
മിമിക്രിയിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനായിരുന്നു അബി. സിനിമാ ലോകത്തുള്ള പലരുടെയും അബിക്ക. അദ്ദേഹത്തിന്റെ അകാല വിയോഗത്തില്‍ അനുസ്മരണ പ്രവാഹം തുടരുകയാണ്. തന്റെ പ്രിയപ്പെട്ട അബിക്കയെ കുറിച്ച് നടി മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ച അനുസ്മരണ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ദിലീപിനും നാദിര്‍ഷയ്ക്കുമൊപ്പം ഇറങ്ങിയ ദേ മാവേലി കൊമ്പത്ത് എന്ന കാസറ്റുകളുടെ ഓര്‍മകളും ഒരുമിച്ചുള്ള അഭിനയ ഓര്‍മകളും പങ്കുവയ്ക്കുകയാണ് മഞ്ജു കുറിപ്പില്‍...
കുട്ടിക്കാലം മുതല്‍ തന്നെ മിമിക്രി കണ്ട് ആസ്വദിക്കാന്‍ തുടങ്ങിയ കാലത്ത് മനസ്സില്‍ പതിഞ്ഞ ഒരു മുഖം. അബിക്ക. താരങ്ങളെ അനുകരിക്കുമ്പോള്‍ ഓരോ താരത്തിന്റെയും ഛായ ആ മുഖത്ത് വരുന്നത് കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. സ്‌കിറ്റുകളിലെ നിഷ്‌കളങ്കത നിറഞ്ഞ ഇത്തയുടെ കഥാപാത്രം അബിക്കയുടെ മുഖത്തിലൂടെയല്ലാതെ ഓര്‍ക്കാന്‍ കഴിയില്ല നമുക്ക്. അബിക്കയുടെയും ദിലീപേട്ടന്റെയും നാദിര്‍ഷിക്കായുടെയും കൂട്ടായ്മയില്‍ പിറന്ന 'ദേ മാവേലി കൊമ്പത്തി'ന്റെ എല്ലാ കാസെറ്റുകളും ഒന്നു വിടാതെ മനഃപഠമാക്കിയിരുന്ന ആളാണ് ഞാന്‍. നേരിട്ട് പരിചയപ്പെട്ടപ്പോള്‍ എന്റെ ആരാധന നേരിട്ട് അറിയിക്കാനും എനിക്ക് ഉത്സാഹമായിരുന്നു. വര്‍ഷങ്ങള്‍ പിന്നിട്ട് ഇക്കയുടെ മകന്‍ ഷെയ്‌നോടൊപ്പം അഭിനയിച്ച സൈറ ബാനു വിന്റെ ലൊക്കേഷനില്‍ ഏറേ സ്‌നേഹത്തോടെ ഇക്ക ഓടിയെത്തി. എന്നും ഒരു ഫോണ്‍വിളിക്കപ്പുറത്തുണ്ടായിരുന്ന, സത്യസന്ധമായി ഉപദേശങ്ങളും അഭിപ്രായങ്ങളും പറഞ്ഞിരുന്ന അബിക്ക ഇന്ന് മുതല്‍ ഒരു ഓര്‍മയാണെന്ന് ചിന്തിക്കാന്‍ മനസ്സ് അനുവദിക്കുന്നില്ല. മിമിക്രി രംഗത്തെ കിരീടം വയ്ക്കാത്ത രാജാവിന് ആദരാഞ്ജലികള്‍.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ