മലയാളിയുടെ ചിരിക്കിലുക്കത്തിന് കാല്‍നൂറ്റാണ്ട്

By Web DeskFirst Published Aug 15, 2016, 5:01 AM IST
Highlights

മലയാളിയെ കുടുകുടെ ചിരിപ്പിച്ച കിലുക്കം പ്രദര്‍ശനത്തിനെത്തിയിട്ട് 25 വര്‍ഷം.  1991ല്‍ പുറത്തിറങ്ങിയ കിലുക്കം ഇന്നും പ്രേക്ഷകര്‍ പലവട്ടം കാണാന്‍ ആഗ്രഹിക്കുന്ന സിനിമയാണ്. വേണുനാഗവള്ളിയുടെ തിരക്കഥയില്‍ പ്രിയദര്‍ശനായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. മോഹന്‍ലാലിന്റെയും ജഗതിയുടെയും തകര്‍പ്പന്‍ കോമഡി നമ്പറുകളായിരുന്നു കിലുക്കത്തിന്റെ ഹൈലൈറ്റ്.


മലയാളികള്‍ ഇത്രയേറെ ചിരിച്ചുല്ലസിച്ച് ആഘോഷമാക്കിയ സിനിമ എണ്ണത്തില്‍ കുറവായിരിക്കും. മോഹന്‍ലാലും ജഗതിയും മാത്രമല്ല, നായികയായ രേവതിയും മാത്രമല്ല അഭിനേതാക്കളെല്ലാവരും തകര്‍പ്പന്‍ പ്രകടനം കാഴ്‍ചവച്ചപ്പോള്‍ മെഗാ ഹിറ്റായി മാറുകയായിരുന്നു കിലുക്കം. ടൂറിസ്റ്റ് ഗൈഡായ ജോജി എന്ന കഥാപാത്രമായി മോഹന്‍‌ലാലും സുഹൃത്തും ഫോട്ടോഗ്രാഫറുമായ നിശ്ചലായി ജഗതിയും വേഷമിട്ടു. ഇരുവരുടെയും കോമ്പിനേഷന്‍ രംഗങ്ങളെല്ലാം തീയേറ്ററില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്തു. ഹലോ മാഡം. വെൽകം ടൂ ഊട്ടി. നൈസ് ടൂ മീറ്റ് യൂ, കിട്ടിയാ ഊട്ടി, ഇല്ലെങ്കീ ചട്ടി, ഞാനും ജോജിയും, അടിച്ചി പിരിഞ്ഞി ഹേ. മേ തും ദുശ്മൻ! തുടങ്ങിയ ജഗതിയുടെ ഡയലോഗുകള്‍ ഇന്നും മലയാളികള്‍ ഓര്‍ത്തുപറയുന്നതാണ്.

ജോജിയുടെയും നിശ്ചലിന്റെയും സൗഹൃദത്തിന്റേയും പരസ്പരം വാരവയ്‍ക്കലിന്റെയും രംഗങ്ങള്‍ എത്ര കണ്ടാലും മടപ്പുവരാത്തതുമാണ്.

    ജോജി: കഷണം നിനക്കും പകുതി ചാർ എനിക്കും, അല്ലേ?
    നിശ്ചൽ‍: ചാറിൽ മുക്കി നക്കിയാ മതി.
    ജോജി: എടാ, എച്ചി എന്നും എച്ചിയാണ്.
    നിശ്ചൽ‍: എടാ, ദരിദ്രവാസി എന്നും ദരിദ്രവാസിയാണ്. - ജോജിയുടെയും നിശ്ചലിന്റെയും ഡയലോഗ് മലയാളി സൗഹൃദസദസ്സില്‍ എപ്പോഴും ഉപയോഗിക്കുന്നതാണ്.


മാനസികാസ്വാസ്ഥ്യമുള്ള പെണ്‍കുട്ടിയായി അഭിനയിച്ച രേവിതയുടേയും വേലക്കാരനായി അഭിനയിച്ച ഇന്നസെന്റിന്റേയും ഡയലോഗുകള്‍ പ്രേക്ഷകര്‍ ആഘോഷിച്ചതാണ്. പൊരിച്ച കോയീരെ മണം, അങ്കമാലിയിലെ പ്രധാനമന്ത്രി തുടങ്ങിയ രേവതിയുടെ സംഭാഷണങ്ങളും അടിച്ചു മോനേ എന്ന ഇന്നസെന്റിന്റെ ഡയലോഗും പതിവു വര്‍ത്തമാനങ്ങളില്‍ ഇന്നും ഉപയോഗിക്കുന്നത് ആ സിനിമ അത്രമേല്‍ മലയാളി ഇഷ്ടപ്പെട്ടിട്ടുണ്ട് എന്നതിനാലാണ്. ചിത്രത്തിലെ ജഡ്ജി പിള്ളയായി അഭിനയിച്ച തിലകന്റെ പ്രകടനവും കയ്യടി നേടിയിരുന്നു. ദേവന്‍, മുരളി, ശരത് സക്സേന, ഗണേഷ് തുടങ്ങിയവരും ചിത്രത്തില്‍ തിളങ്ങി.


എസ് പി വെങ്കിടേഷ് ആയിരുന്നു ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍‌വഹിച്ചത്. എസ് കുമാറായിരുന്നു ഛായാഗ്രഹണം.

 

click me!