
ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സ്(LCU) പ്രഖ്യാപിച്ചതിനു പിന്നാലെ ലോകേഷ് കനകരാജ് എന്ന വിഷനറി സംവിധായകനെ വാനോളം പുകഴ്ത്തുകയാണ് ആരാധകർ. തമിഴ് സിനിമയിൽ ഏറ്റവും താരമൂല്യമുള്ള സംവിധായകരിൽ ഒരാളുമാണ് ഇന്ന് അദ്ദേഹം. കഴിഞ്ഞ എട്ടു വർഷം കൊണ്ടാണ് ലോകേഷ് ഈ പ്രേക്ഷകാംഗീകാരം നേടിയെടുത്തത്. ‘മാനഗരം’, ‘കൈതി’, ‘മാസ്റ്റർ’, ‘വിക്രം’, ‘ലിയോ’ അങ്ങനെ ഇതുവരെ സംവിധാനം ചെയ്ത അഞ്ചിൽ അഞ്ച് ചിത്രങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റുകൾ. ദളപതി വിജയ്‍യുടെ എക്കാലത്തെയും വലിയ വിജയ ചിത്രമായി മാറിയ 'ലിയോ' ആണ് ലോകേഷ് ഏറ്റവും ഒടുവിൽ സംവിധാനം ചെയ്തത്. തലൈവർ രജനികാന്തിനൊപ്പം ഒരുക്കിയ 'കൂലി'യാണ് റിലീസിനൊരുങ്ങുന്നത്.
സംവിധാനം ചെയ്യാനിരിക്കുന്ന പ്രൊജക്ടുകൾ, നിർമ്മിക്കാനിരിക്കുന്ന ചിത്രങ്ങൾ, തിരക്കഥ ഒരുക്കുന്നവ, അഭിനയ അരങ്ങേറ്റം എങ്ങനെ 2025ഉം 26ഉം ലോകേഷിൻ്റെതാകുമെന്നാണ് ലൈനപ്പുകൾ നൽകുന്ന സൂചന. സ്ഥിരീകരിച്ചതും റിപ്പോർട്ടുകൾ പുറത്തുവന്നതുമായ ലോകേഷ് ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
2025ൽ റിലീസിനൊരുങ്ങുന്ന ലോകേഷിൻ്റെ ചിത്രമാണ് ‘കൂലി’. ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന കൂലി സൺ പിക്ചേഴ്സ് ആണ് നിർമ്മിക്കുന്നത്. വൻ താരനിരയാണ് കൂലിയിൽ അണിനിരക്കുന്നത്. ആമിർ ഖാൻ, നാഗാർജുന അക്കിനേനി, ഉപേന്ദ്ര റാവു, ശ്രുതി ഹാസൻ, സൗബിൻ ഷാഹിർ, സത്യരാജ് എന്നിങ്ങനെ വ്യത്യസ്ത ഇൻഡസ്ട്രികളിൽ നിന്നുള്ളവരാണ് ചിത്രത്തിൽ രജനിക്കൊപ്പം മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്വർണ്ണക്കടത്ത് പശ്ചാത്തലമാക്കിയുള്ള ചിത്രത്തിൽ രജനികാന്ത് നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നാണ് വിവരം. അനിരുദ്ധ് രവിചന്ദർ ആണ് സംഗീത സംവിധാനം. ഓഗസ്റ്റ് 14നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.
ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്‍സിന് തുടക്കം കുറിച്ച ചിത്രമാണ് കാർത്തി നായകനായി 2019ൽ എത്തിയ ‘കൈതി’. വൻ ഹിറ്റായ ചിത്രത്തിന്റെ രണ്ടാം ഭാഗം ‘കൈതി 2’ൻ്റെ പ്രീപ്രൊഡക്ഷൻ ജോലികൾ തുടങ്ങി എന്നും ഈ വർഷം അവസാനത്തോടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും നിർമാതാവ് എസ് ആർ പ്രഭു വെളിപ്പെടുത്തിയത് അടുത്തിടെയാണ്. കൈതിക്ക് സംഗീതമൊരുക്കിയ സാം സി എസ് ആകും രണ്ടാം ഭാഗത്തിനും സംഗീതമൊരുക്കുക എന്നാണ് വിവരം. 2026ഓടെ ചിത്രം തിയേറ്ററിൽ കാണാമെന്നാണ് പ്രതീക്ഷ.
എൽസിയുവിൻ്റെ ഭാഗമായി നിർമ്മാണത്തിലുള്ള ‘ബെൻസി’ൽ രാഘവ ലോറൻസ് ആണ് നായകൻ. ചിത്രത്തിൻ്റെ കഥയും നിർമ്മാണ പങ്കാളിത്തവും ലോകേഷിനുണ്ടെങ്കിലും തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത് ‘റെമോ’, ‘സുൽത്താൻ’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ഭാഗ്യരാജ് കണ്ണനാണ്. ചിത്രത്തിൽ വാൾട്ടർ എന്ന വില്ലൻ വേഷത്തിൽ എത്തുന്നത് നിവിൻ പോളിയാണ്. പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം, ലോകേഷ് കനകരാജിന്റെ ജി സ്‌ക്വാഡ്, ജഗദീഷ് പളനിസ്വാമിയുടെ ദി റൂട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സായ് അഭ്യങ്കർ ആണ് സംഗീത സംവിധാനം. ‘കൈതി 2’, ‘വിക്രം 2’, സ്റ്റാൻറ് എലോൺ ചിത്രമായ ‘റോളക്സ്’ എന്നിവയായിരിക്കും ഇനി എൽസിയുവിലുണ്ടാവുക എന്ന് ലോകേഷ് വ്യക്തമാക്കിയതാണ്.
'റോക്കി', ‘സാനി കായിദം’, ‘ക്യാപ്റ്റൻ മില്ലർ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ അരുൺ മാതേശ്വരൻ്റെ പുതിയ പ്രൊജക്ടിലൂടെ നായകനായി അരങ്ങേറാൻ ഒരുങ്ങുകയാണ് ലോകേഷ്. അതിനായി അദ്ദേഹം ആയോധന കലകൾ അഭ്യസിക്കുന്നുവെന്ന വാർത്തകൾ നേരത്തെ വന്നിരുന്നു. നായകനാവുന്നത് ആദ്യമാണെങ്കിലും തൻറെ തന്നെ ചിത്രങ്ങളിലൂടെയും മ്യൂസിക് വീഡിയോയിലൂടെയുമൊക്കെ ക്യാമറയ്ക്ക് മുന്നിൽ എത്തിയിട്ടുള്ള ആളാണ് ലോകേഷ് കനകരാജ്.
താൻ തന്നെ സംവിധാനം ചെയ്ത വിജയ് ചിത്രം ‘മാസ്റ്ററി’ൽ ലോകേഷ് സ്ക്രീനിൽ എത്തിയിരുന്നു. കമൽ ഹാസൻ വരികൾ എഴുതിയ ‘ഇനിമെയ്’ എന്ന മ്യൂസിക് വീഡിയോയിലും ലോകേഷ് അഭിനയിച്ചു. എന്നാൽ അദ്ദേഹത്തിൻറെ അഭിനയ പ്രതിഭ പരീക്ഷിക്കാനുള്ള അവസരം ഇതുവരെ ലഭിച്ചിരുന്നില്ല. നായകനാവുന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് അക്കാര്യം അറിയാനാവും.
ലോകേഷിനൊപ്പം സിനിമ ചെയ്യാൻ പോകുന്നുവെന്ന് ഒരു സിനിമ പ്രൊമോഷനിടെ ആമിർ ഖാൻ സ്ഥിരീകരിച്ചത് അടുത്തിടെയാണ്.. ഇതൊരു സൂപ്പർഹീറോ സിനിമയാണെന്നും വലിയ ക്യാൻവാസിലുള്ള ആക്ഷൻ ചിത്രമാകുമെന്നുമാണ് ആമിർ പറഞ്ഞത്. പ്രൊജക്ടിൽ താൻ ഒപ്പുവെച്ചുവെന്നും 2026-ന്റെ രണ്ടാം പകുതിയോടെ ചിത്രീകരണം ആരംഭിക്കുമെന്നുമാണ് താരം വ്യക്തമാക്കിയത്.
2022ൽ കമൽ ഹാസൻ നായകനായി വന്ന ‘വിക്രം’ വലിയ വിജയമായിരുന്നു. വിജയ് സേതുപതി, ഫഹദ് ഫാസിൽ, സൂര്യ തുടങ്ങിയവരും ചിത്രത്തിൽ താരങ്ങളായിരുന്നു. ‘വിക്രം 2’ൻ്റെ കഥ വികസിക്കുകയാണെന്ന് ലോകേഷ് തന്നെ സ്ഥിരീകരിച്ചതുമാണ്. വിക്രം സിനിമയിലെ സൂര്യയുടെ റോളെക്സ് എന്ന കഥാപാത്രത്തെ മുൻ നിർത്തിയുള്ള ഇൻഡിപെൻ്റൻ്റ് സിനിമയും പ്രേക്ഷകർ കാത്തിരിക്കുകയാണ്. ചുരുക്കത്തിൽ 2025ഉം 2026ഉം ലോകേഷിൻ്റേതാകാനാണ് സാധ്യത.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ