'രണ്ടാമൂഴം സിനിമ എംടിയുടെ ജീവിതാഭിലാഷം; എന്നാല്‍ ശ്രീകുമാര്‍ മേനോനുമായി ഇനി സഹകരിക്കില്ല'

By Web TeamFirst Published Oct 29, 2018, 12:14 PM IST
Highlights

'ശ്രീകുമാര്‍ മേനോനിലുള്ള വിശ്വാസം നഷ്ടപ്പെട്ടതാണ് മാറിചിന്തിക്കാന്‍ എംടിയെ പ്രേരിപ്പിച്ചത്. സംവിധായകനുമായി മുന്നോട്ട് പോകാന്‍ കഥാകൃത്തിന് താല്‍പര്യമില്ല.'

രണ്ടാമൂഴം തിരക്കഥ തിരികെവേണമെന്ന എം ടി വാസുദേവന്‍ നായരുടെ നിലപാട് ഉറച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍. ശ്രീകുമാര്‍ മേനോനുമായി ഇനി ഒരു തരത്തിലും എംടി സഹകരിക്കില്ലെന്നും ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ശിവ രാമകൃഷ്ണന്‍ വ്യക്തമാക്കി.

"ശ്രീകുമാര്‍ മേനോനിലുള്ള വിശ്വാസം നഷ്ടപ്പെട്ടതാണ് മാറിചിന്തിക്കാന്‍ എംടിയെ പ്രേരിപ്പിച്ചത്. സംവിധായകനുമായി മുന്നോട്ട് പോകാന്‍ കഥാകൃത്തിന് താല്‍പര്യമില്ല. കരാറിലെ കാലാവധി കഴിഞ്ഞ സമയത്ത് വക്കീല്‍ നോട്ടീസ് അയച്ചുവെങ്കിലും ശ്രീകുമാര്‍ മേനോന്റെ ഭാഗത്തുനിന്ന് മറുപടി ഉണ്ടായില്ല. തുടര്‍ന്നാണ് കേസിന് പോയത്." രണ്ടാമൂഴം സിനിമയാക്കുക എന്നത് എംടിയുടെ ജീവിതാഭിലാഷമാണെന്നും അതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കുന്നു.

അതേസമയം രണ്ടാമൂഴത്തിന്റെ തിരക്കഥാരൂപം തിരികെ വേണമെന്നാവശ്യപ്പെട്ട് എംടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് കോഴിക്കോട് മുന്‍സിഫ് കോടതി അടുത്ത മാസം ഏഴിലേക്ക് മാറ്റിയിരിക്കുകയാണ്. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനോട് ആവശ്യപ്പെട്ടിട്ടുമുണ്ട് കോടതി. മലയാളത്തിലും ഇംഗ്ലീഷിലും എഴുതി നല്‍കിയ തിരക്കഥയുടെ കരാര്‍ കാലാവധി അവസാനിച്ചിട്ടും സിനിമ ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എംടി രചന തിരികെ ആവശ്യപ്പട്ട് കോടതിയെ സമീപിച്ചത്. സംഭവം വാര്‍ത്താപ്രാധാന്യം നേടിയതിന് പിന്നാലെ ശ്രീകുമാര്‍ മേനോന്‍ കോഴിക്കോടുള്ള വീട്ടിലെത്തി എംടിയെ സന്ദര്‍ശിച്ചിരുന്നു. ഒന്നര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയെ സൗഹാര്‍ദ്ദപരമെന്നായിരുന്നു സംവിധായകന്‍ വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെ സിനിമാമേഖലയിലടക്കം എംടി കേസില്‍ നിന്ന് പിന്മാറുന്നുവെന്ന അഭ്യൂഹങ്ങളുണ്ടായി. എന്നാല്‍ തിരക്കഥ തിരികെ വേണമെന്ന നിലപാടില്‍ നിന്ന് താന്‍ പിന്നോട്ടില്ലെന്ന് എംടി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. പുതിയ സംഭവവികാസങ്ങളെത്തുടര്‍ന്ന് മറ്റ് ചില നിര്‍മ്മാതാക്കള്‍ എംടിയെ സമീപിച്ചതായും സൂചനയുണ്ട്.

click me!