ഭീമന് എന്റെ സ്വരമായിരുന്നോ? ആഗ്രഹിച്ചിട്ടും എം ടിയോട് മമ്മൂട്ടി ചോദിക്കാതിരുന്ന ചോദ്യം

By Web DeskFirst Published Apr 10, 2017, 5:29 PM IST
Highlights

എം ടി വാസുദേവന്‍ നായരുടെ കഥാപാത്രങ്ങളായി വെള്ളിത്തിരിയില്‍ തകര്‍ത്താടിയ നടനാണ് മമ്മൂട്ടി. എം ടി വാസുദേവന്‍ നായരോടുള്ള ഗുരുതുല്യമായ ബന്ധത്തെ കുറിച്ച് മമ്മൂട്ടി പലതവണ തുറന്നുപറഞ്ഞിട്ടുമുണ്ട്. എം ടി വാസുദേവന്‍ നായര്‍ക്ക് മമ്മൂട്ടിയോടും തിരിച്ചും അങ്ങനെ തന്നെ. എം ടിയോടുള്ള സ്നേഹ ബന്ധത്തെ കുറിച്ച് തുറന്നുപറയുകയാണ് മമ്മൂട്ടി, ഏഷ്യാനെറ്റ് ന്യൂസിന്റെ വാക്കുവാക്കും കാലം എന്ന പ്രോഗ്രാമില്‍. വീഡിയോ കാണാം.

എന്നോട് പ്രത്യേക അടുപ്പവും സ്നേഹവും ഉണ്ടായ കഥാകാരനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളായ നടനാണോ ഞാനെന്ന വ്യക്തിയാണോ അദ്ദേഹത്തെ സ്വാധീനിച്ചത് എന്നറിയില്ല. പല അവസരങ്ങളിലും  എന്നെ കുറിച്ച് പറയുമ്പോള്‍ അദ്ദേഹം വാചാലനാകാറുണ്ടായിരുന്നു. ഒരിക്കല്‍ പറഞ്ഞത് എനിക്ക് ഓര്‍മ്മയുണ്ട്. കഥയെഴുതുമ്പോള്‍, തിരക്കഥ എഴുതുമ്പോള്‍ സംഭാഷണങ്ങള്‍ മമ്മൂട്ടിയുടെ ശബ്‍ദത്തില്‍ എന്റെ ചെവിയില്‍ കേള്‍ക്കാറുണ്ടായിരുന്നുവെന്ന്. അതൊക്കെ നടനെന്ന നിലയില്‍ എനിക്ക് വലിയ അഭിമാനം തോന്നുന്ന കാര്യങ്ങളാണ്. എംടിയെ പോലെ ലബ്‍ധപ്രതിഷ്ഠനായ ഒരു സാഹിത്യകാരന്, എന്നെപ്പോലെ ഒരു സാധാരണക്കാരനായ സിനിമാ നടന്റെ ശബ്‍ദത്തില്‍ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ സംസാരിക്കുന്നുവെന്ന് തോന്നുന്നത് എന്നെ സംബന്ധിച്ച് ഒരു വലിയ നേട്ടം തന്നെയാണ്. ഒരിക്കല്‍ ഞാന്‍ ചോദിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ ചോദിക്കാന്‍ ധൈര്യമില്ലാത്തതിനാല്‍ ചോദിച്ചില്ല. ഭീമന് എന്റെ സ്വരമായിരുന്നോ സംസാരിക്കുമ്പോള്‍ എന്ന്.  അങ്ങനെ ചോദിക്കാന്‍ ഒരു അവസരം കിട്ടിയിട്ടില്ല. പക്ഷേ ഭീമം എന്ന് പറഞ്ഞിട്ട് പുസ്തകത്തിന്റെ ദൃശ്യാവിഷ്കാരം ഉണ്ടായിരുന്നപ്പോള്‍ ഭീമനായിട്ട് ഞാനാണ് രംഗത്ത് വന്നത്. പൂര്‍ണ്ണമായിട്ട് നാടകമായിട്ടോ പൂര്‍ണ്ണമായിട്ട് കഥാവിഷ്കാരമോ ആയിരുന്നില്ല. ഭീമന്റെ മാനസികവ്യാപാരങ്ങളെ കുറിച്ച് 50 മിനുട്ടുള്ള ഒരു ദൃശ്യാവിഷ്കാരമായിരുന്നു. അന്ന് ഭീമന് എന്റെ സ്വരമായിരുന്നു. അന്ന്  സ്റ്റേജില്‍ ഇതിനെപ്പറ്റിയൊക്കെ സംസാരിച്ചതിനു ശേഷം അദ്ദേഹം ഇറങ്ങിപ്പോകുമ്പോള്‍ എന്റെ തലയില്‍ കൈവച്ച് പറഞ്ഞു- വിജയിച്ചുവരിക. ഞാനിപ്പോഴും അതിനാണ് ശ്രമിക്കുന്നത്.

click me!