രാമലീലയ്ക്ക് പിന്തുണ, മഞ്ജു വാര്യരുടെ കുറിപ്പ് വായിക്കാം

Published : Sep 23, 2017, 01:36 PM ISTUpdated : Oct 04, 2018, 04:41 PM IST
രാമലീലയ്ക്ക് പിന്തുണ, മഞ്ജു വാര്യരുടെ കുറിപ്പ് വായിക്കാം

Synopsis

മഞ്ജു വാര്യരും ദിലീപും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമകള്‍‌ ഒരേദിവസം തീയേറ്ററിലെത്തുകയാണ്. മഞ്ജു വാര്യര്‍ നായികയാകുന്ന ഉദാഹരണം സുജാതയും ദിലീപിന്റെ രാമലീലയും. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായ സംഭവത്തെ തുടര്‍ന്ന് രാമലീല ബഹിഷ്കരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. എന്നാല്‍ ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍. ഫേസ്ബുക്കിലൂടെയാണ് മഞ്ജു വാര്യരുടെ പ്രതികരണം.

മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്
ഇത് ഒരു ഉദാഹരണമാകരുത്

'ഉദാഹരണം സുജാത' ഈ മാസം 28ന് തീയറ്ററുകളിലെത്തുകയാണ്. ഏറെ ആസ്വദിച്ചു ചെയ്ത സിനിമയാണിത്. സുജാതയായിരുന്ന ഓരോ നിമിഷവും ഓരോ അനുഭവമായിരുന്നു. അവളെ നിങ്ങള്‍ക്കും ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു. ചാര്‍ലിക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജുജോര്‍ജും ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം ഫാന്റം പ്രവീണാണ്. ചിത്രീകരണത്തില്‍ ഞങ്ങള്‍ക്കൊപ്പം നിന്ന തിരുവനന്തപുരത്തിന് പ്രത്യേകിച്ച് ചെങ്കല്‍ച്ചൂള നിവാസികള്‍ക്ക് ഹൃദയംനിറഞ്ഞ നന്ദി. സുജാതയ്ക്ക് തൊട്ടുകാണിക്കാന്‍ സ്‌നേഹത്തിന്റെ ഉദാഹരണങ്ങളൊരുപാട് തന്നു,നിങ്ങള്‍. കോട്ടണ്‍ഹില്‍സ്‌കൂളിലെയും അട്ടക്കുളങ്ങര സ്‌കൂളിലെയും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സഹകരണവും എടുത്തുപറയേണ്ടതാണ്. എല്ലാവരെയും ഓര്‍ക്കുന്നു...സുജാത പ്രേക്ഷകരുടെയും പ്രിയപ്പെട്ടവളായി മാറുമെന്നാണ് പ്രതീക്ഷ.

'ഉദാഹരണം സുജാത'യ്‌ക്കൊപ്പം റിലീസ് ചെയ്യുന്ന മറ്റൊരു ചിത്രമാണ് 'രാമലീല'. ഈ സിനിമ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം പലയിടത്തുനിന്നും ഉയരുന്നുണ്ട്. തീയറ്റര്‍ കത്തിക്കണമെന്ന ആക്രോശത്തില്‍വരെയെത്തി അത്. പക്ഷേ ആ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് പറയട്ടെ. വ്യക്തിപരമായ വിയോജിപ്പുകളും എതിര്‍പ്പുകളും കാണിക്കേണ്ടത് സിനിമയോടല്ല. ഒരു സിനിമയും ഒരാളുടേത് മാത്രമല്ല. സിനിമ ഒരാളല്ല,ഒരുപാടുപേരാണ്. അവര്‍ അതില്‍ നിക്ഷേപിക്കുന്നത് പണമോ അധ്വാനമോ സര്‍ഗ്ഗവൈഭവമോ മാത്രമല്ല. പ്രതിഫലം വാങ്ങി പിരിയുന്നതോടെ തീരുന്നതല്ല ആ ബന്ധം. സിനിമ നന്നായി വിജയിക്കുമ്പോഴും അത് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു എന്നറിയുമ്പോഴുമാണ് അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ യഥാര്‍ഥത്തില്‍ ആനന്ദിക്കുന്നത്. അത് പണത്തേക്കാള്‍ വലുതാണ് താനും. അതിനുവേണ്ടിയാണ് അവര്‍ രാപകലില്ലാതെ പ്രയത്‌നിക്കുന്നതും. സിനിമയെന്നത് അനേകം കുടുംബങ്ങളുടെ ആശ്രയമായ വ്യവസായമാണ്. ഒരുപാടുപേരുടെ അന്നവും മരുന്നും പാഠപുസ്തകവുമെല്ലാമാണ്. സിനിമയെ തീയറ്ററുകളില്‍നിന്ന് അകറ്റിയാല്‍ ഈ വ്യവസായത്തില്‍ നിക്ഷേപിക്കാന്‍ നിര്‍മാതാക്കളുണ്ടാകില്ല. അതോടെ തകരുന്നത് ഒട്ടേറെ കുടുംബങ്ങളും സ്വപ്നങ്ങളുമാണ്. അത് സംഭവിച്ചുകൂടാ. 'രാമലീല', ടോമിച്ചന്‍മുളകുപാടം എന്ന നിര്‍മാതാവിന്റെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ്. അതുപോലെ വര്‍ഷങ്ങളായി സിനിമയെ മാത്രം മനസ്സിലിട്ടുനടക്കുന്ന അരുണ്‍ഗോപി എന്ന നവാഗതസംവിധായകന്റേതുകൂടിയാണ്. അതിലെ അഭിനേതാക്കളുടെ മുഖങ്ങള്‍ക്ക് നേരെ പ്രകാശം പ്രതിഫലിപ്പിച്ച, അവര്‍ക്കായി വച്ചുവിളമ്പിയ ക്രഡിറ്റ് കാര്‍ഡില്‍പോലും പേരുവരാത്തവരുടേയുമാണ്. സിനിമ തീയറ്ററിലെത്തിക്കാനും അത് പ്രേക്ഷകന്‍ കാണണമെന്ന് ആഗ്രഹിക്കാനും ഇവര്‍ക്കെല്ലാം അവകാശമുണ്ട്. അതിനെ നിഷേധിക്കാന്‍ നമുക്ക് അധികാരമില്ല. അങ്ങനെ ചെയ്താല്‍ അത് സിനിമയോട് ചെയ്യുന്ന അനീതിയാണ്. നാളെ,കാലം നമുക്ക് മാപ്പുതരില്ല. 'രാമലീല' പ്രേക്ഷകര്‍ കാണട്ടെ...കാഴ്ചയുടെ നീതി പുലരട്ടെ..

 

 

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

കണ്ണിമ ചിമ്മാതെ വീക്ഷിക്കൂ..; 'വലതുവശത്തെ കള്ളൻ' പുത്തൻ അപ്ഡേറ്റ് പുറത്ത്, റിലീസ് ജനുവരി 30ന്
ഭീമനായി 'ലാലേട്ടൻ' മതിയെന്ന് ഒരുവശം, ഋഷഭ് കലക്കുമെന്ന് മറുവശം; 'രണ്ടാമൂഴ'ത്തിൽ ചേരി തിരിഞ്ഞ് സോഷ്യൽ മീഡിയ