
കന്നഡ സിനിമാമേഖലയ്ക്ക് പുതിയ തുടക്കം നല്‍കുകയാണ് കെജിഎഫ്. സാന്‍ഡല്‍വുഡ് എന്ന് വിളിപ്പേരുള്ള കന്നഡ സിനിമാ വ്യവസായത്തിലെ എക്കാലത്തെയും ചെലവേറിയ ചിത്രങ്ങളിലൊന്നാണ് യാഷിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്‍ത കെജിഎഫ്. കന്നഡ ഒറിജിനല്‍ പതിപ്പിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം പതിപ്പുകളും ഒരുമിച്ചാണ് തീയേറ്ററുകളിലെത്തിയത്. ഇതിനുമുന്‍പ് ഒരു കന്നഡ ചിത്രത്തിനും ലഭിക്കാത്ത തരത്തിലുള്ള സ്വീകാര്യതയാണ് ഓരോ ദിവസവും ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഹിന്ദി ബെല്‍റ്റില്‍ ചിത്രത്തിന് ലഭിയ്ക്കുന്ന കളക്ഷന്‍ ബോളിവുഡിനെത്തന്നെ അമ്പരപ്പിക്കുംവിധമാണ്.
അഞ്ച് ഭാഷാ പതിപ്പുകളില്‍ നിന്നുമായി റിലീസ് ദിനത്തില്‍ 18.1 കോടി നേടിയ ചിത്രത്തിന്‍റെ ആദ്യ അഞ്ച് ദിനങ്ങളിലെ ആഗോള ബോക്സ്ഓഫീസ് കളക്ഷന്‍ പുറത്തെത്തിയിട്ടുണ്ട്. ആദ്യ അഞ്ച് ദിനങ്ങളില്‍ 100 കോടി ക്ലബ്ബില്‍ എത്തിയിട്ടുണ്ട് ചിത്രം. കൃത്യമായി പറഞ്ഞാല്‍ 101.8 കോടിയെന്ന് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്. ഇതില്‍ കൂടുതല്‍ തുകയുമെത്തിയത് കര്‍ണാടകയില്‍ നിന്നുതന്നെയാണ്. 62 കോടിയാണ് ചിത്രം ആദ്യ അഞ്ച് ദിനങ്ങളില്‍ കര്‍ണാടകയില്‍ നിന്ന് നേടിയത്. ആന്ധ്രയിലും തെലിങ്കാനയില്‍ നിന്നുമായി 7.3 കോടി, തമിഴ്‍നാട്ടില്‍ നിന്ന് 4.5 കോടി, വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 5 കോടി, ഒപ്പം കേരളത്തില്‍ നിന്ന് രണ്ട് കോടിയും.
വടക്കേ ഇന്ത്യയില്‍ കെജിഎഫ് ഹിന്ദി പതിപ്പിന്‍റെ വൈഡ് റിലീസിനെ, ചിത്രം തീയേറ്ററുകളിലെത്തുന്നതിന് മുന്‍പ് പരിഹസിച്ചവര്‍ക്കുള്ള മറുപടിയാണ് അവിടെ ലഭിക്കുന്ന കളക്ഷന്‍. റിലീസ് ദിനത്തേക്കാള്‍ വലിയ കളക്ഷനാണ് ക്രിസ്‍മസ് ദിനത്തില്‍ ചിത്രത്തിന് ഹിന്ദി ബെല്‍റ്റില്‍ ലഭിച്ചത്. ചൊവ്വാഴ്‍ച മാത്രം 4.35 കോടി. ആകെ അഞ്ച് ദിവസങ്ങള്‍ ചേര്‍ത്ത് 16.45 കോടി.