മമ്മൂട്ടി മോഹിച്ച പവനായി വേഷം ക്യാപ്റ്റനില്‍ എത്തിയത് എങ്ങനെ.!

Published : Sep 18, 2018, 10:24 AM ISTUpdated : Sep 19, 2018, 09:28 AM IST
മമ്മൂട്ടി മോഹിച്ച പവനായി വേഷം ക്യാപ്റ്റനില്‍ എത്തിയത് എങ്ങനെ.!

Synopsis

ഈ കഥയുമായി നടക്കുന്ന കാലത്ത് തന്നെ പവനായി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ കൊതിച്ചിരുന്നു.  

ഒരു സിനിമയിലെ ഡയലോഗ് മലയാള ഭാഷ ഉപയോഗിക്കുന്നവരുടെ ദിനവുമുള്ള പ്രയോഗത്തിന്‍റെ ഭാഗമാകുന്നത് അപൂര്‍വ്വമാണ് അത്തരത്തില്‍ ഒന്നാണ് 'അങ്ങിനെ പവനായി ശവമായി ' നാടോടിക്കാറ്റ് സിനിമയില്‍ താടിക്ക് കയ്യും കൊടുത്ത് കള്ളക്കടത്തുകാരന്‍ അനന്തന്‍ നമ്പ്യാര്‍ നടത്തുന്ന ഈ ആത്മഗതം വീരവാദം പറഞ്ഞ് പരാജിതരായി മടങ്ങുന്നവരെ സൂചിപ്പിക്കാന്‍ ദിവസവും മലയാളി ഉപയോഗിക്കുന്നു. വിടവാങ്ങിയ നടന്‍ ക്യാപ്റ്റന്‍ രാജുവിന് എന്നും മലയാളി ഓര്‍ക്കും എന്നതിന്‍റെ തെളിവ് കൂടിയാണ് ഈ ഡയലോഗ്, ചിലപ്പോള്‍ അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ പൂക്കുന്ന വാക്കിന്‍റെ സ്മാരകം.

ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മലയാളത്തിലെ നിത്യഹരിത കോമഡി ചിത്രമാണ് നാടോടിക്കാറ്റ്, ഇതിന്‍റെ കഥ സിദ്ധിഖ്‌ലാല്‍മാരുടെതാണ്. ഈ കഥയുമായി നടക്കുന്ന കാലത്ത് തന്നെ പവനായി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ കൊതിച്ചിരുന്നു.

അത് മറ്റാരുമല്ല  മമ്മൂട്ടി തന്നെ. എന്നാല്‍ സിനിമ ആയപ്പോള്‍ റോള്‍ എത്തിയത് ക്യാപ്റ്റന്‍രാജുവിലായിരുന്നു. സംവിധായകനും നടനുമായ ലാലാണ് ഈ വെളിപ്പെടുത്തല്‍ ഒരു മാധ്യമത്തോട് നടത്തിയത്.  കഥയുമായി നടക്കുമ്പോള്‍ മമ്മൂട്ടി ഈ കഥയെക്കുറിച്ച് അറിഞ്ഞു. സിദ്ദിഖ്‌ലാല്‍ മാരില്‍ നിന്നും വിശദമായി കഥ കേട്ട മമ്മൂട്ടിക്ക് പവനായി ആകുവാന്‍ ഏറെ താല്‍പ്പര്യമുണ്ടായിരുന്നു.

അന്ന് നായകവേഷങ്ങളില്‍ തിളങ്ങുന്ന കാലമായിട്ടും കഥാപാത്രത്തോടും കഥയോടുമുള്ള താല്‍പ്പര്യം കൊണ്ട് മമ്മൂട്ടി തന്നെ ഇടപെട്ട് പലരോടും തങ്ങള്‍ക്ക് കഥപറയാന്‍ അവസരമുണ്ടാക്കിയിരുന്നു. ആ കഥാപാത്രത്തിന്‍റെ സവിശേഷതയില്‍ ഏറെ ആകൃഷ്ടനായ മമ്മൂട്ടി പവനായി ചെയ്യാനുള്ള മോഹം അറിയിച്ചു. പിന്നീട് സിനിമയായപ്പോള്‍ ക്യാപ്റ്റന്‍രാജുവിനെ ആ വേഷത്തിലേക്ക് തീരുമാനിച്ചത് സത്യന്‍ അന്തിക്കാടായിരുന്നു. 

ഏറെ വലിപ്പമുള്ള ഒരാള്‍, കാണിക്കുന്ന ഓരോ ചലനത്തിലും തമാശയുണ്ടാകുന്ന ആ കഥാപാത്രത്തെ അസാധാരണ വഴക്കത്തോടെ ക്യാപ്റ്റന്‍രാജു ചെയ്തു. അദ്ദേഹത്തിന്റെ നിറവും ഉയരവും കഥാപാത്രത്തിന് നന്നായി ഇണങ്ങുകയും ചെയ്തതോടെ എക്കാലത്തെയും ഹിറ്റ് കഥാപാത്രമായിട്ടാണ് അത് മാറിയതെന്നും ലാല്‍ പറയുന്നു.  നാടോടിക്കാറ്റില്‍ ആറ് മിനിറ്റ് പോലും ദൈര്‍ഘ്യമില്ലാത്ത കഥാപാത്രമായിരുന്നു പവനായി.  

അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്ന ദാസവിജയന്മാരെ അവസാനിപ്പിക്കുന്നതിനായി ഒടുവില്‍ അനന്തന്‍ നമ്പ്യാര്‍ പവനായിയെ രംഗത്തിറക്കുമ്പോഴാണ് സിനിമയിലേക്ക് പവനായിയുടെ വരവ്.  മലപ്പുറം കത്തിയും ട്രാന്‍സിസ്റ്റര്‍ ബോംബും മുതല്‍ അള്‍ട്രാ മോഡേണ്‍ മെഷീന്‍ ഗണും ഗറില്ലകള്‍  ഉപയോഗിക്കുന്ന അമ്പും വില്ലും വരെ കൊണ്ടുനടക്കുന്ന പ്രൊഫഷണല്‍ കില്ലറായി ഗംഭീര എന്‍ട്രിയാണ് പവനായി നടത്തുന്നത്.

കാഞ്ഞങ്ങാട് രാവണേശ്വരം ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന പി.വി.നാരായണന്‍, പവനായി ആവുന്നത് കൊലയാളിക്ക് നാരായണനെന്ന പേരിട്ടാല്‍ ഒരു വെയ്റ്റ് കിട്ടില്ലെന്ന തോന്നലിന്റെ പുറത്താണ്. പി.വി.നാരായണന്‍ എന്ന പേരില്‍ ചില്ലറ പരിഷ്‌കാരങ്ങള്‍ ഒക്കെ വരുത്തി നാരായണന്‍ അങ്ങനെ  പവനായി ആയി മാറി, പൊലീസിനെയും പട്ടാളത്തിനെയും വിറപ്പിക്കുന്ന കൊടുംഭീകരന്‍. കൈയ്യിലുള്ള മാരക ആയുധങ്ങളില്‍ നിന്ന് ഏതുവേണം എന്നു തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ കൂടി നല്‍കി ദാസവിജയന്മാര്‍ക്ക് മുന്നില്‍ ഹൃദയവിശാലത പ്രകടിപ്പിക്കുന്നുണ്ട് പവനായി. ക്യാപ്റ്റന്‍ രാജുവിന്‍റെ ചലച്ചിത്ര ജീവിതത്തില്‍ ഏറ്റവും ഓര്‍ക്കപ്പെടുന്ന വേഷമാണ് പവനായിയുടെത്. ആക്കാലത്ത് ക്രൂരമായ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങുന്ന കാലത്താണ് ക്യാപ്റ്റന്‍ ഈ വേഷം അവതരിപ്പിച്ചത് എന്നതും ഒരു പ്രത്യേകതയാണ്.

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും