
ലോസ്ഏയ്ഞ്ചല്‍സ്: പ്രമുഖ ദക്ഷിണ കൊറിയൻ സംവിധായകൻ കിം കി ഡുക്ക് ബലാത്സംഗം ചെയ്തുവെന്ന ആരോപണവുമായി രണ്ടു നടിമാര്‍ രംഗത്ത്. ദക്ഷിണ കൊറിയന്‍ ടെലിവിഷന്‍ ചാനലിലെ അന്വേഷണാത്മക പരിപാടിയായ പിഡി നോട്ട്ബുക്കിലാണ് കിമ്മിനെതിരെ ആരോപണവുമായി നടിമാര്‍ രംഗത്തെത്തിയത്. 2013ല്‍ മോബിയസ് എന്ന സിനിമയുടെ സെറ്റില്‍ വച്ച് കിം തന്നെ നിരന്തരമായി പീഡിപ്പിച്ചുവെന്നും തന്റെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിനായി നിര്‍ബന്ധിച്ചുവെന്നും പേരുവെളിപ്പെടുത്താത്ത നടി ആരോപിച്ചു. ലൈംഗിക ബന്ധത്തിന് താല്‍പര്യമില്ല എന്ന് പറഞ്ഞപ്പോള്‍ എന്നെ വിശ്വാസത്തിലെടുക്കാത്ത ഒരു നടിയുടെ കൂടെ പ്രവര്‍ത്തിക്കാന്‍ എനിക്ക് കഴിയില്ല എന്നായിരുന്നു കിം കി ഡുക്കിന്റെ പ്രതികരണമെന്നും നടി വെളിപ്പെടുത്തി.
പിന്നീട് ഈ നടിക്ക് പകരം മറ്റൊരു നടിയാണ് ഈ റോളില്‍ അഭിനയിച്ചത്. ഈ സംഭവത്തില്‍ 2017ല്‍ നടി നല്‍കിയ പരാതിയിന്മേല്‍ കിം കി ഡുക്കിന് പ്രാദേശിക കോടതിയില്‍ 5,000 ഡോളര്‍ പിഴ അടക്കേണ്ടി വന്നിരുന്നു. ലൈംഗിക പീഡനത്തിന് തെളിവുകള്‍ കണ്ടെത്താന്‍ ആകാത്തതിനാല്‍ അന്ന് ആരോപണത്തില്‍ തുടര്‍നടപടിയുണ്ടായില്ല. ഈ സംഭവമാണ് പിഡി നോട്ട്ബുക്കിലും നടി പരസ്യമായി ആവര്‍ത്തിച്ചത്.
കിം കി ഡുകുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതിരുന്നതിനാൽ അദ്ദേഹത്തിന്റെ സിനിമയിലെ ശക്തമായ കഥാപാത്രത്തിൽനിന്നു തഴയപ്പെട്ടിട്ടുണ്ടെന്നാണ് മറ്റൊരു നടിയുടെ ആരോപണം. 2013ൽ മോബിയസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കിം കി ഡുക് അവരെ തല്ലിയെന്നും സ്ക്രിപ്റ്റിൽ ഇല്ലാതിരുന്ന ഒരു ‘സെക്സ്’ സീനിൽ അഭിനയിക്കാൻ പ്രേരിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി ഈ നടി കഴിഞ്ഞ വർഷം തന്നെ കിം കി ഡുകിനെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു.
കിം കി ഡുക്കിന് പുറമേ അദ്ദേഹത്തിന്‍റെ പല സിനിമകളിലും നായകനായ ചോ ജേ ഹ്യുനും തന്നെ ബലാത്സംഗം ചെയ്തു. നായകന്‍റെ മാനേജറും അത്തരമൊരു ശ്രമം നടത്തിയതായി നടി വെളിപ്പെടുത്തി. തന്നോട് ലൈംഗികബന്ധം തുടരുകയാണ് എങ്കില്‍ അടുത്ത സിനിമയിലും അവസരം തരാം എന്ന് സംവിധായകന്‍ വാഗ്‌ദാനം ചെയ്തതായും താരം ആരോപിക്കുന്നു.കിം കി ഡുക്ക് സിനിമയുടെ പ്രീ പ്രൊഡക്ഷനില്‍ നിന്നും ഇറങ്ങി ഓടിയ മറ്റൊരു സ്ത്രീയാണ് ചാനല്‍ പരിപാടിയില്‍ വന്ന മൂന്നാമത്തെ ആള്‍. തന്നോട് ലൈംഗിക ചുവയില്‍ സംസാരിച്ച സംവിധായകന്‍ തന്റെ സ്വകാര്യ ഭാഗങ്ങളുടെ നിറം എന്തെന്നും മറ്റും ആരാഞ്ഞതാണ് നടിയെ പേടിപ്പെടുത്തിയത്.
എന്നാല്‍ തന്റെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ സിനിമയെ ഒരിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് കിം പിഡി നോട്ട് ബുക്ക് ടീമിന് അയച്ച ടെക്സ്റ്റ് സന്ദേശത്തില്‍ വ്യക്തമാക്കി. ഞാനൊരു ചുംബനം മോഷ്ടിച്ചിട്ടുണ്ട്. അതിനപ്പുറം ഒരു സ്ത്രീയുടെ അനുമതിയില്ലാതെ ഒന്നും ചെയ്തിട്ടില്ല. പലരുമായും അടുത്തിടപഴകിയിട്ടുണ്ടെങ്കിലും അതെല്ലാം ഉഭയസമ്മതപ്രകാരമായിരുന്നുവെന്നും കിം പറയുന്നു. വിവാഹജീവിതം നയിക്കുന്ന ആളെന്ന നിലയില്‍ ഇത്തരം ആരോപണങ്ങള്‍ തനിക്ക് നാണക്കേടാണെന്നും കിം പറഞ്ഞു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ