Actress Lakshmipriya talks about muslim identity and religious conversion to hinduism. മുൻപ് മുസ്‌ലിം മതത്തിലായിരുന്നപ്പോൾ സബീന അബ്‌ദുൾ ലത്തീഫ് എന്നായിരുന്നു ലക്ഷ്മിപ്രിയയുടെ പേര്. 

സിനിമകളിലൂടെയും സീരിയലുകളിലൂടെയും അഭിനയ രംഗത്ത് കഴിവ് തെളിയിച്ച താരമാണ് ലക്ഷ്മിപ്രിയ. ബിഗ് ബോസ് മലയാളം സീസൺ 4 ൽ നാലാം സ്ഥാനവും ലക്ഷ്മിപ്രിയ കരസ്ഥമാക്കിയിരുന്നു. 2005 ൽ പുറത്തിറങ്ങിയ മോഹൻലാൽ- ജോഷി ചിത്രം നരനിലൂടെയായിരുന്നു ലക്ഷ്മിപ്രിയയുടെ സിനിമയിലെ അരങ്ങേറ്റം. പിന്നീട് ഭാഗ്യദേവത, കഥ പറയുമ്പോൾ തുടങ്ങീ നിരവധി ചിത്രങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ചവെക്കാൻ ലക്ഷ്മിപ്രിയക്ക് സാധിച്ചിരുന്നു. മുൻപ് മുസ്‌ലിം മതത്തിലായിരുന്നപ്പോൾ സബീന അബ്‌ദുൾ ലത്തീഫ് എന്നായിരുന്നു ലക്ഷ്മിപ്രിയയുടെ പേര്. കല്യാണത്തിന് മുൻപാണ് താരം മതം മാറിയത്. ബിഗ് ബോസ്സിലടക്കം നിരവധി വേദികളിൽ ലക്ഷ്മിപ്രിയ അതിനെകുറിച്ച് തുറന്ന് സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ മതം മാറ്റത്തെ കുറിച്ച് ലക്ഷ്മിപ്രിയ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.

Add Asianetnews as a Preferred SourcegooglePreferred

മുസ്‌ലിം ആയിരുന്നെങ്കിലും മതത്തിന്റെ രീതികൾക്കനുസരിച്ച് താൻ ജീവിച്ചിട്ടില്ലെന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. ഇതുവരെ ഖുർആൻ വായിച്ചിട്ടില്ലെന്നും അറബി തനിക്ക് അറിയില്ലെന്നും പറഞ്ഞ ലക്ഷ്മിപ്രിയ മതം മാറിയപ്പോൾ മുഷിഞ്ഞ വസ്ത്രം മാറ്റി പുതിയ വസ്ത്രം ധരിച്ചപോലെയാണ് തനിക്ക് തോന്നിയതെന്നും കൂട്ടിച്ചേർത്തു.

"സനാധനധർമ്മത്തിന്റെ ദീക്ഷയെന്ന് പറയുന്നത് ഒരു ജന്മത്തിന്റെ പുണ്യമല്ല. മുൻപും ഞാൻ ഇത് തന്നെയായിരുന്നുവെന്നാണ് എനിക്ക് മനസിലാവുന്നത്. അതായത് കഴിഞ്ഞ ജന്മത്തിലും ഇത് തന്നെയായിരുന്നു. ആ ജന്മത്തിൽ ഉള്ളിൽ ഉണ്ടായിരുന്നത് തന്നെയാണ് ഈ ജന്മത്തും പുറത്തേക്ക് വന്നത്. ഓരോ കാര്യങ്ങളും പറയാനും മനസിലാക്കാനും പഠനം എന്ന ശ്രമം എന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടെങ്കിലും എനിക്ക് അത് വഴങ്ങുന്നത് പുതിയതായി ഒരാൾ പഠിക്കുന്നത് പോലെയല്ല. 'ജന്മം കൊണ്ട് ഞാൻ ഒരു ബ്രാഹ്മണ സ്ത്രീയാണ്. പക്ഷെ എനിക്ക് ലക്ഷ്മി ചൊല്ലുന്നത് പോലെ ലളിത സഹസ്രനാമം ചൊല്ലാൻ പറ്റാറില്ലെന്ന്' പറയാറുണ്ട് ചിലർ. ഞാൻ ഒരു ഓണാട്ടുകരക്കാരിയാണ്. ഞങ്ങളുടെ കാലത്ത് അവിടെ ജാതിയും മതവും നോക്കിയിരുന്നത് വിവാഹം, മരണം തുടങ്ങിയവ സംഭവിക്കുമ്പോൾ മാത്രമാണ്.

ഇപ്പോൾ അതിന് മാറ്റം വന്നിട്ടുണ്ട്. എന്റെ അമ്മയുടെ വീട്ടുകാർ ആയിരുന്നു കൂടുതൽ ഓർത്ത്ഡോക്സ് മുസ്ലീംസ്. അച്ഛന്റെ വീട്ടുകാർ‌ പുരോ​ഗമന ആശയം കൊണ്ടുനടന്നിരുന്നവരായിരുന്നു. ഓർത്ത്ഡോക്സ് മുസ്ലീംസ് ആയിരുന്നുവെങ്കിലും ചെട്ടികുളങ്ങര ഭ​ഗവതി എന്നത് കുലദൈവം, പരദേവത പോലെയായിരുന്നു. എന്റെ അച്ഛന്റെ മുത്തച്ഛനൊക്കെ ഹരിപ്പാട് കൊട്ടാരത്തിലായിരുന്നു ജോലി ചെയ്തിരുന്നത്.

ഹരിപ്പാട് സുബ്രഹ്മണ്യന് ആദ്യത്തെ പാട്ട എണ്ണയൊക്കെ ‍ഞങ്ങളുടെ തറവാട്ടിൽ നിന്നായിരുന്നു കൊടുത്തിരുന്നത്. മണ്ണാറശ്ശാല നാ​​ഗദൈവങ്ങൾ‌ ഞങ്ങൾക്ക് കൺകണ്ട ദൈവമായിരുന്നു. ഓണാട്ടുക്കരയിലെ എല്ലാ ക്ഷേത്രങ്ങളിലും ഞാൻ നൃത്തം അവതരിപ്പിക്കാറുണ്ടായിരുന്നു. വീട്ടിൽ ഞങ്ങൾ പറയിടാറുണ്ടായിരുന്നു. താലപ്പൊലി എടുക്കാറുണ്ടായിരുന്നു. പിന്നെ ഖുർ ആൻ എന്ന സാധനം ഞാൻ പഠിച്ചിട്ടില്ല. എന്റെ അച്ഛന്റെ അമ്മ പത്ത് കിത്താബും ഓതി തികഞ്ഞ ഒരാളാണ്. എഴുത്തോ വായനയോ അറിയാത്ത ആളാണ്. സ്കൂളിൽ പോലും പോയിട്ടില്ല. ഉസ്താദ് വന്നാണ് അച്ഛന്റെ അമ്മയെ പഠിപ്പച്ചത്. എന്നിട്ട് പോലും എന്നെ ഇതെല്ലാം പഠിപ്പിക്കണമെന്ന് അവർ പറഞ്ഞിട്ടില്ല. മതം ആരിലും അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല. അറബി അക്ഷരങ്ങൾ ഇപ്പോഴും ജിലേബിയായിട്ടാണ് എനിക്ക് തോന്നാറുള്ളത്. ഒരു ദിവസം പോലും ഞാൻ നോമ്പെടുത്തിട്ടില്ല. മുസ്ലീം ട്രെഡീഷൻ അനുസരിച്ച് ജീവിച്ചിട്ടില്ല. എനിക്ക് അതൊന്നും ഒരു കാലത്തും വഴങ്ങിയിട്ടില്ല." ലക്ഷ്മിപ്രിയ പറയുന്നു.

'മതം മാറുമ്പോഴും ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല'

"മതം മാറുമ്പോഴും എനിക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. എന്റെ ഭർത്താവ് സംഘിയായതുകൊണ്ടാണ് ‍ഞാൻ മതം മാറിയത് എന്നൊക്കെ പറയുന്നവരുണ്ട്. പുള്ളിക്ക് ഒന്നും അറിയില്ലായിരുന്നു. ജയേഷേട്ടന് ഞാൻ സബീനയായി ഇരിക്കുന്നത് തന്നെയായിരുന്നു ഇഷ്ടം. ഞാൻ തന്നെയാണ് മതം മാറാൻ മുൻകൈ എടുത്തത്. പേരും ജാതിയും എല്ലാം ഓഫീഷ്യലിയും മാറ്റി. വിവാഹം പ്രമാണിച്ചാണ് മതം മാറിയത് എന്നത് ശരിയാണ്. മുഷിഞ്ഞ വസ്ത്രം മാറ്റി പുതിയൊരു വസ്ത്രം ധരിച്ചുവെന്ന ഫീൽ മാത്രമാണ് മതം മാറിയപ്പോൾ തോന്നിയത്. മുസ്‌ലിം മതം മുഷിഞ്ഞത് എന്നല്ല ഞാൻ പറഞ്ഞത്. മുഷിഞ്ഞ വസ്ത്രം കഴുത‍ി ഉണക്കി അലമാരയിൽ എവിടെയോ വെച്ചു അത്രമാത്രം. കുഞ്ഞ് അച്ഛന്റെ കൾച്ചർ ഫോളോ ചെയ്താൽ മതിയെന്നാണ് ഞാൻ ആ​ഗ്രഹിച്ചത്. ജയേഷേട്ടൻ വന്നില്ലായിരുന്നുവെങ്കിൽ ഒരു മുസ്ലീം യുവാവിനെ ഞാൻ കല്യാണം കഴിക്കുമായിരുന്നില്ല." ലക്ഷ്മിപ്രിയ പറയുന്നു. അബാക്ക് മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ലക്ഷ്മിപ്രിയയുടെ പ്രതികരണം.

YouTube video player