണ് നിന്നുപോവുന്നത് എന്ന ചോദ്യത്തിന് അയാളുടെ ഉത്തരം കാണുക: 'നമ്മള്‍ എന്താണ് ആകേണ്ടത്. അതിലേക്ക് പോയിക്കൊണ്ടിരിക്കുക. നമ്മുടെ മുന്നില്‍ ഒരാളുണ്ടാകും. അയാള്‍ തിരക്കു കാരണം പല പ്രാജക്ടുകളില്‍നിന്നും മാറും. ഒരു പ്രമുഖ നടന് പകരമായിട്ടാണ് എന്നെ പരിഗണിച്ചത്. പിന്നെ ഞാന്‍ പോയിക്കൊണ്ടേയിരുന്നു. നമ്മള്‍ ശ്രമം ഉപേക്ഷിക്കരുത്. ഉപേക്ഷിച്ചാല്‍ പുറത്താവും' 

വിനായകനു വേണ്ടി ഒഴിഞ്ഞുപോയ ആ നടന്‍ കലാഭവന്‍ മണി ആയിരുന്നു. വിനായകനെപ്പോലെ തന്നെ സിനിമയുടെ വെള്ളിവെളിച്ചത്തില്‍നിന്ന് മാറിനിന്ന സാധാരണക്കാരനായ നടന്‍. മണിയുടെ കുറത്ത നിറമായിരുന്നു അയാളുടെ സിനിമകളെ നിര്‍ണയിച്ചത്. വിനായകന്‍െ വേഷങ്ങളെ നിര്‍ണയിച്ചതും അയാളുടെ രൂപവും നിറവുമൊക്കെ ആയിരുന്നു. 

താനൊരു പാട് സംസാരിക്കുന്ന ഒരാളാണെന്ന് വിനായകന്‍ പറയുന്നു.

അഭിമുഖത്തിന് ചെന്നാല്‍ ഓടും!
മലയാളത്തില്‍ ഏറ്റവും കുറവ് അഭിമുഖങ്ങള്‍ക്ക് നിന്നുകൊടുത്ത നടനാണ് വിനായകന്‍. അഭിമുഖങ്ങളില്‍നിന്നും പൊതുപരിപാടികളില്‍നിന്നും വിട്ടുനില്‍ക്കുന്ന ഈ നടന് അതിന് കൃത്യമായ കാരണങ്ങളും പറയാനുണ്ട്. താനൊരു പാട് സംസാരിക്കുന്ന ഒരാളാണെന്ന് വിനായകന്‍ പറയുന്നു. ടിവിയിലോ അഭിമുഖങ്ങളിലോ ചെന്നിരുന്നാല്‍, നിര്‍ത്താതെ പറഞ്ഞുകളയും. അധികം പറഞ്ഞാല്‍, അതു തന്നെ തിരിഞ്ഞു കൊത്തുമെന്നും അതിനാലാണ് അഭിമുഖങ്ങള്‍ക്ക് പുറംതിരിഞ്ഞു നില്‍ക്കുന്നതെന്നും വിനായകന്‍ പറയുന്നു. 

'എനിക്ക് എല്ലാവരോടും ഭയങ്കര അസൂയയാണ്. '

വിനായകന്‍ അഹങ്കാരിയാണോ? 
നാട്യങ്ങളില്ലാത്ത പച്ച മനുഷ്യനാണ് വിനായകന്‍. താനെന്താണെന്ന് ഒട്ടും മറച്ചുവെക്കാത്ത ഒരാള്‍. വളര്‍ന്ന സാഹചര്യങ്ങളും നേരിടേണ്ടി വന്ന തിക്താനുഭവങ്ങളുമൊക്കെ ചേര്‍ന്നാണ് ഇന്നത്തെ വിനായകനെ സൃഷ്ടിച്ചത്. പോളീഷിട്ട ഉപചാരങ്ങള്‍ക്കോ, സിനിമയുടെ വര്‍ണശബളിമയ്‌ക്കോ നിന്നു കൊടുക്കാന്‍ അയാളെ കിട്ടാത്തത് അതിനാലാണ്. പൊതുപരിപാടികള്‍ക്ക് പോവാറേയില്ല താനെന്ന് തുറന്നു പറയുന്ന ഒരാള്‍ കൂടിയാണ് ഈ നടന്‍. 

അതിനാല്‍, തന്നെ വിനായകനെ കുറിച്ച് സാധാരണ കേള്‍ക്കുന്ന ഒന്നാണ് ഇയാള്‍ അഹങ്കാരിയാണ് എന്ന പറച്ചില്‍. അതിന് ഈ നടനുപറയാനുള്ള മറുപടി കേള്‍ക്കുക: 'എനിക്ക് എല്ലാവരോടും ഭയങ്കര അസൂയയാണ്. പിന്നെ അഹങ്കാരം, അതും വളരെ കൂടുതലാണ്.' 

നാട്യങ്ങളില്ലാത്ത പച്ച മനുഷ്യനാണ് വിനായകന്‍

സിനിമ ജോലി മാത്രമാണ്
സിനിമ തനിക്കത്ര വലിയ സംഭവമൊന്നുമല്ല എന്ന് തുറന്നു പറയുന്ന ഒരാളാണ് വിനായകന്‍. അതൊരു ജോലി മാത്രമാണെന്നും എന്നാല്‍, താന്‍ നൂറു ശതമാനം ആത്മാര്‍ത്ഥമായി ജോലി ചെയ്യുമെന്നും ഒരഭിമുഖത്തില്‍ വിനായകന്‍ പറയുന്നു. ഡാന്‍സും പാട്ടുമാണ് തന്റെ ലോകമെന്ന് വിശ്വസിച്ച താനിപ്പോള്‍ സിനിമയില്‍ ലോക്ക് ആയിപ്പോയിട്ടുണ്ടെന്നും ഇത്രയേറെ സിനിമയില്‍ അഭിനയിച്ചതിനു ശേഷം അയാള്‍ പറയുന്നു. 

25 ദിവസമൊക്കെ വീട്ടില്‍ത്തന്നെ ഇരിക്കാനാണ് ഇഷ്ടം

25 ദിവസം വീട്ടില്‍ത്തന്നെ
കിട്ടുന്ന സമയം വീട്ടിലിരിക്കാന്‍ ഇഷ്്ടപ്പെടുന്ന ഒരാളാണ് താനെന്നാണ് വിനായകന്‍ തുറന്നു പറയുന്നത്. 25 ദിവസമൊക്കെ വീട്ടില്‍ത്തന്നെ ഇരിക്കാനാണ് ഇഷ്ടം. 'പുറത്തിറങ്ങിയാല്‍ എന്തു കാണാനാണ്. എന്ത് സംസാരിക്കാനാണ്? ഞാന്‍ എന്നിലേക്ക് തന്നെ ഒതുങ്ങിക്കൂടുന്ന ഒരാളാണ്'  

തന്നെപ്പോലെ ഒരു മകന്‍ ഉണ്ടായതില്‍ ഒരുകാലത്ത് അമ്മ ഏറെ സങ്കടപ്പെട്ടിരുന്നതായി ഒരഭിമുഖത്തില്‍ വിനായകന്‍ പറയുന്നു. എന്നാല്‍, ഇപ്പോള്‍, അമ്മയ്ക്ക് ഏറെ  സന്തോഷമുണ്ടെന്നും ഈ നടന്‍ പറയുന്നു. 

അങ്ങനെയാണ് ഗംഗയുടെ ശവയാത്രയ്ക്കുള്ള വഴി ഇടുങ്ങിയതായത്.

രാഷ്ട്രീയ ബോധ്യമുള്ള നടന്‍
പുറമേ കാണുന്നതിനപ്പുറം, വ്യക്തമായ രാഷ്ട്രീയ ബോധ്യങ്ങളുള്ള ഒരാളാണ് വിനായകനെന്ന് സുഹൃത്തുക്കള്‍ പറയുന്നു. കീഴാള രാഷ്ട്രീയത്തെക്കുറിച്ചും ഓരങ്ങളിലേക്ക് വകഞ്ഞുമാറ്റപ്പെടുന്ന മനുഷ്യരെക്കുറിച്ചുമെല്ലാം കൃത്യമായ ധാരണകള്‍ അയാള്‍ക്കുണ്ട്. വെറുമൊരു സിനിമാ നടനായി മാത്രം തന്നെ കാണുന്നവരെ അതേ രീതിയില്‍ ഗൂഢമായി കളിയാക്കുന്ന പ്രകൃതവും അയാള്‍ക്കുണ്ട്. 

അടുത്ത കാലത്ത്, വിനായകന്‍ പ്രത്യക്ഷപ്പെട്ട ഒരു പൊതുപരിപാടി കമ്മട്ടിപ്പാടവുമായി ബന്ധപ്പെട്ട ചടങ്ങായിരുന്നു. അതില്‍, അയാള്‍ തുറന്നു പറയുന്ന ഒരു കാര്യമുണ്ട്. പൊതുപരിപാടിക്ക് പങ്കെടടുക്കാത്ത താനിവിടെ എത്തിയത്, ഒരൊറ്റ ചോദ്യം ചോദിക്കാനാണ് എന്നാണ് വിനായകന്‍ പറഞ്ഞത്. 

'ആരാണ് ഗംഗയുടെ ഡെഡ് ബോഡി കൊണ്ടുപോവുമ്പോ ആ വഴി അത്രയ്ക്കും ചെറുതാക്കിയത്' എന്നതായിരുന്നു ആ ചോദ്യം. 

ഗംഗയുടെ മരണമെത്തുമ്പോഴേക്കും കമ്മട്ടിപ്പാടം ആര്‍ത്തിപൂണ്ട കച്ചവടക്കാരും നഗരവും ചേര്‍ന്ന് വീതം വെച്ചെടുത്തിരുന്നു. മണ്ണിന്റെ യഥാര്‍ത്ഥ അവകാശികളെ ഓരങ്ങളിലേക്ക് വകഞ്ഞു മാറ്റിയാണ് നഗരം വളര്‍ന്നത്. അങ്ങനെയാണ് ഗംഗയുടെ ശവയാത്രയ്ക്കുള്ള വഴി ഇടുങ്ങിയതായത്. കമ്മടിപ്പാടത്തെ മനുഷ്യരുടെ ഇടം കവര്‍ന്നത് നഗരമാണ്. നഗരവല്‍കരണമാണ്. നാഗരികരായ നാമോരുത്തരുമാണ്. അക്കാര്യമാണ്, ആലോചിക്കേണ്ടതെന്ന തികച്ചും രാഷ്ട്രീയമായ ചോദ്യമായിരുന്നു അത്. 

click me!