ട്രോളുകള്‍ കണ്ടപ്പോള്‍ മനസിലായി; തൊഴിലില്ലായ്മ ഇത്രയും രൂക്ഷമാണെന്ന്

By Web TeamFirst Published Sep 14, 2018, 6:49 PM IST
Highlights

പ്രളയസമയത്ത് തനിക്കെതിരെ വന്ന ട്രോളുകളോട് പ്രതികരിക്കാന്‍ പോകുന്നില്ല. കേരളത്തിലെ തൊഴിലില്ലായ്മ ഇത്രത്തോളം രൂക്ഷമാണെന്നു ബോധ്യപ്പെട്ടത് ഈ ട്രോളുകള്‍ കണ്ട ശേഷമാണ്. 

തിരുവനനന്തപുരം: ഫേസ്ബുക്ക് അടക്കമുള്ള മാധ്യമങ്ങളില്‍ വരുന്ന ട്രോളുകള്‍ക്കെതിരെ മല്ലിക സുകുമാരന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക മനസ്സു തുറന്നത്. പ്രളയസമയത്ത് തനിക്കെതിരെ വന്ന ട്രോളുകളോട് പ്രതികരിക്കാന്‍ പോകുന്നില്ല. കേരളത്തിലെ തൊഴിലില്ലായ്മ ഇത്രത്തോളം രൂക്ഷമാണെന്നു ബോധ്യപ്പെട്ടത് ഈ ട്രോളുകള്‍ കണ്ട ശേഷമാണ്. 

ഇനി അതിലൂടെ കുറച്ചു പേര്‍ക്ക് സന്തോഷം ലഭിക്കുന്നുണ്ടെങ്കില്‍ അങ്ങനെയാകട്ടെ. പരിഹസിക്കുന്നവരോട് എനിക്ക് പറയാനുള്ളത്, അവരുടെ നിലപാടില്‍ സത്യസന്ധത വേണമെന്നാണ്. ഒന്നുകില്‍ ശുദ്ധമായ നര്‍മമായിരിക്കണം. അല്ലെങ്കില്‍ കാമ്പുള്ള വിമര്‍ശനങ്ങളായിരിക്കണം.  സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വരുന്ന പല ട്രോളുകളും വെറുപ്പും വിദ്വേഷവും ഉളവാക്കുന്നതാണ്. 

അമ്മയെ തല്ലിയാലും മലയാളികള്‍ക്ക് രണ്ടു പക്ഷമുണ്ട്. നിലപാടുകള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ നേരത്തെ മകനും നടനുമായ പൃഥ്വിരാജിന്‍റെ നേര്‍ക്കായിരുന്നു ആക്രമണം. അഹങ്കാരി, താന്തോന്നി എന്നിങ്ങനെയായിരുന്നു അവനെ വിശേഷിപ്പിച്ചിരുന്നത്. പിന്നീട് ഈ ആക്രമിച്ചവര്‍ തന്നെ അതെല്ലാം മാറ്റിപ്പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളായി എന്റെ നേരെയാണ് ആക്രമണം'- മല്ലിക പറഞ്ഞു.

നേരത്തെ പൃഥ്വിരാജിന്‍റെ ലംബോര്‍ഗിനി കാറിനെക്കുറിച്ച് സംസാരിച്ചതിന്‍റെ പേരില്‍ മല്ലികയ്ക്ക് നേരേ കടുത്ത ട്രോള്‍ ആക്രമണമാണ് സാമൂഹിക മാധ്യമങ്ങള്‍ അഴിച്ചുവിട്ടത്. കേരളത്തില്‍ പ്രളയമുണ്ടായപ്പോള്‍ തിരുവനന്തപുരത്തുള്ള മല്ലികയുടെ വീട്ടിലും വെള്ളം കയറി. ആ അവസരത്തിലും മല്ലികയെ ചിലര്‍ വെറുതെ വിട്ടില്ല. 

click me!