ആറ്റുകാല്‍ പൊങ്കാലയിട്ടതിന്റെ പേരിലുള്ള സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി നടി ബീന ആന്റണി.

മുപ്പത് വര്‍ഷമായി അഭിനയരംഗത്ത് സജീവമാണ് ബീന ആന്റണി. ഭർത്താവും നടനുമായ മനോജ് കുമാറും പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ്. കഴിഞ്ഞ ദിവസം ആറ്റുകാൽ പൊങ്കാലയിട്ടതിനെത്തുടർന്ന് ബീന ആന്റണിക്കെതിരെ സൈബർ ആക്രമണങ്ങൾ ഉണ്ടായിരുന്നു. ഇതിനെതിരെ നേരിട്ട് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബീന.

''കഴിഞ്ഞ ദിവസം ഞാനും പൊങ്കാല ഇട്ടിരുന്നു. ആനിയായിരുന്നു വിളിച്ചത്. അവരുടെ വീട്ടില്‍ പോയി നിന്ന്, നല്ല ഭംഗിയായിട്ട് പൊങ്കാല ഇട്ട് വരാന്‍ ഭാഗ്യം ലഭിച്ചു. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം, ഞാന്‍ കല്യാണം കഴിച്ചിരിക്കുന്നത് ഹിന്ദുവിനെയാണ്. പക്ഷേ, ഇന്നുവരെയും ഞാനെന്റെ മതം മാറിയിട്ടില്ല. മനു ഇങ്ങോട്ടോ, ഞാന്‍ അങ്ങോട്ടോ ഒന്നും മാറിയിട്ടില്ല. ഒരു ക്രിസ്ത്യനായിട്ട് തന്നെയാണ് ഞാന്‍ ജീവിക്കുന്നത്. എന്നുവിചാരിച്ച് എനിക്ക് ആറ്റുകാല്‍ പൊങ്കാല ഇടാന്‍ പാടില്ലെന്നോ, അല്ലെങ്കില്‍ ഒരു മുസ്ലീം പള്ളിയില്‍ പോയിട്ട് എന്തെങ്കിലും ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പറ്റില്ലെന്നോ ഇല്ല.

ഒരുപാട് വര്‍ഷം വീട്ടില്‍ നിന്നും കെട്ടുനിറച്ച് ശബരിമലയ്ക്ക് പോയ ആളാണ് എന്റെ അപ്പച്ചന്‍ കെഎസ് ആന്റണി. അങ്ങനെയൊരു പാരമ്പര്യമുള്ള ആളാണ് ഞാന്‍. ഒരുപാട് അഭിമുഖങ്ങളില്‍ അതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ബീന ആന്റണിയായത് കൊണ്ട് പൊങ്കാല ഇടാന്‍ പാടില്ല, ക്രിസ്ത്യാനിറ്റിയെ മോശപ്പെടുത്തുന്നതൊന്നുമല്ല. ക്രിസ്ത്യാനിയല്ലേ, നിനക്ക് നാണമില്ലേ എന്നൊക്കെ പറഞ്ഞ് കുറേപേര്‍ കമന്റുകള്‍ ഇട്ടത് കണ്ടിരുന്നു. അങ്ങനെയൊക്കെ കാണുമ്പോള്‍ ഭയങ്കര വിഷമമാണ് തോന്നുന്നത്.

ആനിയും ഞാനും ക്രിസ്ത്യന്‍സാണ്. ആനി പിന്നെ മതം മാറിയിട്ടുണ്ട്. ഞാന്‍ മാറിയിട്ടില്ല. അതിലൊരു ക്ലാരിറ്റി വരുത്താനുണ്ടായിരുന്നു. അതുപോലെ തന്നെ ബീന ആന്റണി ബിജെപിയിലേക്ക് എന്ന് പറഞ്ഞൊരു പോസ്റ്റും കണ്ടിരുന്നു. ഒന്നാലോചിച്ച് നോക്കൂ, സ്വപ്‌നത്തില്‍ പോലും ഞാനങ്ങനെ ചിന്തിച്ചിട്ടില്ല. ഇത് എല്ലാം കൂട്ടി വായിക്കുന്നതായിരിക്കും. ഞാനിപ്പോള്‍ പൊങ്കാല ഇട്ടു. എന്റെ ഹസ്ബന്‍ഡ് ഹിന്ദുവാണ്. വെറുതെയാണ്. ആര്‍ക്കോ, ലൈക്ക്‌സിനോ, പോപ്പുലാരിറ്റി കിട്ടാനോ വേണ്ടി എന്തൊക്കെ പടച്ച് വിടുന്നതാണ്. ഞാനൊരു കലാകാരിയാണ്. വര്‍ക്കൊക്കെയായി ഇങ്ങനെ സൈഡിലൂടെ പോവുകയാണ്. അതിനിടയില്‍ ഞാനൊരു പാര്‍ട്ടിയിലേക്ക് പോവുന്നതിനെക്കുറിച്ചും ചിന്തിച്ചിട്ടില്ല. കലാകാരിയായ കാലം മുതല്‍ ആര് നന്മകള്‍ ചെയ്യുന്നു, നല്ലതിന് വേണ്ടി നില്‍ക്കുന്നുവോ അതിനൊപ്പം നില്‍ക്കാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. അല്ലാതെ ഒരു പാര്‍ട്ടിയിലേക്ക് പോവുന്നതിനെക്കുറിച്ചോ, അംഗത്വം എടുക്കുന്നതിനെക്കുറിച്ചോ ആലോചിച്ചിട്ടില്ല. തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ ഒരിക്കലും വളച്ചൊടിക്കരുത്'', ബീന ആന്റണി വീഡിയോയിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക