'നേരിട്ടുകണ്ടപ്പോള്‍ എന്‍റെ ധാരണകളൊക്കെ തെറ്റി'; സാഹൊയുടെ ചിത്രീകരണാനുഭവം പറഞ്ഞ് ലാല്‍

By Nirmal SudhakaranFirst Published May 23, 2018, 10:18 PM IST
Highlights
  • ചിത്രത്തിന് ലാലിന്‍റെ 40 ദിവസത്തെ ഡേറ്റ്
  • ബാഹുബലി 2ന് ശേഷമുള്ള പ്രഭാസ് ചിത്രം

ബാഹുബലി-2ന് ശേഷമെത്തുന്ന പ്രഭാസ് ചിത്രം എന്നതുകൊണ്ട് പ്രഖ്യാപിച്ചത് മുതല്‍ വാര്‍ത്തകളില്‍ നിരന്തരമുള്ള പ്രോജക്ടാണ് 'സാഹൊ'. ജാക്കി ഷ്രോഫും നീല്‍ നിതിന്‍ മുകേഷും ശ്രദ്ധ കപൂറുമൊക്കെ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് ലാലുമുണ്ട്. ചിത്രത്തിന്‍റെ ആക്ഷന്‍ സീക്വന്‍സുകള്‍ നിറഞ്ഞ ഷെഡ്യൂള്‍ അബുദബിയില്‍ പുരോഗമിക്കുന്നതിനിടെ പ്രഭാസിനൊപ്പം നില്‍ക്കുന്ന ലാലിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. എങ്ങനെയുണ്ട് പ്രഭാസ്? തെലുങ്കിലും ഹിന്ദിയിലും ബിഗ് ബജറ്റില്‍ ഒരേ സമയം ചിത്രീകരിക്കുന്ന 'സാഹൊ' നല്‍കിയ അനുഭവം എന്താണ്? ലാല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു..

ബാഹുബലി 2ന് ശേഷമെത്തുന്ന പ്രഭാസ് ചിത്രമാണ് സാഹൊ. എങ്ങനെയാണ് ഈ പ്രോജക്ടിലേക്ക് എത്തുന്നത്?

ഈ സിനിമ സ്വീകരിക്കാന്‍ ആദ്യം എനിക്ക് പേടിയായിരുന്നു. കാരണം തെലുങ്കിനൊപ്പം ഹിന്ദിയിലും ചിത്രീകരിക്കുന്ന സിനിമയാണ് സാഹൊ. എനിക്ക് അറിയാത്ത ഭാഷകളാണ് ഇത് രണ്ടും . എന്‍റെ പേടി ഞാന്‍ സംവിധായകന്‍ സുജീത്ത് ഭാസ്കറിനോട് പറഞ്ഞു. തെലുങ്ക് മാത്രമായിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നെന്ന് ഞാന്‍ പറഞ്ഞു. തെലുങ്കില്‍ നേരത്തേ രണ്ട് മൂന്ന് സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹം എന്നെ ഉത്സാഹപ്പെടുത്തി. നിങ്ങള്‍ക്ക് ചെയ്യാനാവുമെന്ന് ഞങ്ങള്‍ക്ക് വിശ്വാസമുണ്ടെന്ന് പറഞ്ഞു. പ്രഭാസിനൊപ്പം സിനിമയില്‍ ഉടനീളമുള്ള കൗതുകം ജനിപ്പിക്കുന്ന ഒരു കഥാപാത്രമാണെന്ന് പറഞ്ഞ് അദ്ദേഹം കഥ വിവരിച്ചു. അങ്ങനെ ഞാന്‍ ചെയ്യാമെന്ന് സമ്മതിച്ചു.

തെലുങ്കിലും ഹിന്ദിയിലും ഒരേ സമയം ചിത്രീകരിക്കുകയായിരുന്നോ? 

അതെ. വൈഡ് ആംഗിള്‍ ഷോട്ടുകള്‍ ഒഴികെയുള്ള ഷോട്ടുകള്‍ തെലുങ്കിലും ഹിന്ദിയിലും മാറിമാറി ഷൂട്ട് ചെയ്യുകയായിരുന്നു.

 

പ്രഭാസിനൊപ്പമുള്ള ചിത്രീകരണാനുഭവം എന്തായിരുന്നു?

പ്രഭാസിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ 'ഭീകരമായ' ഒരു രൂപമാണ് മനസ്സിലുണ്ടായിരുന്നത്. കാരണം ബാഹുബലിക്ക് മുന്‍പ് ഒരു പ്രഭാസ് സിനിമയും ഞാന്‍ കണ്ടിരുന്നില്ല. പക്ഷേ നേരിട്ട് കണ്ട് പരിചയപ്പെട്ടപ്പോള്‍ അയാള്‍ പെരുമാറ്റം കൊണ്ട് ഞെട്ടിച്ചുകളഞ്ഞു. ഒരു സാധു മനുഷ്യന്‍! അങ്ങേയറ്റം വിനയത്തോടെയാണ് പെരുമാറ്റം. പ്രഭാസിന്‍റെ പടമെന്നൊക്കെ കരുതി പേടിച്ചുപേടിച്ചാണ് ഞാന്‍ അവിടെ ചെന്നത്. പ്രഭാസിനെ കണ്ടപ്പോഴും ഞാന്‍ ഈ ചിത്രം സ്വീകരിച്ചതിന് മുന്‍പുണ്ടായ കണ്‍ഫ്യൂഷനെക്കുറിച്ച് പറഞ്ഞു. അതേസമയം പ്രഭാസ് നായകനാവുന്ന സിനിമയായതിനാല്‍ ഒരിക്കലും വിട്ടുകളയരുതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞ കാര്യവും. അപ്പോള്‍ സംവിധായകന്‍ പ്രഭാസ് പറഞ്ഞ മറ്റൊരു കാര്യം എന്നോട് പറഞ്ഞു. ഞാന്‍ ചിത്രത്തിന് ഓകെ പറഞ്ഞപ്പോള്‍ പ്രഭാസ് പുള്ളിയോട് പറഞ്ഞത്രേ, ലാല്‍ സാര്‍ കൈ തന്നതുകൊണ്ട് ആ റോള്‍ സേഫ് ആയെന്ന്. 

എന്‍റെ മകന്‍റെ മകന്‍ പ്രഭാസിന്‍റെ വലിയ ആരാധകനാണ്. ദിവസം മൂന്ന് തവണ ബാഹുബലി കണ്ടില്ലെങ്കില്‍ അവന് ഉറക്കം വരില്ല. ഒരു പതിനഞ്ച് സെറ്റ് അമ്പും വില്ലും ബാഹുബലിക്ക് ശേഷം അവന് ഞാന്‍ വാങ്ങിക്കൊടുത്തിട്ടുണ്ട്.  മൂന്നര വയസ്സുകാരനായ അവന് പ്രഭാസിനൊപ്പം ഫോട്ടോയെടുക്കണമെന്ന ആഗ്രഹം പറഞ്ഞതിനാല്‍ അവനെയും അബുദബി ഷൂട്ടിംഗിന് കൊണ്ടുപോയിരുന്നു.

സംവിധായകന്‍ സുജീത് ഭാസ്കറിനൊപ്പം ലാല്‍


മലയാള സിനിമയോടും ഇവിടുത്തെ അഭിനേതാക്കളോടും ഇന്ത്യയിലെ മറ്റ് ഇന്‍റസ്ട്രികളിലുള്ളവരുടെ സമീപനം എന്താണ്?

പല ഭാഷകളില്‍ നിന്നുള്ള വലിയ താരനിര ഒന്നിക്കുന്ന സിനിമയാണ് സാഹൊ. ജാക്കി ഷ്രോഫ്, മന്ദിര ബേദി, ടിന്നു ആനന്ദ് തുടങ്ങിയവരൊക്കെയുണ്ട്. ഇവരെയൊക്കെ നമ്മള്‍ വലിയ വലിപ്പത്തിലാണ് മനസ്സില്‍ വച്ചിരിക്കുന്നത്. കാരണം ബോളിവുഡ് സിനിമയ്ക്കൊക്കെ അത്ര വലുപ്പമാണ് നമ്മുടെ മനസ്സില്‍. പക്ഷേ ഇവരൊക്കെ നമ്മുടെ സിനിമകള്‍ കണ്ടിട്ടുണ്ടെന്ന്, അതിലെയൊക്കെ ഓരോ ചെറിയ കാര്യങ്ങള്‍ വരെ ശ്രദ്ധിച്ചിട്ടുണ്ടെന്നും പറയുമ്പോള്‍ ഞെട്ടിപ്പോകും. നമ്മള്‍ വിചാരിക്കുന്നതിനേക്കാള്‍ പലമടങ്ങ് ബഹുമാനമാണ് ഇവര്‍ക്കൊക്കെ മലയാളസിനിമയോട്, ഇവിടുത്തെ അഭിനേതാക്കളോട്. 


ആക്ഷന് പ്രാധാന്യമുള്ള ഷെഡ്യൂളല്ലേ അബുദബിയില്‍ നടക്കുന്നത്?

അതെ. കഴിഞ്ഞ 55 ദിവസമായി അബുദബിയില്‍ ചിത്രത്തിന്‍റെ ആക്ഷന്‍ സീക്വന്‍സുകള്‍ ഷൂട്ട് ചെയ്യുകയായിരുന്നു. എനിക്ക് വില്ലന്‍ വേഷമല്ല ചിത്രത്തില്‍. അതിനാല്‍ എന്‍റെ കഥാപാത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഇല്ല. ഒരാഴ്ചത്തെ ഷൂട്ടിംഗ് മാത്രമേ എനിക്ക് അബുദബിയില്‍ ഉണ്ടായിരുന്നുള്ളൂ. അതുകഴിഞ്ഞ് ഞാന്‍ തിരിച്ചെത്തി. ആകെ 40 ദിവസത്തെ ഡേറ്റാണ് കൊടുത്തിരിക്കുന്നത്. പക്ഷേ അത് രണ്ട് വര്‍ഷത്തിനുള്ളിലാണ്. കഴിഞ്ഞ വര്‍ഷം തുടങ്ങിയതാണ് ചിത്രീകരണം. തീരുന്നത് വരെ നരച്ച താടിയില്‍ ലോക്ക് ആയിപ്പോയെന്ന സങ്കടം മാത്രമേയുള്ളൂ. അതുവരെ ഡൈ ചെയ്യാന്‍ പറ്റില്ല. 

 ഹൈദരാബാദിലെ മൂന്ന് ഷെഡ്യൂളുകള്‍ക്ക് ശേഷമാണ് ഇപ്പോഴത്തെ അബുദബി ഷെഡ്യൂള്‍. ഇനി യൂറോപ്പ് ഷെഡ്യൂളും പിന്നാലെ ഹൈദരാബാദ് ഷെഡ്യൂളുമുണ്ട്. അടുത്ത വര്‍ഷം തുടക്കം വരെ ചിത്രീകരണമുണ്ടാവും.

click me!