
സാമൂഹ്യ മാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീലസന്ദേശം അയയ്ക്കുന്ന സംഭവങ്ങള്‍ നിരവധിയുണ്ട്. സിനിമാതാരങ്ങള്‍ക്ക് നേരെയും ഇങ്ങനെയുള്ള ആക്രമണങ്ങള്‍ ഉണ്ടാകാറുണ്ട്. നിരവധി പേര്‍ ഇത്തരക്കാരെ പൊളിച്ചടുക്കി രംഗത്ത് വന്നിട്ടുണ്ട്. ഇത്തവണ ഇരയായത് പൃഥ്വിരാജ് നായകനാകുന്ന വിമാനത്തിലെ നായികയായ നടി ദുര്‍ഗ കൃഷ്ണയാണ്. അശ്ലീല സന്ദേശവും വീഡിയോകളും അയച്ച യുവാവിന് നടി എട്ടിന്റെ പണിയും കൊടുത്തു.
തനിക്ക് നേരിട്ട ദുരനുഭവം ആരാധകര്‍ക്ക് മുന്‍പില്‍ തെളിവ് ലഹിതം വെളിപ്പെടുത്തിയിരിക്കുകയാണ് യുവനടി ദുര്‍ഗ കൃഷ്ണ. സാമൂഹിക മാധ്യമങ്ങളില്‍ ചില ഞരമ്പുരോഗികള്‍ക്ക് ഒരു ലൈസെന്‍സുമില്ലെന്നും അവരെ കാണിച്ചുകൊടുക്കാനാണ് താന്‍ ഇത് പങ്കുവയ്ക്കുന്നതെന്നും ദുര്‍ഗ വ്യക്തമാക്കി. തന്റെ പേജിലേക്ക് അശ്ലീലസന്ദേശം അയക്കുന്ന യുവാവിന്റെ പ്രൊഫൈല്‍ ചിത്രവും അയാള്‍ അയച്ച മേസേജുമാണ് സ്‌ക്രീന്‍ ഷോട്ട് അടക്കം പോസ്റ്റ് ചെയ്തത്.
ദുര്‍ഗയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
ഞാന്‍ ദുര്‍ഗ കൃഷ്ണ. കോഴിക്കോട് ആണ് വീട്. ഞാനും നിങ്ങളില്‍ ഒരാളാണ്. നിങ്ങളുടെ സഹോദരിയാണ്. എന്നാല്‍ നിങ്ങള്‍ ആരൊക്കെയാണ് യഥാര്‍ത്ഥ സഹോദരന്മാര്‍ എന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോള്‍. ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കളാണ് പലരും. രാത്രിയാകുമ്പോള്‍ അവരുടെ തനിനിറം പുറത്തുവരും.
ഇവരുടെ ഇരകള്‍ സ്വന്തം അമ്മയാണോ ഭാര്യയാണോ മകളാണോ സഹോദരിയാണോ എന്നൊന്നും ഈ ചെന്നായകള്‍ക്ക് തിരിച്ചറിയാന്‍ കഴിയില്ല. അവരുടെ ലൈംഗിക വൈകൃതങ്ങള്‍ ആരോടെങ്കിലും പ്രകടിപ്പിക്കുക. വൃത്തികെട്ട ചിത്രങ്ങള്‍, വിഡിയോ, മെസേജ് തുടങ്ങിയവയിലൂടെയാണ് ഇവര്‍ ഈ വൈകൃതം പ്രകടിപ്പിക്കുന്നത്. അവര്‍ക്ക് അതില്‍ ഇരയുടെ പ്രായമോ ബന്ധമോ നിറമോ മതമോ ഒന്നും പ്രശ്‌നമില്ല.
കഴിഞ്ഞ രാത്രി നാണംകെട്ടൊരു സംഭവം നടന്നു. സ്‌ക്രീന്‍ ഷോട്ടില്‍ കാണുന്ന ഈ യുവാവ് ഇതുപോലുള്ള സന്ദേശങ്ങളും വിഡിയോയും അയച്ചുകൊണ്ടിരുന്നു.
എന്റേതായ ലക്ഷ്യബോധമുള്ള ഒരു സ്ത്രീയാണ് ഞാന്‍. എന്നെ സങ്കടപ്പെടുത്താന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല. എന്നെ ഉപദ്രവിക്കാന്‍ കഴിയില്ല. ഞാന്‍ ഒരു സ്ത്രീപക്ഷവാദിയല്ല. പക്ഷെ എനിക്ക് ഉറപ്പുള്ള ഒരു നട്ടെല്ലുണ്ട്. ഒരു നല്ല കുടുംബവും വിശ്വസ്തരായ ഒരു കൂട്ടം സുഹൃത്തുക്കളും എനിക്കൊപ്പമുണ്ട്. നിങ്ങളെ ഞാന്‍ വെല്ലുവിളിക്കുന്നു..
എന്റെ സഹോദരന്‍മാരോട് ഒരു അപേക്ഷയുണ്ട്, നിങ്ങള്‍ കൗമാര പ്രായത്തില്‍ പല കുസൃതിത്തരങ്ങളിലൂടെയായിരിക്കും കടന്നുപോയിരിക്കുക. പക്ഷേ, ഇത്തരം ഭ്രാന്തന്‍മാരില്‍ നിന്ന് നിങ്ങളുടെ സഹോദരിമാരെ സംരക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. അത് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ അറിയിക്കാന്‍ കൂട്ടായി നില്‍ക്കാം. ഇപ്പോള്‍ നമുക്കൊരു മാറ്റം കൊണ്ടുവന്നാല്‍ നാളെ ഈ വൈകൃതക്കാരുടെ ഇര ഉണ്ടാകില്ല.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ