
ഐഎസ്ആര്‍ഒ ചാരക്കേസില്‍ ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കാനുള്ള സുപ്രീം കോടതി വിധിയ്ക്ക് മുന്‍പേ തീരുമാനിച്ചിരുന്നതാണ് അദ്ദേഹത്തിന്റെ ജീവിതം പറയുന്ന സിനിമ. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ആനന്ദ് മഹാദേവന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മാധവനാണ് നമ്പി നാരായണനാവുന്നത്. നമ്പി നാരായണന്‍ തന്നെ രചിച്ച 'റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്റ് ഐ സര്‍വൈവ്ഡ് ദി ഐഎസ്ആര്‍ഒ സ്‌പൈ കേസ്' എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള സിനിമ ഒഫിഷ്യല്‍ ആയി അനൗണ്‍സ് ചെയ്തിരിക്കുകയാണ് മാധവന്‍. ഒരു ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് മാധവന്‍ ചിത്രത്തെക്കുറിച്ച് പറയുന്നത്. അറിഞ്ഞാല്‍ നിശബ്ദത പാലിക്കാനാവാത്ത ചില ജീവിതകഥകളുണ്ടെന്നും നമ്പി നാരായണന്റേത് അത്തരത്തില്‍ ഒന്നാണെന്നും മാധവന്‍ പറയുന്നു. ചിത്രത്തിന്റെ ടീസര്‍ 31ന് എത്തും.
മാധവന്‍ പറയുന്നു
"ഈ ലോകത്ത് എത്രയോ വ്യക്തികളുടെ കഥകളുണ്ട്. അതില്‍ ചിലതെല്ലാം നിങ്ങള്‍ കേട്ടിരിക്കാം. ചിലത് നിങ്ങളുടെ കാതുകളിലേക്കെ എത്തില്ല. എന്നാല്‍ ചില കഥകള്‍ കേള്‍ക്കാതെ ഇരിക്കുകയെന്നാല്‍ നിങ്ങളുടെ രാജ്യത്തേക്കുറിച്ച് വളരെ കുറച്ചേ നിങ്ങള്‍ക്ക് അറിയുകയുള്ളൂ എന്നാണ് അര്‍ഥം. നമ്പി നാരായണന്റെ കഥ അത്തരത്തില്‍ ഒന്നാണ്. അദ്ദേഹത്തിന്റെ കഥ നിങ്ങള്‍ കേട്ടാല്‍, ആ നേട്ടങ്ങളെക്കുറിച്ച് അറിഞ്ഞാല്‍, നിശബ്ദനാവാന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്ന് ഞാന്‍ പറയുന്നു. റോക്കട്രി: ദി നമ്പി ഇഫക്ട്. ഇതേക്കുറിച്ച് അറിയാത്തവര്‍ അറിയട്ടെ. അറിയുമെന്ന് കരുതുന്നവര്‍ക്ക് ഇതൊരു തിരിച്ചറിവായിരിക്കും. ഒക്ടോബര്‍ 31ന് ടീസര്‍ എത്തും. രാവിലെ 11.33ന് "
ചിത്രത്തിനായി കാത്തിരിക്കുകയാണെന്ന് നമ്പി നാരായണന്‍ മുന്‍പ് ഔട്ട്‌ലുക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മാധവന്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും താന്‍ അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹം വ്യാകുലപ്പെട്ടുവെന്നും പറഞ്ഞിരുന്നു. 'അദ്ദേഹം എന്റെ കഥാപാത്രത്തെ പൂര്‍ണമായും ഉള്‍ക്കൊണ്ടുകഴിഞ്ഞുവെന്ന് എനിക്കപ്പോള്‍ മനസിലായി', നമ്പി നാരായണന്‍ പറഞ്ഞു.
നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം കൊടുക്കണമെന്നുള്ള സുപ്രീം കോടതി വിധി വന്നപ്പോള്‍ അതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മാധവന്‍ ട്വീറ്റ് ചെയ്തിരുന്നു. 'ആ വിധിയെത്തി. അവസാനമായി കുറ്റവിമുക്തനാക്കുന്ന വിധി. ഇതൊരു പുതിയ തുടക്കമാണ്. തുടക്കം മാത്രം.' സുപ്രീം കോടതി വിധി വന്നതിന്റെ വാര്‍ത്തയ്ക്കൊപ്പം മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ