പ്രിയപ്പെട്ട മോദിജി, ഈ ക്ഷണം ബഹുമതിയായി കാണുന്നു: മോദിക്ക് മമ്മൂട്ടിയുടെ മറുപടി

By Web DeskFirst Published Sep 24, 2017, 10:13 PM IST
Highlights

സ്വഛതാ കി സേവയുടെ ഭാഗമായി പ്രധാനമന്ത്രി അയച്ച ക്ഷണക്കത്തിന് മറുപടിയുമായി സൂപ്പര്‍ താരം മമ്മൂട്ടി. ഈ ക്ഷണം ബഹുമതിയായി കാണുന്നുവെന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. ഫേസ്ബുക്കിലാണ് മമ്മൂട്ടി പ്രതികരണവുമായി എത്തിയത്. 

മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ശുചിത്വ പരിപാടിയായ സ്വച്ഛതാ കി സേവയുടെ ഭാഗമായി രാജ്യത്തെ സെലിബ്രറ്റികള്‍ക്കും പ്രമുഖര്‍ക്കും പ്രധാനമന്ത്രി സ്വകാര്യ ക്ഷണക്കത്തുകള്‍ അയച്ചിരുന്നു. ഇതിന്റെ ഭാഗമായി നേരത്തെ രജനീകാന്തടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ പിന്തുണയുമായി എത്തിയിരുന്നു.

'സ്വച്ഛതാ ഹി സേവാ' പരിപാടിയില്‍ പങ്കെടുക്കാന്‍ താങ്കളുടെ ക്ഷണം സ്വീകരിക്കുന്നതോടൊപ്പം തന്നെ, മഹാത്മാജി പറഞ്ഞതുപോലെ ശുചിത്വം എന്ന ദൈവികതയ്ക്ക് ഊന്നല്‍ നല്‍കുന്ന താങ്കളെ അഭിനന്ദിക്കാന്‍ ഈ അവസരം ഉപയോഗിക്കുകയാണ്.

തനിക്ക് താങ്കളില്‍ നിന്ന് വ്യക്തിപരമായി ലഭിച്ച ഈക്ഷണം ഒരു ബഹുമതിയായി പരിഗണിക്കുന്നു. ശുചിത്വം എന്നാല്‍ മറ്റൊരാളെ നിര്‍ബന്ധിച്ച് ശീലിപ്പിക്കേണ്ട ഒന്നല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് ഓരോരുത്തരുടെയും ജീവിതത്തിലെ അച്ചടക്കത്തിന്റെ ഭാഗമാകേണ്ടതാണ്.

ഇങ്ങനെയാണെങ്കിലും നമ്മുടെ രാജ്യം വൃത്തിയായി സൂക്ഷിക്കാന്‍ ചില നിയമങ്ങള്‍ ആവശ്യമാണ്, ബോധവല്‍ക്കരണ പരിപാടികള്‍ക്ക് സ്ഥിരതയില്ലല്ലോ.. ഗാന്ധിജിയുടെ സ്വപ്നങ്ങള്‍ സഫലമാക്കാന്‍ താങ്കള്‍ നടത്തുന്ന പരിശ്രമങ്ങളെ ഞാന്‍ പിന്തുണയ്ക്കുന്നു. ഗാന്ധിജിയുടെ ലക്ഷ്യത്തിലേക്കുള്ള നിങ്ങളുടെ ശ്രമങ്ങളെ ഒരിക്കല്‍ കൂടി അഭിനന്ദിക്കുന്നു. 

വ്യക്തിശുചിത്വം പ്രധാനമാണെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. ഒരു വ്യക്തി തന്റെ ശരീരത്തെ ബഹുമാനിക്കാന്‍ പഠിക്കുമ്പോള്‍ അയാളുടെ ചുറ്റുമുള്ളവര്‍ക്ക് ശുചിത്വത്തിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ അത് കാരണമാകും. ഭൂമിയോടും സ്വരാജ്യത്തോടും പ്രതിബദ്ധത കാണിക്കുന്നതിന്റെ ആദ്യ ചുവട് സ്വന്തം വീടുകളില്‍ നിന്ന് തുടങ്ങും എന്ന് ഉറപ്പുവരുത്തലാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ശേഷം നമ്മുടെ സഹോദരങ്ങളോടും ലോകത്തോടുമുള്ള വാഗ്ദാനം പാലിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതുതന്നെയാണ് 'വസുദൈവ കുടംബകം' എന്ന വാചകത്തില്‍ അടങ്ങിയിരിക്കുന്നതും. അതു തന്നെയാണ് നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ ആത്മാവും.

ഈ ക്ഷണത്തിന് ഒരിക്കല്‍കൂടി നന്ദി അറിയിക്കുന്നു.

എല്ലാവിധ ആശംസകളും...

click me!