മലയാളം റിലീസുകള്‍ ഇല്ല; 3 ദിവസത്തില്‍ നഷ്ടം 5 കോടി

By Web DeskFirst Published Dec 25, 2016, 4:28 AM IST
Highlights

തിരുവനന്തപുരം: തിയേറ്ററുകളിൽ ആവേശം പകരാൻ പുതിയ മലയാള സിനിമകളില്ലാതെ ക്രിസ്മസ്. പ്രേക്ഷകർ കാത്തിരുന്ന നാലു പ്രധാന സിനിമകൾ പെട്ടിയിലായതോടെ 3 ദിവസം കൊണ്ട് 5 കോടിയുടെ നഷ്ടമാണ് സിനിമാമേഖലക്ക് ഉണ്ടായത്. മലയാളം വിട്ടുനിന്നപ്പോൾ ആമീർഖാന്റെ ദങ്കൽ കേരളത്തിൽ നിന്നും 2  ദിവസം കൊണ്ട് വാരിയത് ഒരു കോടിയോളം രൂപ.

മലയാള സിനിമാ പ്രതിസന്ധിയിൽ ശരിക്കും കോളടിച്ചത് ആമിർഖാന്.. പ്രദർശനത്തിനായി കേരളത്തിലങ്ങോളം ഇങ്ങോളം ഇഷ്ടം പോലെ തിയേറ്ററുകൾ. ആമിർ ഫാൻസും അല്ലാത്തവരും ദങ്കൽ കണ്ട് തൃപ്തി അടയുന്നു. പുലിമുരുകനും കട്ടപ്പനയിലെ ഹൃത്വിക് റോഷനും കണ്ടു കഴിഞ്ഞവ‍ർക്ക് മുന്നിൽ തെരഞ്ഞെടുക്കാൻ മറ്റ് മലയാള സിനിമകളില്ല.

മുന്തിരിവള്ളികൾ തളിർക്കുമ്പോഴും ജോമോന്‍റെ സുവിശേഷങ്ങളും ഫുക്രിയും എസ്രയും പെട്ടിയിലായതോടെ 3 ദിവസം കൊണ്ട് മാത്രമുണ്ടായ നഷ്ടം 5 കോടി. മുന്തിരിവള്ളികൾ റിലീസ് ചെയ്യാൻ ആദ്യദിനം വ്യാഴാഴ്ച മാത്രം മുൻകൂട്ടിബുക്ക് ചെയ്തത് 160 കേന്ദ്രങ്ങൾ. 

ആ ദിവസം മാത്രം നഷ്ടം ഒരുകോടി. നിർമ്മാതാവിന് മാത്രമല്ല തിയേറ്റർ ഉടമകൾക്കുമുണ്ട് നഷ്ടത്തിന്റെ കണക്കുകൾ. നാലു സിനിമകൾക്കുമായി നല്ല തുക തിയേറ്റർ ഉടമകളും അഡ്വാൻസ് നൽകിയിരുന്നു. വിഹിതത്തെ ചൊല്ലി നിർമ്മാതാക്കളും വിതരണക്കാരും തിയേറ്റർ ഉടമകളും പിടിവാശിയിൽ നിൽക്കുമ്പോൾ സമവായത്തിന്‍റെ ഒരു സാധ്യതയും തെളിയുന്നില്ല. 

ഒരു വട്ടം മുൻകയ്യെടുത്ത സർക്കാറും ഇപ്പോൾ ഇടപെടുന്നില്ല. മലയാള സിനിമാക്കാർ സ്ക്രീനിന് പുറത്ത് സ്റ്റണ്ടിലേർപ്പെടുമ്പോൾ ദങ്കലിന് പിന്നാലെ കുടുതൽ അന്യഭാഷാ ചിത്രങ്ങളും പണം വാരാൻ ഉടൻ കേരളത്തിലേക്കെത്തും.

click me!