
നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള തൃശൂർ ചാലക്കുടിയിലെ ഡി സിനിമാസ് തിയറ്ററിന്റെ ഭൂമി ഇന്ന് അളന്നു തിട്ടപ്പെടുത്തും. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ ദിലീപ് അടക്കം ഏഴുപേർക്ക് തൃശൂർ ജില്ലാ സർവ്വേ സൂപ്രണ്ട് നോട്ടീസ് അയച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ കയ്യേറ്റം കണ്ടെത്തിയ ദിലീപിന്റെ കൊച്ചി കരുമാലൂരിലെ ഭൂമിയും ഇന്ന് അളക്കും
ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് കൈയ്യേറ്റ ഭൂമിയിലാണ് നിർമ്മിച്ചതെന്ന് തൃശ്ശൂർ ജില്ലാകലക്ടറുടെ റിപ്പോർട്ടിൽ സൂചനയുള്ള പശ്ചാത്തലത്തിലാണ് ജില്ലാ സർവ്വേ സൂപ്രണ്ടിന്റെ നടപടി. രാവിലെ 11.30ക്ക് തുടങ്ങുന്ന സര്‍വ്വേയില്‍ തിയേറ്ററുൾപ്പെടെയുള്ള സ്ഥലം അളന്ന് തിട്ടപ്പെടുത്തും. 82 സെന്റ് സ്ഥലം എട്ടു പേരുകളിലേക്ക് ആധാരം ചെയ്തതിന് ശേഷമാണ് ദിലീപ് സ്വന്തമാക്കിയതെന്ന് രേഖകളിൽ വ്യക്തമാണ്. 2005ലാണ് ആദ്യമായി ഈ ഭൂമി പോക്കുവരവ് ചെയ്ത് കരമടച്ചത്. അതുവരെ കരമടച്ചതിന്റെ രേഖകൾ ഒന്നുമില്ല. ഈ പശ്ചാത്തലത്തിലാണ് ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളുമായി നേരിട്ട് ഹാജരാകാൻ ദിലീപ് അടക്കം ഏഴുപേർക്ക് തൃശൂർ ജില്ലാ സർവ്വേ സൂപ്രണ്ട് നോട്ടീസ് നൽകിയിരിക്കുന്നത്.
ഡി സിനിമാസിനായി തോട് പുറംപോക്ക് കരമടച്ചു നൽകിയ ഉദ്യോഗസ്ഥരും അന്വേഷണത്തിന്റെ പരിധിയിൽ വരും. ചാലക്കുടി നഗരസഭയിൽ ഡി സിനിമാസിന്‍റെ ഭൂമി സംബന്ധിച്ച രേഖകൾ കാണുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. ഇതും പരിശോധിക്കും. ഇത് രണ്ടാം തവണയാണ് ഡിസിനിമാസിന്റെ സ്ഥലം അളക്കുന്നത്. മൊത്തം ഭൂമിയുടെയും പഴയ ഉടമസ്ഥാവാകാശ രേഖകൾ സംബന്ധിച്ചും റവന്യു വകുപ്പ് ഉന്നതതല അന്വേഷണം നടത്തും. ഇതിന് ശേഷം വിശദമായ റിപ്പോർട്ട് കളക്ടർക്ക് നൽകും.
കയ്യേറ്റം കണ്ടെത്തിയ ദിലീപിന്റെ കൊച്ചി കരുമാലൂരിലെ ഭൂമിയും ഇന്ന് അളക്കും. വടക്കൻ പറവൂരിന് സമീപം പുറമ്പിള്ളി കടവിലുള്ള രണ്ടേക്കർ ഭൂമിയാണ് തഹസിൽദാറുടെ നേതൃത്വത്തിൽ അളക്കുന്നത്. ഇതിനോട് ചേർന്ന് കിടക്കുന്ന പെരിയാറിന്റെ തീരം ദിലീപ് കയ്യേറിയെന്ന് വില്ലേജ് ഓഫീസറുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ദിലീപ് ഭൂമി കയ്യേറിയെന്ന് കരുമാലൂർ പഞ്ചായത്ത് ഭരണസമിതിയാണ് റവന്യൂ വകുപ്പിന് പരാതി നൽകിയത്. ഇവരുടെ സാന്നിധ്യത്തിൽ രാവിലെ പത്തരയ്ക്കാണ് സ്ഥലം അളക്കുന്നത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ